പുത്തൂർവയൽ ഡോ.എം.എസ്.സ്വാമിനാഥൻ സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രത്തിലെ സസ്യോദ്യാനം സന്ദർശകരെ ആകർഷിക്കുന്നു. നൂറുകണക്കിനു വരുന്ന സസ്യ ഇനങ്ങളുടെ വൈവിധ്യം സമ്പന്നമാക്കുകയാണ് ഉദ്യാനത്തെ. സസ്യങ്ങളിൽ 579 ഇനം വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതും 512 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയുമാണ്. 800 തരം ഔഷധ സസ്യങ്ങളും 124 ഇനം വന്യഭക്ഷ്യ സസ്യങ്ങളും 62 ഇനം വന്യ ഓർക്കിഡുകളും 75 തരം പന്നൽ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടൻ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും ഉദ്യാനത്തിന്റെ ഭാഗമാണ്. നക്ഷത്ര വനവും നവഗ്രഹ വനവും ഉദ്യാനത്തിലുണ്ട്. യൂജീനിയ അർജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും ഉദ്യാനത്തിൽ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. 80 ഇനം പക്ഷികളുടെയും 13 തരം ഉരഗങ്ങളുടെയും 11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും സാന്നിധ്യം ഉദ്യാനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യാനത്തിൽ പക്ഷി നിരീക്ഷണത്തിനു സഞ്ചാരികൾക്കും വിദ്യാർഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.