നിങ്ങളുടെ ഓം, ഞങ്ങളുടെ അല്ലാഹു; അര്‍ഷദ് മദനിയുടെ പ്രസംഗം വിവാദമായി, വേദിയില്‍നിന്ന് ഇറങ്ങിപ്പോക്ക്

ന്യൂദല്‍ഹി- ഓമും അല്ലാഹുവും ഒരുപോലെയാണെന്ന ജംഇയ്യത്ത് ഉലമായെ ഹിന്ദ് അര്‍ഷദ് വിഭാഗം പ്രസിഡന്റ് മൗലാന സയ്യിദ് അര്‍ഷദ് മദനിയുടെ പ്രസ്താവന വിവാദമായി. ദല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വാര്‍ഷിക ജനറല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഷാദ് മദനിയുടെ പ്രസംഗത്തെത്തുടര്‍ന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ 34ാമത് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ചില മതനേതാക്കള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇദ്ദേഹത്തിന്റെ പ്രഖ്യാപനത്തോട് വിയോജിപ്പ് പ്രകടപ്പിച്ച് വേദിയില്‍ സന്നിഹിതനായിരുന്ന ജൈന മുനി ആചാര്യ ലോകേഷ് മുനി ഇറങ്ങിപ്പോയി. ഐക്യത്തോടെ ജീവിക്കണം എന്നതിനോട് മാത്രമേ യോജിക്കുന്നുള്ളൂവെന്നും  ഓം, അല്ലാഹ്, മനു എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കഥകളും അസംബന്ധമാണെന്നും മദനി സെഷന്റെ അന്തരീക്ഷം പൂര്‍ണമായും നശിപ്പിച്ചവെന്നും ലോകേഷ് മുനി പറഞ്ഞു.
ശ്രീരാമനോ ബ്രഹ്മാവോ ആരുമില്ലാത്ത കാലത്ത് ആരെയാണ് ആരാധിച്ചിരുന്നതെന്ന്  ഞാന്‍ ധര്‍മ ഗുരുവിനോട് ചോദിച്ചിരുന്നു. ഓമിനെയാണ് ആരാധിച്ചിരുന്നതെന്നാണ് ചിലര്‍ നല്‍കിയ മറുപടി. ഒറ്റ ഓം അല്ലെങ്കില്‍ അല്ലാഹു മാത്രമാണെന്നും അവ രണ്ടും ഒന്നുതന്നെയാണെന്നും മനു ആരാധിച്ചിരുന്ന ഒരേയൊരു വസ്തുവാണിതെന്നുമാണ് ഞാന്‍ അവരോട് വിശദീകരിച്ചത്. ശിവനും ഇല്ല ബ്രഹ്മാവുമില്ല. ഒരു ഓം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓമിനെ ഞങ്ങള്‍ അല്ലാഹുവെന്നും നിങ്ങള്‍ ഹിന്ദുക്കള്‍ ഈശ്വരനെന്നും പേര്‍ഷ്യന്‍ സംസാരിക്കുന്ന ആളുകള്‍ ഖുദാ എന്നും ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ ദൈവമെന്നും വിളിക്കുന്നു- ഇതായിരുന്നു അര്‍ഷദ് മദനിയുടെ പ്രസംഗം. ഇതിനുശേഷമാണ് ഏതാനും മതനേതാക്കള്‍ വേദി വിട്ടിറങ്ങിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News