റിയാദ് - സൗദിയിൽ രജിസ്റ്റർ ചെയ്ത കപ്പലുകളിൽ 1,632 സ്വദേശി നാവികർ ജോലി ചെയ്യുന്നതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
സൗദിയിൽ സമുദ്ര ഗതാഗത വ്യവസായ മേഖല പ്രാദേശികവൽക്കരിക്കാനും മേഖലയുടെ വളർച്ചക്കും സ്വദേശി നാവികർ സഹായിക്കുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദി നാവികരുടെ എണ്ണം 25 ശതമാനം തോതിൽ വർധിച്ചു. ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാനും സൗദി നാവികരുടെ എണ്ണത്തിലുള്ള വളർച്ച സഹായിക്കുന്നു.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദി പതാക വഹിച്ച 435 കപ്പലുകളുണ്ട്. ഇവയുടെ ആകെ ശേഷി 1.46 കോടി ടണ്ണിലേറെയാണ്. ക്യാപ്റ്റൻ, ഡെക്ക് ഓഫീസർ, ഫസ്റ്റ് ഓഫീസർ, ഇലക്‌ട്രോണിക് ടെക്‌നോളജി നാവികൻ, എൻജിനീയർ ഓഫീസർ, ചീഫ് എൻജിനീയർ, ഗ്ലോബൽ മാരിടൈം ഡിസ്ട്രസ് ആന്റ് സേഫ്റ്റി സിസ്റ്റംസ് (ജി.എം.ഡി.എസ്.എസ്) ആവശ്യങ്ങൾക്കായുള്ള റേഡിയോ ഓപ്പറേറ്റർ, നാവികൻ, ഷിപ്പ് സെക്യൂരിറ്റി ഓഫീസർ, എൻജിൻ നാവിഗേറ്റർ, ഡെക്ക് നാവിഗേറ്റർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ഉയർന്ന ശേഷികളും കഴിവുകളുമുള്ള സൗദി നാവികർ സൗദി കപ്പൽനിരകളുടെ പുരോഗതിക്കും വികസനത്തിനും സഹായിക്കുന്നു.
കപ്പലുകളുടെ ശേഷിയിൽ മധ്യപൗരസ്ത്യദേശത്ത് ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ 20-ാം സ്ഥാനത്തുമാണ് സൗദി അറേബ്യ. സൗദി പതാക വഹിച്ച 57 എണ്ണ ടാങ്കറുകളും 37 കെമിക്കൽ ടാങ്കറുകളും രണ്ടു ഗ്യാസ് ടാങ്കറുകളും 11 ചരക്ക് കപ്പലുകളും വാഹനങ്ങൾ നീക്കം ചെയ്യുന്ന 11 റോ-റോ കപ്പലുകളും അഞ്ചു സെർച്ച് കപ്പലുകളും യാത്രക്കാർക്കുള്ള അഞ്ചു റോ-റോ കപ്പലുകളും 121 ടഗ്ഗുകളും 130 സമുദ്ര സേവന കപ്പലുകളുമുണ്ട്. ലൂസ് ചരക്കുകൾ നീക്കം ചെയ്യുന്ന ഒമ്പതു കപ്പലുകളും മത്സ്യബന്ധനത്തിനുള്ള 14 കപ്പലുകളും മറ്റാവശ്യങ്ങൾക്കുള്ള 29 കപ്പലുകളും സൗദിയിലുണ്ട്.






