ജിദ്ദ- നൈതിക പ്രസ്ഥാനം, സർഗാത്മക രാഷ്ട്രീയം എന്ന ശീർഷകത്തിൽ ഫിറ്റ് ജിദ്ദ സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി. നൈതിക പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടുതൽ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഷറഫിയ്യയിൽ നടന്ന പരിപാടിയിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. മുസ് ലിം സമുദായം ചരിത്രപരമായി ആർജിച്ചെടുത്ത ഐക്യം നിലനിർത്താൻ ഏവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലർ ചൂണ്ടയിടുമ്പോൾ അറിയാതെ കൊത്തുന്ന ഇരകളായി പലരും മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആദർശങ്ങൾ മുറുകെപ്പിടിക്കുന്നതോടൊപ്പം സമുദായത്തിന്റെ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ചു നിന്ന പൂർവികരുടെ ചരിത്രങ്ങൾ ഇപ്പോഴും നമുക്ക് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. സീതി കൊളക്കാടൻ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, അഫ്സൽ നാറാണത്ത്, ജംഷീർ കെ.വി, മുസ്തഫ മാസ്റ്റർ വേങ്ങര എന്നിവർ സംബന്ധിച്ചു. ജാഫർ വെന്നിയൂർ ചർച്ച ക്രോഡീകരിക്കുകയും നാസർ മമ്പുറം നന്ദി പറയുകയും ചെയ്തു.






