ദിലീപിന് അനുകൂലമായി സുപ്രീം കോടതി; നടിയെ ആക്രിച്ച കേസിന് അവസാനം വേണം

ന്യൂദല്‍ഹി- നടിയെ ആക്രമിച്ച കേസിന് പരിസമാപ്തി അനിവാര്യമാണെന്ന് സുപ്രീംകോടതി. വിസ്തരിച്ചു കഴിഞ്ഞവരെ ആവര്‍ത്തിച്ചു വിസ്തരിച്ച് പുനര്‍വിചാരണ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ 41 പേരെക്കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിലെ നിലപാട് രേഖാമൂലം രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ സുപ്രീം കോടതി നടന്‍ ദിലീപിനോട് നിര്‍ദേശിച്ചു.
കേസിന്റെ വിചാരണ കഴിവതും ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയോട് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജനുവരി 19-ന് 41 പേരെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതി ജഡ്ജിക്ക് കത്ത് നല്‍കിയതായി ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ പലരെയും ഒരിക്കല്‍ വിസ്തരിച്ചതാണ്. പലരെയും വീണ്ടും വിസ്തരിക്കുന്നത് എന്തിനാണെന്ന് കോടതിയോട് പോലും പറഞ്ഞിട്ടില്ലെന്നും റോഹ്ത്തഗി ആരോപിച്ചു. തുടര്‍ന്നാണ്  കേസില്‍ പുനര്‍വിചാരണ നടത്താന്‍ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
വിസ്താരത്തിന് പ്രോസിക്യൂഷന്‍ എടുക്കുന്ന സമയത്തിന്റെ ഇരട്ടിയാണ് ദിലീപിന്റെ അഭിഭാഷകര്‍ എതിര്‍ വിസ്താരത്തിന് എടുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിംഗ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഒരു സാക്ഷിയുടെ വിസ്താരത്തിന് വിചാരണ കോടതി ജഡ്ജി തിരുവനന്തപുരത്ത് പോകാമെന്ന് അറിയിച്ചിട്ടും ഹൈക്കോടതി അത് വിലക്കിയതായി റോഹ്ത്തഗി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ അതിനുതകുന്ന കാരണങ്ങളുണ്ടാകുമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. കേസില്‍ ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് ഫെബ്രുവരി 17-ലേക്ക് മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News