വ്യാജനമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സ്‌കൂട്ടര്‍ ഓടിച്ചയാള്‍ കുടുങ്ങി

കൊച്ചി-മറ്റൊരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിച്ചിരുന്നയാള്‍ പിടിയില്‍. ആലുവ നേതാജി റോഡില്‍ വാടകക്കു താമസിക്കുന്ന ഞാറക്കല്‍ തേലപ്പിള്ളി സാബു (53) നെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. പിഴ അടയ്ക്കാനുള്ള മെസേജ് ചെന്നത് മുഹ് യുദ്ദീന്‍ എന്നയാള്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ സ്‌ക്കൂട്ടറിന്റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സാബുവിന്റെ തട്ടിപ്പ് പൊളിഞ്ഞത്. സുഹൃത്ത് കോയമ്പത്തൂരിലേക്ക് പോകാന്‍ നേരത്ത് ഏല്‍പ്പിച്ചതായിരുന്നു ബൈക്ക് എന്നാണ് പിടികൂടും എന്നായപ്പോള്‍ ഇയാള്‍ പറഞ്ഞത്. വീട് അന്വേഷിച്ചെത്തിയ പോലീസിനോട് മറ്റൊരു വീട് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനും ഇയാള്‍ ശ്രമം നടത്തി. 2017 ല്‍ ആണ് സാബു ബൈക്ക് വാങ്ങിയത്. അന്നു മുതല്‍ ഈ നമ്പറാണ് ഇയാള്‍ ഉപയോഗിച്ചുവരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എല്‍.അനില്‍കുമാര്‍, എസ്.ഐ മുഹ്സീന്‍ മുഹമ്മദ്, എ.എസ്.ഐമാരായ ജി.എസ്.അരുണ്‍,  എ.കെ.സന്തോഷ് കുമാര്‍,  സി.പി.ഒ മാരായ എന്‍.എ.മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News