പ്രവാസികളേ സഹായിക്കുക, തുർക്കിയും സിറിയയും കാത്തിരിക്കുന്നു, സംഭാവനക്കുള്ള ലിങ്ക് ഇതോടൊപ്പം

ജിദ്ദ-ഭൂകമ്പം ആകെ തകിടം മറിച്ച തുർക്കിയും സിറിയയും സൗദി അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ സഹായത്തിന് വേണ്ടി കാത്തിരിക്കുകയാണ്. സൗദി സർക്കാർ നേരിട്ടു തന്നെ ഭൂകമ്പ ബാധിതർക്കായുള്ള സഹായത്തിന് വേണ്ടി രംഗത്തുണ്ട്. സൗദിയിൽനിന്ന് നിരവധി വിമാനങ്ങളാണ് തുർക്കിയും സിറിയയും ലക്ഷ്യമിട്ട് പറക്കുന്നത്. ആ സഹായത്തിൽ കണ്ണി ചേരാൻ ഈ ലിങ്കിൽ പ്രവേശിച്ച് സഹായം നൽകുക.

ഈ ലിങ്കിൽ പ്രവേശിച്ച് ഏറ്റവും എളുപ്പത്തിൽ സഹായം കൈമാറാം.

ഇതേവരെ 26 കോടി റിയാലിലേറെ സഹായമാണ് ഇതുവഴി ശേഖരിച്ചത്. മുക്കാൽ ലക്ഷത്തോളം ആളുകൾ ഇതേവരെ സഹായിച്ചു. എത്ര പേര്‍ സംഭാവന നല്‍കിയെന്നും എത്ര സംഭാവന ലഭിച്ചുവെന്നുമുള്ള കണക്കുകളെല്ലാം ഈ സൈറ്റില്‍ ലഭ്യമാണ്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററാണ് സാഹിം പ്ലാറ്റ്‌ഫോം വഴി കിംഗ് സൽമാൻ റിലീഫ് സെന്റർ ആസ്ഥാനം കേന്ദ്രീകരിച്ച് ജനകീയ കാമ്പയിൻ നടത്തുന്നത്. കിംഗ് സൽമാൻ റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്‌ഫോം വഴി സംഭാവനയായി ലഭിക്കുന്ന തുക പൂർണമായും ദുരന്തബാധിതർക്കിടയിൽ ചെലവഴിക്കുമെന്ന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ വക്താവ് ഡോ. സാമി അൽജുതൈലി പറഞ്ഞു. 
സംഭാവനകൾ ശേഖരിക്കുന്നതിന് കിംഗ് സൽമാൻ റിലീഫ് സെന്റർ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകളൊന്നും പിടിക്കില്ല. കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ പ്രവർത്തന ചെലവുകൾ മുഴുവൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമാണ് വഹിക്കുന്നത്. കിംഗ് സൽമാൻ റിലീഫ് സെന്ററിനു കീഴിലെ വളണ്ടിയർമാർക്കും ഓഫീസ് ജീവനക്കാർക്കുമുള്ള ചെലവുകളും മറ്റു ഫീസുകളും സർക്കാറാണ് വഹിക്കുന്നത്. ഇതിന് സംഭാവനകളായി ലഭിക്കുന്ന പണം വിനിയോഗിക്കാറില്ലെന്നും ഡോ. സാമി അൽജുതൈലി പറഞ്ഞു. 
തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിതർക്കുള്ള റിലീഫ് വസ്തുക്കൾ വഹിച്ച ആറു വിമാനങ്ങൾ സൗദി അറേബ്യ ഇതിനകം അയച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും തമ്പുകളും കമ്പിളിയും മരുന്നുകളും മറ്റും അടക്കം 98 ടൺ വീതം റിലീഫ് വസ്തുക്കളാണ് ഓരോ വിമാനത്തിലും അയച്ചത്. 
സൗദി രക്ഷാസംഘങ്ങളും മെഡിക്കൽ സംഘങ്ങളും ഭൂകമ്പബാധിത പ്രദേശങ്ങളിൽ സേവന രംഗത്തുണ്ട്. ലോകത്തെ ഏറ്റവും വലിയ വിമാനം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളും വാഹനങ്ങളും സൗദി അറേബ്യ തുർക്കിയിലെത്തിച്ചത്. ആന്റനോവ് ഇനത്തിൽ പെട്ട ജംബോ വിമാനത്തിലാണ് ഉപകരണങ്ങളും വാഹനങ്ങളും മറ്റും റിയാദിൽ നിന്ന് തുർക്കിയിലെ ഗാസിഅന്റപ് എയർപോർട്ടിലെത്തിച്ചത്. സൗദി സിവിൽ ഡിഫൻസിൽ നിന്നും റെഡ് ക്രസന്റിൽ നിന്നും അടക്കമുള്ള മെഡിക്കൽ, സെർച്ച് ആന്റ് റെസ്‌ക്യൂ സംഘങ്ങളും വളണ്ടിയർമാരും ഭൂകമ്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 
തുർക്കിയിലെ ഗാസിഅന്റപിൽ യു.എ.ഇ ഫീൽഡ് ആശുപത്രി സജ്ജീകരിച്ചുവരികയാണ്.  ഫീൽഡ് ആശുപത്രിയിൽ ആദ്യ ഘട്ടത്തിൽ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്ററുകൾ, തീവ്രപരിചരണ വിഭാഗം, സി.ടി സ്‌കാൻ വിഭാഗം എന്നിവയുണ്ടാകും. രണ്ടാം ഘട്ടത്തിൽ ലബോറട്ടറി, എക്‌സ്‌റേ, ഫാർമസി, ദന്തവിഭാഗം, ഔട്ട്‌പേഷ്യന്റ് വിഭാഗം, 50 കിടക്കയുള്ള വാർഡുകൾ എന്നിവയുണ്ടാകും. യു.എ.ഇ ഇന്നലെ വരെ 27 വിമാന ലോഡ് റിലീഫ് വസ്തുൾ തുർക്കിയിലേക്കും സിറിയയിലേക്കും അയച്ചിട്ടുണ്ട്.
 

Tags

Latest News