Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാടകയുടെ പേരില്‍ വിദേശികള്‍ക്ക് നിയമക്കുരുക്ക്

റിയാദ്- വീട്ടുവാടക കൃത്യസമയത്ത് അടയ്ക്കാത്തതിനാല്‍ നിയമക്കുരുക്കില്‍ പെടുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചു. വാടക കരാര്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചതിന് ശേഷം നിശ്ചിത സംഖ്യ അടയ്ക്കാന്‍ വൈകുന്നത് കാരണമാണ് പലര്‍ക്കും കോടതി നടപടികള്‍ നേരിടേണ്ടിവരുന്നത്.
നഗരഗ്രാമ മന്ത്രാലയത്തിന്റെ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി വാടകക്കരാര്‍ വ്യക്തികളുടെ അബ്ശിര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചത് സംബന്ധിച്ച അജ്ഞതയാണ് പലരെയും നിയമക്കുരുക്കിലെത്തിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ വാടക കരാറുകളും ഈജാര്‍ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലവില്‍ വന്നത് മൂന്നു വര്‍ഷം മുമ്പാണ്. വാടക നല്‍കുന്നവന്റെയും കെട്ടിട ഉടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് മന്ത്രാലയം ഈ പദ്ധതി നടപ്പാക്കിയത്. രാജ്യത്തെ ഭൂരിപക്ഷം വാടക കരാറുകളും ഈജാര്‍ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

വാടക സംഖ്യ അടയ്ക്കാനുള്ള സമയപരിധി അവസാനിച്ച് 15 ദിവസം കഴിഞ്ഞാല്‍ കെട്ടിട ഉടമക്ക് കരാര്‍ അനുസരിച്ചുള്ള തുക അടയ്ക്കാന്‍ വാടകയെടുത്ത വ്യക്തിയോട് ആവശ്യപ്പെടാമെന്നും 30 ദിവസത്തിന് ശേഷം കോടതി നടപടികളിലേക്ക് നീങ്ങാമെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള നിയമപരിരക്ഷയും സൗദിയിലെ കോടതികള്‍ നല്‍കുന്നുണ്ട്. നിയമ മന്ത്രാലയത്തിന്റെ നാജിസ് പോര്‍ട്ടല്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാടകക്കരാര്‍ അറ്റാച്ച് ചെയ്ത് ഉടമക്ക് വാടക എടുത്തയാള്‍ക്കെതിരെ കേസ് നല്‍കാവുന്നതാണ്. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ വാടകയെടുത്ത വ്യക്തിയുടെ മൊബൈലില്‍ പണമടയ്ക്കാന്‍ അഞ്ചു ദിവസ സമയപരിധി നല്‍കി സന്ദേശമെത്തും. ഈ തീയതി അവസാനിക്കുന്നതോടെ കോടതി സെന്‍ട്രല്‍ ബാങ്കില്‍ വിവരമറിയിച്ച് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ അത് കെട്ടിടമുടയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആകും. ഇല്ലെങ്കില്‍ പണമടയ്ക്കുന്നത് വരെ അക്കൗണ്ട് മരവിച്ച നിലയിലായിരിക്കും. പത്തു വര്‍ഷം വരെ യാത്രാ വിലക്കും തുടര്‍ന്നെത്തും.
കേസ് നല്‍കിയത് റിയല്‍ എസ്‌റ്റേറ്റ് ഓഫീസോ കെട്ടിട ഉടമയോ ആണെങ്കില്‍ അവരുമായി ബന്ധപ്പെട്ടാണ് പണം അടച്ച ശേഷം നിയമ നടപടികള്‍ നീക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. വാദി ഭാഗം പണം ലഭിച്ചിട്ടുണ്ടെന്നും കേസ് പിന്‍വലിക്കാമെന്നും കോടതിയില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ കോടതി യാത്രാവിലക്ക് നീക്കി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെടും. രണ്ടോ മൂന്നോ ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാകും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മുന്‍കാലങ്ങളിലെ പോലെ തോന്നുംപടി വാടകയടച്ചുതീര്‍ക്കാനുള്ള സംവിധാനം ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. റൂമുകളോ മറ്റോ വാടകക്കെടുക്കുമ്പോള്‍ റൂമിലെ ഒരു വ്യക്തിയുടെ ഇഖാമയിലായിരിക്കും ഈജാര്‍ രജിസ്‌ട്രേഷന്‍ നടക്കുക. ഈജാര്‍ വഴിയുള്ള രജിസ്‌ട്രേഷന് അബ്ശിര്‍ വഴി സമ്മതം അറിയിക്കണം. അതോടെ ഇദ്ദേഹത്തിന്റെ പേരിലായിരിക്കും വാടകയടവിന്റെയും മറ്റുമുള്ള ഉത്തരവാദിത്തം. റൂമിലുള്ളവര്‍ പണം സംഘടിപ്പിച്ച് നല്‍കിയാലും ഇല്ലെങ്കിലും കൃത്യസമയത്ത് പണമടച്ച് തീര്‍ക്കണം. ഇല്ലെങ്കില്‍ നിയമനടപടികള്‍ക്ക് ഇദ്ദേഹം വിധേയനാകേണ്ടിവരും. വാടക ഒഴിയണമെങ്കില്‍ കരാറില്‍ പറഞ്ഞ പ്രകാരമുള്ള തീയതിക്ക് മുമ്പേ നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ മറ്റൊരാളുടെ പേരിലേക്ക് കരാര്‍ മാറ്റുന്നതിന് തടസ്സമില്ല. റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ വഴി വാടകക്കാരെ മാറ്റാവുന്നതുമാണ്.
ഈജാര്‍ സംവിധാനത്തിലൂടെ അബ്ശിറുമായി ബന്ധിപ്പിച്ച വാടകക്കരാര്‍ അനുസരിച്ചുള്ള വാടക തുക കൃത്യസമയത്ത് അടച്ചു തീര്‍ക്കണം. ഇതില്‍ കാലതാമസം കാണിക്കുന്നവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഓഫീസുകളോ കെട്ടിട ഉടമകളോ മുന്നറിയിപ്പ് നല്‍കും. ചിലപ്പോള്‍ മുന്നറിയിപ്പും നല്‍കാറില്ല. എന്നാല്‍ വാടക തീയതി സംബന്ധിച്ച് ഈജാറില്‍ നിന്ന് മൊബൈലുകളില്‍ സന്ദേശമെത്താറുണ്ട്. നിശ്ചിത അവധിയും കഴിഞ്ഞ് പണമടയ്ക്കാത്തവര്‍ക്കെതിരെ പെട്ടെന്ന് നിയമനടപടികളിലേക്ക് പോകാനുള്ള സംവിധാനമാണ് ഇപ്പോഴുള്ളത്. കുടിശ്ശികയായി ഒരു മാസം കഴിയുന്നതോടെ ഉടമകള്‍ തുടരെ തുടരെ വാടകയെടുത്തവരെ ശല്യപ്പെടുത്തുന്ന പ്രവണത അവസാനിപ്പിച്ചിട്ടുണ്ട്. പകരമാണ് നീതിന്യായ മന്ത്രാലയത്തിന്റെ നാജിസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത്. പണമടയ്ക്കാന്‍ കാലതാമസം നേരിടുന്നവര്‍ മൊബൈലുകളിലെത്തുന്ന സന്ദേശങ്ങളെങ്കിലും വായിക്കാന്‍ തയാറാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാട്ടിലേക്ക് റീ എന്‍ട്രിയിലോ ഫൈനല്‍ എക്‌സിറ്റിലോ പോകാനിരിക്കുന്ന സമയത്താകും ദുരന്തഫലം അനുഭവിക്കുക. അപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ഓഫീസിലും കെട്ടിടയുടമയുടെ ഓഫീസിലും കയറിയിറങ്ങി നിയമക്കുരുക്കുകള്‍ അഴിക്കേണ്ടിവരും.

 

 

Latest News