2025 ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നും അതിനനുസരിച്ച് ഭരണഘടനക്കു രൂപം കൊടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചിരിക്കുന്നവരെ സംബന്ധിച്ച് 2024 തെരഞ്ഞെടുപ്പ് അതീവ പ്രധാനമാണ്. അതിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുക എന്നത് അവരെ സംബന്ധിച്ച് ജീവന്മരണ പ്രശ്‌നമാണ്. അതുപോലും തിരിച്ചറിയാനാവാത്തവർ അരാഷ്ട്രീയവാദികളോ സംഘപരിവാർ തന്നെയോ അല്ലെങ്കിൽ സമീപകാലത്തു സജീവമായ ക്രിസംഘികളോ അതുമല്ലെങ്കിൽ ഇസ്‌ലാമോഫോബിക്കുകളോ ആയിരിക്കും.
രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും സജീവമാവുകയാണ്. ഇന്ത്യൻ രാഷ്ട്രീയം കൃത്യമായി നിരീക്ഷിക്കുന്ന ആർക്കും അതിൽ അത്ഭുതം കാണില്ല, കാരണം ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമാകുന്നു എന്നതു തന്നെ. ഗാന്ധി വധത്തിനു ശേഷം ഏറെ കാലത്തേക്ക് മുഖ്യധാര രാഷ്ട്രീയ രംഗത്ത് ഏറെക്കുറെ അദൃശ്യരായ സംഘപരിവാർ ശക്തികൾ, അടിയന്തരാവസ്ഥക്കാലത്തു വീണുകിട്ടിയ സുവർണാവസരം ഉപയോഗിച്ചതും പിന്നീട് പടിപടിയായുള്ള പ്രവർത്തനത്തിലൂടെ ഇന്നത്തെ അവസ്ഥയിലെത്തുകയും ചെയ്ത ചരിത്രം നമ്മുടെയയെല്ലാം മുന്നിലുണ്ടല്ലോ. ഇക്കാലഘട്ടങ്ങളിലെല്ലാം അധികാരത്തിലെത്താൻ അവരുപയോഗിച്ച തന്ത്രം എക്കാലത്തും ഫാസിസ്റ്റുകൾ ഉപയോഗിക്കുന്നതു തന്നെ. ഒരു വിഭാഗത്തെ ശത്രുക്കളായി പ്രഖ്യാപിച്ച്, മതവികാരവും ദേശീയ വികാരവുമൊക്കെ കെട്ടഴിച്ചുവിടുക എന്നതു തന്നെ. ഇന്ത്യയിലെ സാഹചര്യത്തിൽ അത് പ്രധാനമായും മുസ്‌ലിം വിഭാഗമാണെന്നത് വ്യക്തമാണ്. അത്തരം വികാരങ്ങൾക്കു മുന്നിൽ ജനാധിപത്യ - മതേതര മൂല്യങ്ങളെ മറികടക്കാനവർക്കാകുന്നു. ലോകത്തു തന്നെ പല ഫാസിസ്റ്റുകളും അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലൂടെ തന്നെയാണല്ലോ. ബാബ്‌രി മസ്ജിദ്, മുംബൈ - ഗുജറാത്ത് - മുസാഫർ നഗർ - കാണ്ടമാൽ വംശീയ ഹത്യകൾ, ബീഫ് - ശ്രീറാം വിളിയുടെ പേരിലുള്ള കൊലകൾ, എഴുത്തുകാരെയും ചിന്തകരെയും ആക്ടിവിസ്റ്റുകളെയും വധിക്കുകയും കള്ളക്കേസുകളിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി തുറുങ്കിലടക്കൽ, മുത്തലാഖ് നിയമം, കശ്മീരിന്റെ പദവി റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, സവർണ സംവരണം തുടങ്ങിയ നടപടികളെല്ലാം അതിന്റെ ഭാഗമായിരുന്നു. അതിനെയെല്ലാം വോട്ടാക്കി മാറ്റാനവർക്കായി. അതിന്റെ തുടർച്ചയായി വേണം ഇപ്പോഴത്തെ ഏകീകൃത സിവിൽ നിയമ വിവാദത്തെയും നോക്കിക്കാണാൻ. അതു മാത്രമല്ല, മതപരിവർത്തനം തടയുന്ന നിയമവും രംഗത്തു വന്നിട്ടുണ്ടല്ലോ. കോവിഡ് കാലത്ത് നിർത്തിവെച്ച പൗരത്വ ഭേദഗതിയുമായി മുന്നോട്ടു പോകുമെന്നും വാർത്തയുണ്ട്.
ശരിയാണ്, ഇന്ത്യൻ ഭരണഘടയിലെ നിർദേശക തത്വങ്ങളിലെ 44 ാം വകുപ്പിൽ ഏകീകൃത സിവിൽ നിയമം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് പറയുന്നുണ്ട്. അതാകട്ടെ, മറ്റു പല നിർദേശക തത്വങ്ങളെയും പോലെ കർക്കശമായല്ല, ഒഴുക്കൻ മട്ടിലാണ് പറയുന്നത്. അതിനു കൃത്യമായ കാരണമുണ്ടായിരുന്നു. ഇന്ത്യ മുന്നോട്ടുവെക്കുന്ന മതേതര നിലപാടിനു വിരുദ്ധമാകും ഏകീകൃത സിവിൽ നിയമമെന്ന അഭിപ്രായം തന്നെയായിരുന്നു പ്രധാനം. ഇന്ത്യൻ മതേതരത്വം മതവിരുദ്ധമല്ല, ആർക്കും അവരവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശവും എല്ലാ മതങ്ങൾക്കും തുല്യ പദവിയും അതിന്റെ നട്ടെല്ലാണ്. സിവിൽ നിയമങ്ങൾ ക്രിമിനൽ നിയമങ്ങളെ പോലെയല്ലല്ലോ. അത് മതവിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. അപ്പോൾ മുകളിൽ നിന്നു അടിച്ചേൽപിക്കുന്ന ഏകീകൃത സിവിൽ നിയമം നമ്മുടെ മതേതര സങ്കൽപത്തിന്റെ കടയ്ക്കൽ തന്നെയാണ് കത്തിവെക്കുക. അപ്പോഴും ഒരു വിഭാഗം അന്നു തന്നെ ഇതിനായി വാദിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഒരു ഒത്തുതീർപ്പെന്ന രീതിയിലാണ് ശ്രമിക്കണം എന്ന വാചകം നിർദേശക തത്വങ്ങളിൽ വന്നത്.
ഈ ഭൂമിയിലെ എന്തും, നിയമമായാലും മറ്റെന്തായാലും, കാലവും സ്ഥലവുമൊക്കെയായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവ കൂടി പരിഗണിച്ചേ ഒരു വിഷയം പ്രസക്തമോ അപ്രസക്തമോ എന്നു പറയാനാകൂ. ഇന്ത്യൻ ഭരണഘടന അറബിക്കടലിൽ എന്ന് ഒരു കാലത്തു മുദ്രാവാക്യം വിളിച്ചിരുന്ന ഈ ലേഖകനടക്കമുള്ളവർ ഇപ്പോൾ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോല സംരക്ഷിക്കണമെന്നു പറയുന്നതും ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കുമെന്നു ഘോരഘോരം മുദ്രാവാക്യം വിളിച്ചതു മാറ്റി ത്രിവർണ പതാക പറന്നാൽ മതിയെന്നു പറയുന്നതും കുടുംബാധിപത്യം തകരണമെന്ന നിലപാട് മാറ്റി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നതുമൊക്കെ അങ്ങനെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു മതേതര ജനാധിപത്യ വാദിക്ക് എങ്ങനെയാണ് ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കാനാവുക എന്നത് അത്ഭുതകരമായി തോന്നുന്നു. 2025 ൽ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുമെന്നും അതിനനുസരിച്ച് ഭരണഘടനക്കു രൂപം കൊടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചിരിക്കുന്നവരെ സംബന്ധിച്ച് 2024 തെരഞ്ഞെടുപ്പ് അതീവ പ്രധാനമാണ്. അതിൽ വൻഭൂരിപക്ഷത്തോടെ വിജയിക്കുക എന്നത് അവരെ സംബന്ധിച്ച് ജീവന്മരണ പ്രശ്‌നമാണ്. അതുപോലും തിരിച്ചറിയാനാവാത്തവർ അരാഷ്ട്രീയവാദികളോ സംഘപരിവാർ തന്നെയോ അല്ലെങ്കിൽ സമീപകാലത്തു സജീവമായ ക്രിസംഘികളോ അതുമല്ലെങ്കിൽ ഇസ്‌ലാമോഫോബിക്കുകളോ ആയിരിക്കും. ഫാസിസത്തോട് കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ഒരാൾക്കും ഏകീകൃത സവിൽ കോഡ് നീക്കത്തെ പിന്തുണയ്ക്കാനാവില്ല. അല്ലെങ്കിലും മതരാഷ്ട്രം സ്ഥാപിക്കാൻ കച്ചകെട്ടിയിറങ്ങിയവരിൽ നിന്ന് എങ്ങനെയാണ് മതേതര സിവിൽ കോഡ് പ്രതീക്ഷിക്കുന്നത്? അത് അവരുടെ താൽപര്യത്തിനനുസരിച്ച കോഡായിരിക്കുമെന്ന് മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധം പോലും ആവശ്യമുണ്ടോ?
ഏതെങ്കിലും വിശ്വാസം വ്യക്തികളുടെ മനുഷ്യാവകാശങ്ങളുടെ നിഷേധമാണെങ്കിൽ, മനുഷ്യാവകാശങ്ങൾക്കൊപ്പം നിൽക്കാനേ ജനാധിപത്യ വാദികൾക്കാവൂ. ശബരിമല വിവാദത്തിൽ വിശ്വാസം സ്ത്രീകൾക്കെതിരായ അയിത്തമായി മാറുമ്പോൾ അതിനെതിരായ നിലപാടെടുക്കുന്നതാണ് ജനാധിപത്യം. ഇവിടെയും ആ വിഷയം ഉയർന്നു വരുന്നുണ്ട്. എല്ലാ വ്യക്ത ിനിയമങ്ങളിലും സ്ത്രീവിരുദ്ധമായ ഉള്ളടക്കങ്ങളുണ്ട്. 1950 കളിൽ തന്നെ ഹിന്ദു വ്യക്തി നിയമത്തിൽ ക്രോഡീകരണവും പരിഷ്‌കരണവും നടന്നപ്പോൾ അതേറെ കുറഞ്ഞു. മേരിറോയുടെ ചരിത്രപരമായ പോരാട്ടത്തെ തുടർന്ന് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും ഗുണാത്മകമായ കുറെ മാറ്റങ്ങളുണ്ടായി.
അതേസമയം ഇവിടെ ഓർക്കേണ്ടുന്ന വസ്തുത ഹിന്ദുത്വ ഫാസിസം ഇത്രമാത്രം രൂക്ഷമല്ലാതിരുന്ന കാലത്തു പോലും ഹിന്ദു - ക്രിസ്ത്യൻ വ്യക്തി നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ ഏകീകൃത സിവിൽ കോഡ് എന്ന ആശയം അതിശക്തമായി ഉയർന്നിട്ടില്ല എന്നതാണ്. നടന്നത് വ്യക്തിനിയമ പരിഷ്‌കാരങ്ങളായിരുന്നു. അതിനെതിരായും എതിർപ്പുകളുയർന്നു എന്നത് ശരിയാണ്. മേരിറോയുടേ കേസിന്റെ കാലഘട്ടത്തിൽ അതേറെ കണ്ടതാണ്. ഷബാനു കേസിന്റെ കാലത്തും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. എങ്കിലും ഹിന്ദു - ക്രിസ്ത്യൻ വിഭാഗങ്ങളിൽ കുറെ മാറ്റങ്ങളുണ്ടായി. പലപ്പോഴും അവ ലംഘിക്കപ്പെടുന്നുണ്ട്. മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ വ്യക്തി നിയമങ്ങൾ ഒരുപോലെയല്ല. എന്തിനു വ്യക്തി നിയമങ്ങൾ, മറ്റു നിയമങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്.
ഈ വിഷയത്തിൽ സ്ത്രീകളുടെ അഭിപ്രായത്തിനാണ് മുൻഗണന കൊടുക്കേണ്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മുസ്‌ലിം വുമൺ ഫോർ ജെൻഡർ ജസ്റ്റിസ് എന്ന സംഘടന നടത്തിയ കൺവെൻഷനിൽ ഈ വിഷയം അതിശക്തമായി ഉന്നയിക്കുകയുണ്ടായി. അതേസമയം അവരും ഏകീകൃത സിവിൽ കോഡ് ആവശ്യം ഉന്നയിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.






