വൈപ്പിൻ കർത്തേടം കല്ലുവീട്ടിൽ ആന്റണി (46) യുടെ മരണം അങ്ങനെ കേരളത്തിന്റെ നീതി ന്യായനാൾ വഴിയിൽ ഇടംപിടിക്കാൻ പോകുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടപെട്ടതും സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയതും. ഇനി ഒരു ജീവനും ഇത്തരത്തിൽ നഷ്ടപ്പെടരുതെന്ന് ഉറപ്പിച്ചു പറഞ്ഞ ജസ്റ്റിസ് എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി.സി.പിയോട് മുഖാമുഖം ചോദിക്കുകയായിരുന്നു.
കോടതികളും ന്യായാധിപമന്മാരും അന്യായങ്ങളുടെ പേരിൽ പഴി കേൾക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന കാലത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. അയ്യെ ഇതായിരുന്നു ഈ ജഡ്ജി അല്ലേ എന്ന് ആളുകൾ മുൻ ന്യായാധിപന്മാരെ നോക്കി നെറ്റി ചുളിക്കുന്ന നാളുകൾ. ഈ പറഞ്ഞ വിഷമസന്ധിയിലും കേരള ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് രാമചന്ദ്രനിലൂടെയും മറ്റും പുറത്ത് വരുന്ന ചില വിധികളും ഇടപെടലുകളും ആശ്വാസം പകരുന്നവയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണറെ ഹൈക്കോടതി വിളിച്ചുവരുത്തിയ സംഭവം എടുത്തു പറയയേണ്ട നീതിന്യായ ഇടപെടലാണ്. എറണാകുളം മാധവ ഫാർമസി ജങ്ഷനിൽ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്താണ് ഡി.സി.പിയെ കോടതി വിളിച്ചുവരുത്തിയത്. വൈപ്പിൻ കർത്തേടം കല്ലുവീട്ടിൽ ആന്റണി (46) യുടെ മരണം അങ്ങനെ കേരളത്തിന്റെ നീതി ന്യായനാൾ വഴിയിൽ ഇടം പിടിക്കാൻ പോകുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടപെട്ടതും സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയതും.
ഇനി ഒരു ജീവനും ഇത്തരത്തിൽ നഷ്ടപ്പെടരുതെന്ന് ഉറപ്പിച്ചു പറഞ്ഞ ജസ്റ്റിസ് എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി.സി.പിയോട് മുഖാമുഖം ചോദിക്കുകയായിരുന്നു. കോടതിയുടെ നിരവധി ഉത്തരവുകൾ ഈ വിഷയത്തിൽ ഉണ്ടായ കാര്യം എടുത്തു പറഞ്ഞ ജസ്റ്റിസ് രാമചന്ദ്രൻ എന്തുകൊണ്ടാണ് നടപടികൾ ഫലപ്രദമാകാത്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിലൂടെ സംവിധാനത്തോട് ചോദിച്ചു. ഡ്രൈവർമാർക്ക് അപകടങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യമാകുന്നില്ലെന്ന് കോടതി ശരിയാംവണ്ണം വിലയിരുത്തി. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കാൽനടക്കാർക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. വാഹനങ്ങൾക്ക് റോഡിൽ അവസാന പരിഗണനയാണ് നൽകേണ്ടതെന്ന കോടതിയുടെ നിർദേശം ആരും അത്ര കണ്ട് ശ്രദ്ധിക്കാത്ത നിയമ വശമാണ് ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. റോഡുകൾ വാഹനങ്ങൾക്ക് മാത്രമുള്ളതാണെന്ന ധാരണയിലാണ് എല്ലാ വാഹനക്കാരും നിരത്തുകളിൽ പെരുമാറി വരുന്നത്. മനസ്സിനെ അലട്ടുന്ന തരത്തിലാണ് നിലവിൽ റോഡപകടങ്ങളുടെ അവസ്ഥയെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അപകടങ്ങൾ നമ്മുടെ റോഡ് സുരക്ഷ സംവിധാനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്. സിറ്റിക്കകത്ത് ഹോൺ അടിക്കാതെ വളരെ സ്പീഡ് കുറച്ച് വാഹനങ്ങൾ ഓടിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാതെ തുടരുന്ന നിയമ ലംഘനങ്ങൾ എത്ര നാൾ നോക്കിനിൽക്കാനാകുമെന്ന ചോദ്യവും കോടതി ഉന്നയിച്ചിട്ടുണ്ട്. ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ഇനി ബന്ധപ്പെട്ടവർ ഉത്തരം പറയേണ്ടിവരും. ഓവർടേക്കിങ് പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷൻ ഓഫ് പോലീസ് കോടതിയെ ബോധിപ്പിച്ചിരിക്കയാണ്. ഓവർടേക്കിങിനെതിരെ നടപടി സ്വീകരിച്ചാൽ ബസ് യൂനിയനുകൾ സമരം തുടങ്ങുമെന്നാണ് ഡി.സി.പി കോടതിയെ അറിയിച്ചത്. യൂനിയനുകളുടെ തമ്പുരാൻ കാലം ഇനിയും കഴിഞ്ഞില്ലെന്നാണോ?
അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാൻ സ്വകാര്യ ബസുകളിൽ ഹെൽപ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നതു പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കുവാൻ ട്രാഫിക് ഉദ്യോഗസ്ഥർക്കു പൂർണ പിന്തുണയുണ്ടെന്ന കോടതിയുടെ പ്രഖ്യാപനം ഉദ്യോഗസ്ഥർക്ക് ആവേശം പകരുന്നതാണ്. വിഷയം ഹൈക്കോടതി 23 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
എത്രയൊക്കെ ശ്രമിച്ചിട്ടും കേരളത്തിൽ റോഡപകടങ്ങൾക്ക് തെല്ലും കുറവ് വരാത്ത സാഹചര്യത്തിൽ കോടതിയുടെ കർശന ഇടപെടൽ പ്രതീക്ഷയോടെ കേരളം നോക്കിക്കാണുന്നു. ആറു വർഷത്തിനിടെ കേരളത്തിൽ റോഡപകടങ്ങളിൽ മരിച്ചത് 23,512 പേരാണെന്ന കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ദിവസവും പതിനഞ്ച് വരെ ജീവനാണ് റോഡുകളിൽ പൊലിയുന്നത്. മോട്ടോർ വാഹന വകുപ്പ് 2020 ൽ സേഫ് കേരള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 127 കോടി ഇതിനായി ചെലവഴിച്ചു. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ റോഡുകളിലാകെ ക്യാമറ വെക്കാൻ മാത്രം 11 വർഷത്തിനിടെ ചെലവായത് 250 കോടിയിലേറെയെന്ന് മാധ്യമ വാർത്തകൾ പറയുന്നു. റോഡപകടങ്ങൾക്ക് മാത്രം ഒരു കുറവും ഉണ്ടായില്ല. കുറഞ്ഞത് കോവിഡ് കാലത്ത് മനുഷ്യർ റോഡിലിറങ്ങാതായ കാലത്തു മാത്രം. കോവിഡ് കാലത്തെ നിരത്തുകളെപ്പറ്റി മന്ത്രി മുഹമ്മദ് റിയാസ് ചമൽക്കാരത്തോടെ പറഞ്ഞത് ആഹ്ലാദം കൊണ്ട് പൊട്ടിച്ചിരിക്കുന്ന റോഡുകൾ എന്നായിരുന്നു. റോഡുകൾക്ക് അങ്ങനെ പൊട്ടിച്ചിരിക്കാനുള്ള അവസരം അധിക കാലം നീണ്ടില്ല -കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സ്ഥിതിക്ക് നന്ദി.
റോഡിൽ ഇനിയൊരു മരണം ഉണ്ടാകരുത് എന്നാണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞത്. കോടതിയിൽ ഹാജരായി തിരിച്ചിറങ്ങിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നടപ്പാക്കാൻ സാധ്യതയുള്ള കാര്യങ്ങളെപ്പറ്റി ആത്മവിശ്വാസത്തോടെയായിരുന്നു സംസാരിച്ചത്. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനുള്ള സംവിധാനം അടുത്ത ദിവസങ്ങളിൽ ഉരുത്തിരിഞ്ഞു വരുമെന്ന് കരുതുക- എല്ലാ സംഭവങ്ങളും സി.സി.ടി.വിയിൽ പതിയുന്ന കേരളമാണ് നാട്, ജസ്റ്റിസ് രാമചന്ദ്രനാണ് ജഡ്ജി -അതാണ് ജനങ്ങളുടെ വലിയ പ്രതീക്ഷ.






