ഖുര്‍ആനെ അവഹേളിച്ചയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നങ്കാന സാഹിബ്- പാകിസ്ഥാനില്‍ മതനിന്ദ നടത്തിയ പ്രതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കി തല്ലിക്കൊന്ന സംഭവത്തില്‍ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ട നങ്കാന സാഹിബ് സര്‍ക്കിള്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് വാരഖ്, വാര്‍ബര്‍ട്ടണ്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫിറോസ് ഭാട്ടി എന്നിവരെയാണ് പഞ്ചാബ് ഐ.ജി ഡോ. ഉസ്മാന്‍ അന്‍വര്‍ സസ്‌പെന്‍ഡ് ചെയ്തത്.
വിശുദ്ധ ഖുര്‍ആനെ അവഹേളിച്ച പ്രതിയെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പുറത്തിറക്കി കൊലപ്പെടുത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആള്‍ക്കൂട്ടം വാര്‍ബര്‍ട്ടണ്‍ പോലീസ് സ്‌റ്റേഷന്റെ വലിയ ഗേറ്റുകള്‍ തുറക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.  
ജനക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന മുഹമ്മദ് വാരിസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചതായിരുന്നു. ആള്‍ക്കൂട്ടം പിന്തുടര്‍ന്ന് സ്റ്റേഷനിലെത്തി ഇയാളെ പിടിച്ചിറക്കുകയായിരുന്നു.
ഇന്റേണല്‍ അക്കൗണ്ടബിലിറ്റി ബ്രാഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) സയ്യിദ് മുഹമ്മദ് അമീന്‍ ബുഖാരി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിഐജി രാജാ ഫൈസല്‍ എന്നിവരോട് സംഭവസ്ഥലത്തെത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡോ. ഉസ്മാന്‍ അന്‍വര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശനമായ വകുപ്പുതല നിയമനടപടികള്‍ സ്വീകരിക്കും.പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രദേശത്ത് സമാധാനവും ക്രമസമാധാനവും ഉറപ്പാക്കാന്‍ പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News