മസ്തിഷ്‌കാഘാതം; ദസ്തഗീറിനെ നാട്ടിലെത്തിച്ചു, വാരിപ്പുണർന്ന് മക്കൾ

ശൈഖ് ദസ്തഗീർ വിമാനത്തിൽ മെഹബൂബ് കണ്ണൂരിനോടൊപ്പം.
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദസ്തഗീറിനെ മക്കൾ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.


റിയാദ്- മസ്തിഷ്‌കാഘാതത്തെ തുടർന്ന് 14 മാസം റിയാദിനടുത്തുള്ള റാനിയയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തെലങ്കാന സ്വദേശി ശൈഖ് ദസ്തഗീറിനെ (61) നാട്ടിലെത്തിച്ചപ്പോൾ വാരിപ്പുണർന്ന് മക്കളും ഭാര്യയും. ഗുരുതരാവസ്ഥയിലാണെന്ന വിവരങ്ങൾക്ക് പിന്നാലെ പിതാവിനെ ജീവനോടെ കണ്ടതിലെ ആത്മഹർഷം മറച്ചു വെക്കാനാവാതെ മക്കൾ പിതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ റിയാദിൽ നിന്ന് ദൽഹി വഴി ബംഗളൂരുവിലേക്ക് അദ്ദേഹത്തെ അനുഗമിച്ച റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയവളപ്പിന് പോലും കണ്ണീരടക്കാനായില്ല.
റിയാദ് പ്രവിശ്യയിലെ റാനിയയിലുള്ള സർക്കാർ ആശുപത്രിയിലാണ് ചിറ്റൂർ മദനപ്പള്ളി സെവൻത് ക്രോസ് പ്രശാന്ത് നഗർ സ്വദേശിയായ ദസ്തഗീർ ഒന്നര വർഷം കഴിഞ്ഞത്. കഴിഞ്ഞ മാസം ഇന്ത്യൻ എംബസി വെൽഫെയർ വിംഗ് മേധാവി എം.ആർ സജീവ് വിഷയത്തിൽ ഇടപെടുകയും നാട്ടിൽ വിദഗ്ധ ചികിത്സക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്താൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 
എന്നാൽ, നാട്ടിലേക്ക് അയക്കട്ടെ എന്ന് ചോദിച്ചപ്പോൾ സാമ്പത്തിക പ്രയാസമുണ്ടെന്നും അവിടെ തന്നെ ചികിത്സിക്കുകയാണ് നല്ലതെന്നും മക്കളും ഭാര്യയും പറഞ്ഞിരുന്നു. സൗദിയിലുള്ള തെലങ്കാന മാധ്യമ പ്രവർത്തകൻ മുസമ്മിൽ വഴി ശ്രമിച്ചതിന്റെ ഫലമായി തിരുപ്പതിയിലെ ട്രസ്റ്റ് ആശുപത്രിയായ 'സുരക്ഷ' ഇയാളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. നാട്ടിലേക്കുള്ള യാത്രാ ചെലവ് വഹിക്കാൻ എംബസി വെൽഫെയർ വിംഗും തയാറായി. 
സ്‌പോൺസർ സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റിൽ നൽകിയ 'ഹുറൂബ്' കേസ് നിലവിലുള്ളതിനാൽ എക്‌സിറ്റ് നടപടികൾ എംബസി മുഖേന നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ നിന്ന് നേരിട്ട് ശരിയാക്കുകയായിരുന്നു.
തുടർന്ന് മഹബൂബ് ചെറിയവളപ്പ് നാരിയയിലെത്തി ആംബുലൻസിൽ ഇദ്ദേഹത്തെ റിയാദിലേക്ക് കൊണ്ടുവന്നു. ദൽഹി വഴി വെള്ളിയാഴ്ച രാവിലെ ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചു. മൂന്നു മക്കളിൽ രണ്ടു പേർ പിതാവിനെ സ്വീകരിക്കാൻ അവിടെ എത്തിയിരുന്നു. നേരത്തെ ദൽഹി വിമാനത്താവളത്തിൽ ആറു മണിക്കൂർ വെയ്റ്റിംഗ് ഉള്ള സമയത്ത് മഹ്ബൂബ് മക്കളെ വിവരമറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഇവർ ബംഗളൂരുവിലെത്തിയത്. പിതാവിനെ എവിടെ കൊണ്ടുപോയി ചികിത്സിക്കാനും ഞങ്ങൾ തയാറാണെന്നും മാതാവ് മദനപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രതീക്ഷിച്ചിരിക്കുകയാണെന്നും മക്കൾ അറിയിച്ചു. സൗദിയിൽ നാട്ടിലേക്കാൾ നല്ല ചികിത്സ ലഭിക്കുമെന്നത് കൊണ്ടാണ് രോഗം ഏറെക്കുറെ ഭേദമാകുന്നത് വരെ അവിടെ ചികിത്സിക്കാൻ ആവശ്യപ്പെട്ടതെന്നും അവിടുത്തെ ചികിത്സ കൊണ്ട് പിതാവ് രക്ഷപ്പെടുമെന്നു പ്രതീക്ഷിച്ചെന്നും മക്കൾ മഹ്ബൂബിനോട് പറഞ്ഞു. നാട്ടിൽ വാടക വീട്ടിലാണ് ഈ ദരിദ്ര കുടുംബം താമസിക്കുന്നത്.
ബംഗളൂരു കെ.എം.സി.സി അനുവദിച്ച ആംബുലൻസിൽ നൂറുകണക്കിന് കിലോമീറ്റർ താണ്ടി ചിറ്റൂർ ദസ്തഗീറിനെ 
മദനപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് അഡ്മിറ്റ് ചെയ്തു. മഹബൂബും അനുഗമിച്ചിരുന്നു. അവിടെ ഭാര്യയാണ് ഇദ്ദേഹത്തെ ശുശ്രൂഷിക്കുന്നത്. എംബസി ഉദ്യോഗസ്ഥൻ അർജുൻ സിംഗ്, കണ്ണൂർ ജില്ല കെ.എം.സി.സി സെക്രട്ടറി അൻവർ വാരം, റാനിയ കെ.എം.സി.സി ഭാരവാഹി അൻസാരി, നാരിയ ഹോസ്പിറ്റൽ നഴ്‌സ് സ്‌നേഹ എന്നിവരും വിവിധ ഘട്ടങ്ങളിൽ സിദ്ദീഖിനും മഹ്ബൂബിനും ഒപ്പം സഹായത്തിനുണ്ടായിരുന്നു.

Tags

Latest News