റിയാദ് - സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്ന വ്യവസ്ഥകൾക്ക് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാൻ അംഗീകാരം നൽകി. ട്യൂഷൻ ഫീസുകൾ, അവ പ്രാബല്യത്തിൽ വരുന്ന തീയതി, ഫീസുകളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾ പോർട്ടലിലെ സ്‌കൂൾ ഫീസ് പ്രോഗ്രാം ലിങ്ക് വഴി സ്വകാര്യ സ്‌കൂളുകൾ നിർബന്ധമായും സമർപ്പിക്കണമെന്ന് വ്യവസ്ഥകൾ അനുശാസിക്കുന്നു.
അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് ട്യൂഷൻ ഫീസുകൾ നിർണയിച്ച് സ്‌കൂളുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം ഫീസുകളിൽ ഒരുവിധ ഭേദഗതികളും അനുവദിക്കില്ല. അധ്യയന വർഷത്തിനിടെ ട്യൂഷൻ ഫീസുകൾ ഉയർത്തുന്നതും പുതിയ വ്യവസ്ഥകൾ വിലക്കുന്നു. വ്യവസ്ഥകൾ പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കും.
സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തും. എന്തെങ്കിലും തർക്കങ്ങൾ ഉടലെടുക്കുന്ന പക്ഷം ഇതാണ് റഫറൻസ് ആയി ഉപയോഗിക്കുക. സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. മന്ത്രാലയ പോർട്ടലിൽ ട്യൂഷൻ ഫീസ് രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ സ്‌കൂളുകൾ എത്രമാത്രം പാലിക്കുന്നുണ്ടെന്നും ട്യൂഷൻ ഫീസുകളിൽ വരുത്തുന്ന മാറ്റങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾ പോർട്ടലിലെ സ്‌കൂൾ ഫീസ് പ്രോഗ്രാം വഴി സമിതി നിരന്തരം നിരീക്ഷിക്കും.






