Sorry, you need to enable JavaScript to visit this website.

ഈ പളളിയില്‍ റമദാന്‍ സംഭാവനയായി ബിറ്റ്‌കോയിനും സ്വീകരിക്കും

ലണ്ടന്‍- റമദാന്‍ ദാനധര്‍മ്മങ്ങളുടേയും മാസമാണ്. പണമായും ചെക്കായും ഓണ്‍ലൈനായുമെല്ലാം സംഭാവനകള്‍ നല്‍കാന്‍ വഴികളുണ്ട്. എന്നാല്‍ കിഴക്കന്‍ ലണ്ടനിലെ ഡാസ്റ്റണിലെ ഷക്ക്ള്‍വെല്‍ ലൈന്‍ മസ്ജിദ് അധികൃതര്‍ സംഭാവന സ്വീകരിക്കാന്‍ നവീനമായ മറ്റൊരു വഴിയും ഒരുക്കിയിരിക്കുന്നു. വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളായും ഈ പളളിയില്‍ സംഭാവന സമര്‍പ്പിക്കാം. ബിറ്റ്‌കോയിന്‍ കൈവശമുള്ളവര്‍ക്ക് അത് ബ്രിട്ടീഷ് പൗണ്ടിലേക്കോ ഡോളറിലേക്കോ മാറ്റാന്‍ പലബുദ്ധിമുട്ടുകളും ഉണ്ട്. സംഭാവന നല്‍കുന്നവരുടെ ഈ ബുദ്ധിമുട്ട് തങ്ങള്‍ ഏറ്റെടുക്കുന്നതായും ഇവ മാറുന്ന ചെലവുകള്‍ തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് പള്ളി അധികൃതര്‍ പറയുന്നു.  ക്രിപ്‌റ്റോകറന്‍സി വിദഗ്ധനായ ലുകാസ് മുസിയല്‍ ആണ് പളളിക്കു വേണ്ടി ഈ സംവിധാനം ഒരുക്കിയത്. 

സംഭാവന നല്‍കുന്നവര്‍ക്ക് വെറുമൊരു ക്ലിക്കിന്റെ പണിയെ ഉള്ളൂ. ക്രിപ്‌റ്റോകറന്‍സ് പളളിയുടെ അക്കൗണ്ടിലെത്തും. പളളിയെ സംബന്ധിച്ചിടത്തോളം ലോകത്തെവിടെ നിന്നും സംഭാവനകള്‍ സ്വീകരിക്കാനുളള വിശാലമായ വഴിയും തുറന്നിരിക്കുന്നു, മുസിയല്‍ പറയുന്നു.

നേരത്തെ ബിറ്റ്‌കോയിന്‍ സംഭാവനായായി സ്വീകരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷേക്ക്ള്‍വെല്‍ പളളി ഇമാം അബ്ദല്ല അദെയ്മി ഇത് അംഗീകരിക്കുന്നില്ല.  ബിറ്റ്‌കോയിന്‍ മറ്റു കറന്‍സികളെ പോലെ തന്നെയാണെന്നും ട്രേഡിങ്ങില്‍ പളളി അധികൃതര്‍ നേരിട്ട് ഇടപെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഇത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ ലഭിച്ച സംഭാവനയേക്കാള്‍ ഉയര്‍ന്ന തുക ഇത്തവണ ലഭിക്കുമെന്ന് ഉറപ്പായതായും പളളി അധികൃതര്‍ പറയുന്നു.
 

Latest News