സൗദിയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി സ്‌കൂൾ, തൊഴിൽ സമയങ്ങൾ മാറ്റണമെന്ന് ആവശ്യം

റിയാദ്- നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സ്‌കൂൾ, തൊഴിൽ സമയങ്ങളിൽ മാറ്റം വരുത്തണമെന്നും കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ പൊതുഗതാഗതം ഉപയോഗിക്കണമെന്നും ആവശ്യമുയർന്നു. ഗതാഗതക്കുരുക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ദി നാഷണൽ സെന്റർ ഫോർ പബ്ലിക് ഒപീനിയൻ പോൾസ് സംഘടിപ്പിച്ച അഭിപ്രായ സർവേയിലാണ് ഈ ആവശ്യങ്ങളുയർന്നത്.
തൊഴിൽ ആരംഭ സമയവും സ്‌കൂൾ അധ്യയന സമയവും മാറ്റം വരുത്തണമെന്ന് 29 ശതമാനം പേർ ആവശ്യപ്പെട്ടു. വൻകിട കമ്പനികൾ അവരുടെ ജീവനക്കാർക്ക് ഒന്നിച്ചുള്ള പ്രത്യേക യാത്ര സൗകര്യം ഒരുക്കണമെന്ന് മറ്റൊരു 29 ശതമാനം പേർ ആവശ്യപ്പെട്ടു. 12 ശതമാനം പേർ നാലു ദിവസമായി ഡ്യൂട്ടി സമയം ചുരുക്കണമെന്നും ആവശ്യപ്പെട്ടു. നഗരങ്ങളിൽ പാതിരാത്രിക്ക് ശേഷം മാത്രം ട്രക്കുകൾക്ക് പ്രവേശനം അനുവദിച്ചാൽ മതിയെന്ന് 14 ശതമാനം പേരും ട്രാഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായാൽ ഗതാഗതക്കുരുക്ക് കുറക്കാമെന്ന് ഏഴ് ശതമാനം പേരും അഭിപ്രായപ്പെട്ടു. പൊതുഗതാഗത സർവീസുകൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് 23 ശതമാനം പേരാണ് ആവശ്യപ്പെട്ടത്. റോഡുകൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് ഒരു ശതമാനം പേരും ആവശ്യപ്പെട്ടു.
സ്‌കൂളിലേക്കും തൊഴിലിടത്തിലേക്കും 10 മുതൽ 15 മിനിട്ടിനുള്ളിൽ എത്തുന്നവർ 24 ശതമാനമാണ്. 15 മുതൽ 30 മിനിട്ടിനുള്ളിൽ എത്തുന്നവർ 32 ശതമാനവും 31 മുതൽ 45 മിനിട്ടിനുള്ളിൽ എത്തുന്നവർ 22 ശതമാനവും 45 മുതൽ 60 മിനിട്ടിനുള്ളിൽ എത്തുന്നവർ 14 ശതമാനവും ഒരു മണിക്കൂറിന് മുകളിലുളളവർ എട്ട് ശതമാനവുമാണ്.
എക്‌സിറ്റിലും എൻട്രിയിലുമുള്ള ഓവർടേക്കാണ് ഡ്രൈവിംഗിൽ ഏറ്റവുമധികം അലോസരപ്പെടുത്തുന്നതെന്ന് 44 ശതമാനം പേർ സമ്മതിച്ചു. ഇടക്കിടെയുള്ള ട്രാക്ക് മാറ്റം ഏറ്റവും മോശം പെരുമാറ്റമാണെന്ന് 33 ശതമാനം പേരും അഭിപ്രായപ്പെട്ടു. സുരക്ഷിതമായ അകലം പാലിക്കാത്തതാണ് 13 ശതമാനം പേർക്ക് പ്രശ്‌നം.

Tags

Latest News