റിയാദ് - നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് രണ്ടാമത് അന്താരാഷ്ട്ര സാങ്കേതിക സമ്മേളനം (ലീപ്-23) റിയാദില്‍ സമാപിച്ചു. വിവിധ വകുപ്പുകളുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച, നാലു ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ 100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. ലോകത്തെ മുന്‍നിര സാങ്കേതിക കമ്പനികള്‍ അടക്കം ആയിരത്തോളം നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തെ അപേക്ഷിച്ച് ഇത്തവണ 350 നിക്ഷേപകര്‍ അധികം പങ്കെടുത്തു.
ഇത്തവണത്തെ സമ്മേളനത്തില്‍ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളിലും പുതിയ ഡാറ്റാ സെന്ററുകളിലും 900 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തങ്ങളും പ്രഖ്യാപിച്ചു. ലീപ് സമ്മേളനത്തിനിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ പ്ലാറ്റ്‌ഫോമുകളും ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും പുതുതായി പുറത്തിറക്കി. ജനപങ്കാളിത്തത്തില്‍ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായി ലീപ്-23 മാറി. സൗദിയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്ന മുന്‍നിര പ്ലാറ്റ്‌ഫോമിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് മൂന്നാമത് ലീപ് സമ്മേളനം 2024 മാര്‍ച്ച് നാലു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






