Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിപദം സി.പി.എമ്മിനെന്ന് കോണ്‍ഗ്രസ്

അഗര്‍ത്തല- ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനായിരിക്കുമെന്ന് കോണ്‍ഗ്രസ്. സി.പി.എമ്മിലെ മുതിര്‍ന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി പരിഗണിക്കുകയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പറഞ്ഞു.
നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സി.പി.എം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഗോത്രവിഭാഗത്തില്‍നിന്നുള്ള സി.പി.എം നേതാവ് ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍നിന്ന്  സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു.


കേരളത്തിലെ ശത്രുക്കള്‍ ത്രിപുരയില്‍ ഒന്നിച്ചു, മോഡിയുടെ പരിഹാസം

അഗര്‍ത്തല- ത്രിപുരയിലെ സി.പി.എം-കോണ്‍ഗ്രസ് കൂട്ടികെട്ടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ത്രിപുര മുഖ്യമന്ത്രിയും രംഗത്തുവന്നു. കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ ത്രിപുരയില്‍ ചങ്ങാത്തം കൂടുകയാണെന്ന് ത്രിപുരയിലെ അംബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ മോഡി പറഞ്ഞു. സി.പി.എം- കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ പിന്തുണച്ച് മറ്റു ചില പാര്‍ട്ടികള്‍ പിന്നിലുണ്ടെന്നും എന്നാല്‍ ഈ സഖ്യത്തിന് വോട്ടു ചെയ്താല്‍ അത് സംസ്ഥാനത്തെ അനേക വര്‍ഷം പിന്നോട്ട് അടിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ദുര്‍ഭരണത്തിന്റെ പഴയ കളിക്കാര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കേരളത്തില്‍ പരസ്പരം ഗുസ്തി പിടിക്കുന്നവരാണ് ത്രിപുരയില്‍ സൗഹൃദം കൂടുന്നത്. പ്രതിപക്ഷത്തിന് വോട്ടുകള്‍ വിഘടിച്ചു പോകണമെന്നതാണ് ആവശ്യം. ദരിദ്രര്‍ എന്നും ദരിദ്രരായി തന്നെ തുടരാനാണ് ഇരു പാര്‍ട്ടികളും ആഗ്രഹിക്കുന്നതെന്നും പാവങ്ങള്‍ക്കായി ധാരാളം മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഇവര്‍ അവരുടെ വേദന മനസ്സിലാക്കാനോ അത് ഇല്ലാതാക്കാനോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മോഡി കുറ്റപ്പെടുത്തി. ഒരുകാലത്ത് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. എന്നാല്‍ ബി.ജെ.പി ഭരണത്തില്‍ ഇവിടെ നിയമവാഴ്ചയുണ്ടായി. ഭയത്തിന്റെ അന്തരീക്ഷത്തില്‍നിന്ന്  ജനങ്ങളെ മുക്തരാക്കി. കോണ്‍ഗ്രസും സി.പി.എമ്മും ത്രിപുരയിലെ യുവജനങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തി അവരെ നാടുവിടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ബി.ജെ.പി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു- മോഡി അവകാശപ്പെട്ടു.

 

Latest News