Sorry, you need to enable JavaScript to visit this website.

നോട്ടുകളിൽ സവർക്കറുടെ ചിത്രം വേണമെന്ന് 

ന്യൂദൽഹി - രാജ്യത്തെ കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രത്തിനു പകരം സവർക്കറുടെ ചിത്രം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ കേന്ദ്ര സർക്കാരിനു മുന്നിൽ. ഇതിനു പുറമെ, സവർക്കർക്കു ഭാരതരത്‌ന കൊടുക്കണമെന്നും ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. 
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച സവർക്കറുടെ ചിത്രം നോട്ടിൽ ഉൾപ്പെടുത്തി വേണ്ട ആദരവ് നൽകണമെന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. ഹിന്ദുത്വ: ആരാണ് ഹിന്ദു എന്ന തന്റെ കൃതിയിലൂടെ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്ക് രൂപം നൽകിയ വ്യക്തിയായിരുന്നു സവർക്കർ. 
ഉത്തർപ്രദേശിലെ ഫൈസാബാദിൽ നടന്ന പരിപാടിക്കിടെയാണ് ഹിന്ദു മഹാസഭ നോട്ടിൽ സവർക്കറുടെ ചിത്രം, ഭാരത രത്‌ന എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചത്. ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഹിന്ദു മഹാസഭ ദേശീയ വക്താവ് മനീഷ് പാണ്ഡേ ഇന്ത്യക്ക് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടാൻ സവർക്കർ നിർണായക പങ്കാണ് വഹിച്ചതെന്ന് അവകാശപ്പെട്ടു. ഇന്നത്തെ യുവതലമുറയെ മുന്നോട്ടു നയിക്കുന്നത് തന്നെ സവർക്കറുടെ ആശയങ്ങളാണെന്നും പാണ്ഡേ പറഞ്ഞു. 
സ്വാതന്ത്ര്യാനന്തര കാലം ഇന്ത്യയിൽ വന്നിട്ടുള്ള സർക്കാരുകൾ ഒന്നും തന്നെ സവർക്കർക്കു വേണ്ട ആദരവോ അംഗീകാരമോ നൽകിയിട്ടില്ല. 
സവർക്കറെ യഥാർഥത്തിൽ രാഷ്ട്രപിതാവായി തന്നെ കാണേണ്ടതാണെന്നും അദ്ദേഹത്തിന് ഉടൻ ഭാരത രത്‌ന നൽകണമെന്നുമാണ് പാണ്ഡേ പറഞ്ഞത്. 

Latest News