Sorry, you need to enable JavaScript to visit this website.

മോഡി ഭരണം ജനാധിപത്യത്തിന് വെല്ലുവിളി

മോഡി ഭരണത്തിനു നാലു വർഷം തികയുമ്പോൾ ഒറ്റയടിക്കു ചോദിക്കാവുന്ന ചോദ്യം എവിടെ സാറേ അച്ഛേ ദിൻ എന്നു തന്നെയാണ്. അച്ഛേ ദിൻ പോയിട്ട്, നാലു വർഷം മുമ്പത്തെ അവസ്ഥയേക്കാൾ എത്രയോ മോശമായ അവസ്ഥയിൽ രാജ്യമെത്തി എന്നതാണ് പച്ചയായ യാഥാർത്ഥ്യം. 
കർണാടക തെരഞ്ഞെടുപ്പിനു ശേഷം എല്ലാ മാസവും പെട്രോൾ വില വർധിപ്പിച്ചാണ് മോഡി സർക്കാർ നാലാം വാർഷികം ആഘോഷിച്ചത്. വില വർധനവിൽ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന അവകാശവാദം തെറ്റാണെന്ന് കർണാടക തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇന്ത്യൻ ജനതക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചാണ് മോഡി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതെന്നു സാരം. 
രാഹുൽ ഗാന്ധി പറഞ്ഞ പോലെ മുദ്രാവാക്യം വിളി, സ്വയം പുകഴ്ത്തൽ എന്നിവയിൽ മാത്രമാണ് മോഡി തിളങ്ങിയത്. 
വർഗീയത വളരുകയും സാമ്പത്തിക അവസ്ഥ തളരുകയും ചെയ്തു എന്നതാണ് ഒറ്റ വാചകത്തിൽ മോഡിയുടെ ഭരണ നേട്ടം. സാമ്പത്തിക നയങ്ങളും നിയോ ലിബറൽ നയങ്ങളും നടപ്പിലാക്കുന്ന കാര്യത്തിൽ കോൺഗ്രസിനെ എത്രയോ പിറകിലാക്കിയാണ് മോഡിയുടെ പോക്ക്. കോൺഗ്രസ്  തുടക്കമിട്ട പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധമായി നടപ്പാക്കുകയാണ് മോഡി ചെയ്യുന്നത്. സുരക്ഷിതരെന്നു കരുതപ്പെട്ടിരുന്ന സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ പോലും മുൾമുനയിലാണ്. 
സർക്കാരിന്റെ നവ ഉദാരവൽക്കരണം ഏറ്റവും കെടുതികൾ വിതച്ചത് കാർഷിക മേഖലയിലാണ്. വളങ്ങളുടെയും മറ്റു അസംസ്‌കൃത വസ്തുക്കളുടെയും സബ്സിഡികൾ ഇല്ലാതാക്കപ്പെട്ടതിലൂടെ കാർഷിക മേഖല വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നത്. ഇന്ത്യയിലെ കാർഷിക മേഖലയിലെ സാങ്കേതിക പിന്നോക്കാവസ്ഥ മൂലം അത് കൂടുതൽ മനുഷ്യാധ്വാന കേന്ദ്രീകൃതവും കാലാവസ്ഥയുടെ വ്യതിയാനങ്ങൾ വളരെ ബാധിക്കുന്ന നിലയുമാണുള്ളത്. ഇടനിലക്കാരുടെ ചൂഷണവും ഭക്ഷ്യ ധാന്യങ്ങൾ ഊഹക്കച്ചവടക്കാർക്ക് മേയാൻ തുറന്നിട്ട ഉദാരവൽക്കരണവും കർഷകരെ ദയനീയ സ്ഥിതികളിൽ എത്തിച്ചു. ഗവണ്മെന്റിന്റെ സഹായങ്ങളുടെ അഭാവത്തിൽ കൊള്ളപ്പലിശക്കാരുടെ കൈകളിൽ എത്തപ്പെടുന്ന ചെറുകിട നാമമാത്ര കർഷകർ കടക്കെണിയിൽ പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. എന്തായാലും രാജ്യത്തെ പല ഭാഗത്തും ആരംഭിച്ചിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളാണ് പ്രതീക്ഷ നൽകുന്നത്. തൊഴിൽ വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറപ്പിച്ചതിനെ തുടർന്ന് യുവജനങ്ങളും കൂടുതൽ അരക്ഷിതരായിരിക്കുന്നു. 
സത്യത്തിൽ ലോകം കണ്ട എല്ലാ ഫാസിസ്റ്റുകളുടേയും ലക്ഷണങ്ങൾ നമുക്ക് മോഡിയിൽ കാണാം. അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശം ആയാലും പറയുന്നതിന്റെയും പ്രവർത്തനത്തിന്റെയും വൈരുധ്യത്തിലായാലും വൈകാരിക തലത്തിന്റെ അഭാവത്തിലായാലും, ലക്ഷ്യത്തിൽ എത്തിച്ചേരാൻ വേണ്ടി എന്ത് റിസ്‌കും ഏറ്റെടുക്കാനുള്ള മാനസിക ഘടന ആയാലും  എതിർ ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയിലായാലും ... പട്ടിക നീളുന്നു. സാമ്പത്തിക മേഖല മുതൽ സാംസ്‌കാരിക മേഖല വരെ എവിടേയും ഇതു തെളിഞ്ഞുകാണാം. നോട്ടു നിരോധനവും ജിഎസ്ടിയും കോർപറേറ്റുകളുടെ താൽപര്യ സംരക്ഷണങ്ങളും സാമ്പത്തിക മേഖലയിലെ ഉദാഹരണങ്ങൾ. നോട്ടു നിരോധനത്തിന്റെ കെടുതികളിൽ നിന്നു ഇപ്പോഴും രാജ്യം കര കയറിയിട്ടില്ല. എത്രയോ ലക്ഷങ്ങളാണ് ഇപ്പോഴും തൊഴിലില്ലാതെ അലയുന്നത്. എത്രയോ തൊഴിൽ മേഖലകളെ അതു തകർത്തു. കൊട്ടിഘോഷിച്ചിരുന്ന ഒരു ഗുണവും ലഭിച്ചില്ല.  അതിനിടയിൽ വന്ന ജി എസ് ടിയാകട്ടെ ചെറുകിട മേഖലകളേയും തകർത്തു. എതാനും കോർപറേറ്റുകൾ വളരുന്ന കാഴ്ച മാത്രമാണ് മോഡി ഭരണത്തിൽ കാണുന്നത്. അവർക്കായി ബാങ്കുകളിലെ ലോക്കറുകളെല്ലാം തുറന്നു കൊടുത്തിരിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ നെഞ്ചിലേക്ക് വെടിയുതിർക്കുന്നു. കോർപറേറ്റ് താൽപര്യപ്രകാരം ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അവർക്കായി പുതിയ വികസന സമവാക്യങ്ങളുണ്ടാക്കുന്നു.
അസഹിഷ്ണുതയാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ മോഡി ഭരണത്തിന്റെ  മുഖമുദ്ര.  ഗുജറാത്തിൽ വളരെ ഫലപ്രദമായി ഉപയോഗിച്ച അതിനെയാണ് ഇന്നു രാജ്യമാകെ മോഡിയും അനുയായികളും പരീക്ഷിക്കുന്നത്.. അതാകട്ടെ  സവർണ ഹൈന്ദവ ബ്രാഹ്മണിക്കൽ ജ്ഞാന മണ്ഡലത്തിൽ അധിഷ്ഠിതവുമാണ്. അതിനാലാണ് വ്യത്യസ്തമായി ചിന്തിക്കുന്നവരെയും പ്രവർത്തിക്കുന്നവരെയുമെല്ലാം ശാരീരികമായോ മറ്റു രീതികളിലോ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. നാലു വർഷത്തിനുള്ളിൽ ജനാധിപത്യ വിരുദ്ധമായ ഇത്തരം എത്രയോ സംഭവങ്ങൾ രാജ്യം കണ്ടു. ദളിതരും ആദിവാസികളും മുസ്‌ലിംകളുമാണ് അവരുടെ ഏറ്റവും വലിയ ശത്രുക്കൾ.  അവരുടെ അനിഷ്ടത്തിനു വിധേയരാവേണ്ടി വരുന്ന എഴുത്തുകാരെയും ബുദ്ധി ജീവികളെയും മാധ്യമ പ്രവർത്തകരെയുമെല്ലാം രാജ്യദ്രോഹികളും  തീവ്രവാദികളും പാക്കിസ്ഥാൻ ചാരന്മാരുമാക്കി  നിരന്തരം വേട്ടയാടുകയാണ്. അതിനൊക്കെ പുറമെയാണ് ഇപ്പോഴും തുടരുന്ന മുസ്‌ലിം വിരുദ്ധത. 
കശ്മീരിൽ എട്ടു വയസ്സുകാരിയെ ഭയാനകമായി കൊന്നതിനെ ന്യായീകരിക്കാനും കൊലയാളികൾക്ക് പിന്തുണ നൽകാനും വരെ തയ്യാറായവരെ ലോകം ഞെട്ടലോടെ കണ്ട് അധിക ദിവസമായില്ലല്ലോ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സാംസ്‌കാരിക സ്ഥാപനങ്ങളേയും കയ്യടക്കുന്ന നടപടികളും മോഡി തുടരുകയാണ്. അതോടൊപ്പം മോഡിയുടെ വിദേശ നയങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കു തന്നെ ഭീഷണിയായിരിക്കുന്നു. യാതൊരു മറയും ഇല്ലാതെ ഇന്ത്യ അമേരിക്കയുടെ ഒരു ഉപഗ്രഹം എന്ന നിലയിലേയ്ക്ക് തരം താഴുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധങ്ങൾ കൂടുതൽ വഷളായിരിക്കുന്നു. ഒരുപക്ഷേ യുദ്ധത്തിലേക്കു പോലും കാര്യങ്ങൾ നീങ്ങിക്കൂടാ എന്നില്ല. 
നാലാം വർഷാവസാന കാലത്ത് ജനാധിപത്യത്തിനു നേരെ ഏറ്റവും വലിയ വെല്ലുവിളിയും മോഡി സർക്കാർ ഉയർത്തിയിരിക്കുകയാണ്. ജുഡീഷ്യറിയെയടക്കം കൈപ്പിടിയിലൊതുക്കാനുളള നീക്കമാണത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയടക്കം നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആരേയും ഞെട്ടിക്കുന്നതാണ്. എന്നാൽ മോഡിക്കൊരു കുലുക്കവുമില്ല എന്നതാണ് കൂടുതൽ ഭീതിദം. അതിനാൽ തന്നെ 2019 ൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാധാനപരമാകുമോ എന്ന ഭയം അസ്ഥാനത്തല്ല. ബാബ്‌രി മസ്ജിദ്, മുംബൈ, ഗുജറാത്ത്, മുസഫർ നഗർ എന്നിങ്ങനെയുള്ള സംഭവങ്ങളിലൂടെ ഇന്നു അധികാരത്തിലിരിക്കുന്ന ഇക്കൂട്ടർ 2019 ൽ ജയിക്കാൻ എന്തും ചെയ്യുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പ്രതേകിച്ച് 2025 ആർ എസ് എസിന്റെ നൂറാം വാർഷികമാകുന്ന സാഹചര്യത്തിലും കർണാടക സംഭവങ്ങൾ പ്രതിപക്ഷത്ത് ഉണർന്ന് സൃഷ്ടിച്ചിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിലും. അതിനാൽ തന്നെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കാനുളള ദൃഢപ്രതിജ്ഞയാണ് മോഡിയുടെ നാലാം വർഷത്തിൽ നമുക്ക് ചെയ്യാനുള്ളത്. 

 

Latest News