ജിദ്ദ സ്‌പോർട്ടിംഗ് യുനൈറ്റഡ് താരം കേരള സ്‌റ്റേറ്റ് ടീമിൽ

മുഹമ്മദ് ഷാഫി

ജിദ്ദ- ജിദ്ദയിലെ പ്രശസ്ത ഫുട്‌ബോൾ അക്കാദമിയായ ജിദ്ദ സ്‌പോർട്ടിംഗ് യുനൈറ്റഡ് താരം കേരള സ്‌റ്റേറ്റ് ടീമിൽ. സ്‌പോർട്ടിംഗ് യുനൈറ്റഡിലൂടെ വളർന്ന പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷാഫിയാണ് ഖേലോ ഇന്ത്യ ഗെയിംസ് ഫുട്‌ബോൾ ടൂർണമെന്റിൽ ഫൈനലിൽ പ്രവേശിച്ച കേരള സംസ്ഥാന ഫുട്‌ബോൾ ടീമിൽ കളിക്കുന്നത്. മധ്യപ്രദേശിലെ ഭോപാലിലാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്. 
ജിദ്ദയിൽ ജനിച്ച ഷാഫി പത്താം ക്ലാസ് വരെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. തുടർ പഠനത്തിനായി 2021 ലാണ് നാട്ടിലേക്ക് മടങ്ങിയത്. 500 പരം കുട്ടികൾ പങ്കെടുത്ത ഓപൺ ട്രെയൽസിൽ നിന്നാണ് മുഹമ്മദ് ഷാഫി അവസാന 26 അംഗ കേരള സ്‌റ്റേറ്റ് ടീമിൽ ഇടം കണ്ടെത്തിയത്. ടീമിൽ ഇടം നേടിയ ഏക പ്രവാസി കളിക്കാരനാണ് മുഹമ്മദ് ഷാഫി. 2020 മാർച്ചിൽ ജിദ്ദയിൽ അവസാനിച്ച സിഫ് ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി നാലാം തവണയും കിരീടം ചൂടിയ സ്‌പോർട്ടിംഗ് യുനൈറ്റഡ് ടീമിൽ അംഗമായിരുന്നു. ജിദ്ദയിൽ നിന്നും മടങ്ങിയതിനു ശേഷം കോവളം എ.ഇയിലും ഷാഫി പരിശീലനം നേടി.
അൽ റാജ്ഹി ഏവിയേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായ അബ്ദുൽ സത്താർ-ഫാത്തിമ സുഹ്‌റ ദമ്പതികുളുടെ മകനാണ് മുഹമ്മദ് ഷാഫി. മികച്ച പന്തടക്കവും നല്ല ഡ്രിബിളിംഗ് പാടവവുമുള്ള ഷാഫിയുടെ ഫുടബോളിനോടുള്ള അർപ്പണബോധം ശ്രദ്ധേയമായിരുന്നുവെന്നും ഫുട്‌ബോളിൽ മികച്ച ഭാവിയുള്ള കളിക്കാരനാണ് ഷാഫിയെന്നും, മികച്ച പിന്തുണ നൽകുന്ന മാതാപിതാക്കൾ പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും സ്‌പോർട്ടിംഗ് ചീഫ് ഫിറ്റ്‌നസ് കോച്ച് കെ.സി ബഷീർ അഭിപ്രായപ്പെട്ടു. 
ജിദ്ദയിൽ ഇന്ത്യൻ കുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഫുട്‌ബോൾ അക്കാദമിയാണ് സ്‌പോർട്ടിംഗ്. 18 പെൺകുട്ടികളടക്കം നൂറ്റി അറുപതോളം കുട്ടികൾ 5 മുതൽ 17 വയസ്സ് വരെയുള്ള കാറ്റഗറികളിൽ പരിശീലനം നടത്തുന്നുണ്ട്. ഫുട്‌ബോളിൽ മികച്ച പരിശീലനത്തോടൊപ്പം അവരുടെ കഴിവുകൾ തെളിയിക്കാൻ പരമാവധി അവസരങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിലെയും  ഇന്ത്യയിലെയും നിരവധി പ്രൊഫഷണൽ അക്കാദമികളുമായി സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ജുവെന്റസ്, ആഴ്‌സണൽ, പി.എസ്.ജി, ലിവർപൂൾ, ജിദ്ദ പ്രൊ അക്കാദമികൾ, മദീനയിലെ ഉഹ്ദ് ക്ലബ് എന്നിവയ്‌ക്കെതിരെ സൗദിയിലും, ഗോകുലം എഫ്.സി, ബംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി, ബൈച്ചുങ് ബൂട്ടിയ അക്കാദമി ദൽഹി തുടങ്ങിയ പ്രൊഫഷണൽ അക്കാദമികളുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ജിദ്ദ പൗരാവലി ലോകകപ്പ് ഫിയസ്റ്റ ടൂർണമെന്റിൽ പെൺകുട്ടികളുടെ മാത്രം ടീമിനെ ഇറക്കി. സൗദി ഫുട്‌ബോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ 'നിയോം ഫുട്‌ബോൾ കാർണിവലിൽ' പങ്കെടുത്ത ടീം പെൺകുട്ടികൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കേരളം, തമിഴ്‌നാട്, കർണാടക, ഉത്തരാഞ്ചൽ, ഉത്തർപ്രദേശ്, ദൽഹി, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ പത്തോളം സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്. ജിദ്ദയിൽ നടന്നു വരുന്ന യൂറോ ജിദ്ദ ലീഗ് ജൂനിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ പാദ മത്സരങ്ങൾ അവസാനിച്ചപ്പോൾ അണ്ടർ 17 ടീം ഒന്നാം സ്ഥാനത്തും അണ്ടർ 12 ടീം രണ്ടാം സ്ഥാനത്തുമാണ്. റമദാൻ അവധിക്കു ശേഷം സൗദിയിലെ വിവിധ പ്രൊഫഷണൽ അക്കാദമികളുമായി സൗഹൃദ മത്സരങ്ങൾക്കും, അവധിക്കാലത്ത് നാട്ടിലും മത്സരങ്ങൾക്കായുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി സ്‌പോർട്ടിംഗ് ഇവന്റ് മാനേജ്‌മെന്റ് കൺവീനർ അറിയിച്ചു.

Tags

Latest News