മദീന- മദീന ഹറം മസ്ജിദിനു സമീപത്തുള്ള ചരിത്ര പ്രസിദ്ധമായ മസ്ജിദ് അൽഗമാമ അറ്റകുറ്റ പണികൾ പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നു കൊടുത്തതായി മദീന മുൻസിപ്പാലിറ്റി അറിയിച്ചു. പ്രവാചകൻ മുഹമ്മദ് നബി ഈദ് നമസ്‌കാരങ്ങളും മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നിർവഹിച്ചിരുന്ന സ്ഥലത്ത് പിൽക്കാലത്ത് നിർമ്മിച്ച മസ്ജിദാണിത്. ചരിത്രപരമായ പ്രധാന്യം പരിഗണിച്ച് പൗരാണിക വാസ്തു ശിൽപ ശൈലി നിലനിർത്തിക്കൊണ്ടു തന്നെയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുള്ളത്. മനോഹരമായ പതിനൊന്നോളം ചെറുതാഴികക്കുടങ്ങളും മിനാരവുമുള്ള മസ്ജിദ് ഒട്ടോമൻ ഭരണകാലത്ത് നിർമിക്കപ്പെട്ടിട്ടുള്ളതാണ്. അഞ്ഞൂറോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മസ്ജിദുൽ ഗമാമ, മസ്ജിദുന്നബവിയുടെ തെക്ക് പടിഞ്ഞാറു വശത്ത് അൽ സലാം റോഡിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
അൽ ഗമാമ എന്ന അറബി വാക്കിനർത്ഥം മേഘത്തിന്റെ തണൽ എന്നാണ്. മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനക്കിടെ തണൽ വിരിച്ച് മഴമേഘങ്ങൾ പ്രവാചകനു മീതെയെത്തിയെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അൽ ഗമാമ മസ്ജിദ് എന്ന പേരു വിളിക്കപ്പെട്ടത്. ഹിജ്റ വർഷം 88 ൽ ഉമർ ഇബ്‌നു അബ്ദുൽ അസീസ് മദീന ഗവർണറായിരിക്കെയാണ് ആദ്യമായി ഇവിടെ മസ്ജിദു നിർമിച്ചതെന്നാണ് ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.






