ദേശീയ വിരവിമുക്ത ദിനവും സുസ്ഥിര ഭക്ഷ്യ ഉൽപാദനത്തിന്റെ ഭാഗമായ ലോക പയറുവർഗ ദിനവുമാണ് ഇന്ന്. അന്തരീക്ഷം മലിനമാവുക വഴി കേരളത്തിന്റെ ഗ്രാമങ്ങളിലും ചുടുകാറ്റും പൊടികളും നിറഞ്ഞിരിക്കുകയാണ്. ശരീര കോശങ്ങളെ മാലിന്യമുക്തമാക്കുന്നതിനായി ശരിയായ വ്യായാമവും നല്ലയുറക്കവും ശ്വസനവും ശീലിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ശരീരങ്ങളുടെ മേളനമാണ് ക്ഷേമസമൂഹം.
കോവിഡ് വിസ്മൃതിയിലായി. ഇനി വകഭേദങ്ങൾ വരില്ലെന്ന് തീർത്തുപറയാനാകില്ല. കോവിഡ് അണുക്കൾ കണ്ടെത്തിയിട്ട് 2500 വർഷങ്ങളായി. പലപല പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്ന് മാത്രം. ഇത്തരം മഹാമാരികളെ എങ്ങനെ തടുക്കാമെന്ന് മനുഷ്യരറിയണം. ഇല്ലെങ്കിൽ ദുരന്തങ്ങളുടെ പേമാരിയാകും നാമനുഭവിക്കുക. തുർക്കിയും സിറിയയും ഭൂകമ്പം വിതച്ച മരണക്കൊയ്ത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. മനുഷ്യ നിർമിതികളൊക്കെ നിമിഷനേരം കൊണ്ട് കൺകൾക്ക് മുന്നിൽ തകർന്നടിയുകയാണ്.
2500 വർഷം മുമ്പ് ഭൂമിയിലെ ജനസംഖ്യ പത്തോ പതിനഞ്ചോ കോടിക്കുള്ളിലാണ്. ഇന്നത് 800 കോടിക്കു മുകളിലെത്തി. ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ ആയിരം കോടിയിലധികമാവും. ഭൂമിയാവട്ടെ വളരുന്നില്ലെന്ന് മാത്രമല്ല അതിന്റെ ഉപരിതലം ചുരുങ്ങുക്കൊണ്ടിരിക്കുകയാണ്. ഉൾഭാഗത്തുള്ള സമ്പത്തും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറെ ശ്രദ്ധയോടെ ഭൂമിയിൽ ജീവിച്ചില്ലെങ്കിൽ കോവിഡ് പോലെ ഒരു വൈറസ് വന്നുകൊണ്ട് മനുഷ്യകുലം നക്കിത്തുടക്കാനുള്ള സാധ്യത ഒരതിശയോക്തിയല്ലെന്ന് മനസ്സിലാക്കുക.
വൈറസുകൾ അതിന്റെ ഉദ്ദീപനം നടത്തുന്നതിന് ആവശ്യമായ അന്തരീക്ഷം നിഷേധിക്കപ്പെടുകവഴി ശക്തിക്ഷയത്തിലേക്ക് കടക്കുമെന്ന് പറഞ്ഞുകൊണ്ടാണ് 500 കോടി ജനങ്ങളെ വീടുകളിൽ തന്നെ ക്വാറന്റൈൻ സാഹചര്യത്തിൽ പിടിച്ചിട്ടത്. ആ കാലം വിസ്മൃതിയിലേക്ക് വലിച്ചെറിഞ്ഞ മനുഷ്യൻ വീണ്ടും പ്രകൃതി വിരുദ്ധമായ ജീവിതാവസ്ഥകളിലേക്ക് തിരിച്ചുപോകും. ഏറെ വൈകാതെ മറ്റൊരു പ്രകൃതി ദുരന്തത്തിന് വഴിയൊരുങ്ങും. ഈ വൈരുധ്യം അതിശയം തന്നെ. എന്നാൽ ഈ ചാക്രികത തുടർന്നുകൊണ്ടേയിരിക്കുമെന്ന് നാം പ്രതീക്ഷിക്കരുത്. ഭൂമിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര മേൽ ജനസംഖ്യ വർധിച്ചുകഴിഞ്ഞു. അറബിയിൽ മനുഷ്യൻ എന്നതിന് ഇൻസാൻ എന്ന വാക്കാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. മറക്കുന്നവൻ എന്നാണർത്ഥം. ആയതിനാൽ കഴിഞ്ഞകാല പാഠങ്ങളൊന്നും ഓർത്തെടുത്ത് ജീവിക്കുകയെന്നത് ശീലമില്ല. എന്നാൽ തിരിച്ചറിവ് മനുഷ്യന് സവിശേഷാൽ നൽകപ്പെട്ട പ്രഭാവമാണ്. ജിനോം ഇടപെടാത്ത ഇടങ്ങളിൽ ഈ തിരിച്ചറിവാണ് പകരമാകുന്നത്. തിരുത്തൽ പ്രക്രിയയാണ് തിരിച്ചറിവിന്റെ ആധാരം. മാറ്റുവിൻ ചട്ടങ്ങളെ എന്ന കാവ്യഭാവന പോലെ നാം പ്രാപ്തരാകുക, നമുക്കു വേണ്ടിയും ഭാവിതലമുറക്ക് വേണ്ടിയും.
പാഠം ഒന്ന് മനുഷ്യ ശരീരമാണ്. ശരീരമെന്നത് മാലിന്യങ്ങളുടെ കൂമ്പാരമാണ്. ഏറ്റവും ചീത്തയായ മാലിന്യ സംഭരണിയാണ് മനുഷ്യ വയറെന്ന് പ്രവാചകൻ. കല്ല്, കമ്പ് പോലുള്ള കഠിന വസ്തുക്കളൊഴികെ മനുഷ്യർ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ മുഴുവനായും അന്നപഥത്തിൽ ദഹിപ്പിക്കപ്പെടും. ഇതല്ല മറ്റു ജീവജാലങ്ങളുടെ അവസ്ഥ. ഏറ്റവും വലിയ ജീവിയായ ആനയെയെടുക്കാം. വളർത്തുമൃഗമായ ആനക്ക് ഏറെ ഭക്ഷണം കൊടുക്കാറുണ്ട്. പക്ഷേ, അതൊക്കെയും ദഹിപ്പിക്കപ്പെടാറില്ല. അതിന്റെ അതിജീവനത്തിനാവശ്യമുള്ളതൊഴികെ, ബാക്കിയൊക്കെ ചവച്ച അവസ്ഥയിൽ പുറത്ത് വരുന്നതാണ് ആനപ്പിണ്ഡി. ആനപ്പിണ്ടമോ ചാണകമോ മനുഷ്യോഛിഷ്ടം പോലെ ദുർഗന്ധം വമിപ്പിക്കാറില്ല, കാരണം അവ അസംസ്കൃത ഭക്ഷണ വസ്തുക്കളായാണ് പുറത്ത് വരുന്നത്. ആയതിനാൽ വിവേചനപൂർവമാവണം മനുഷ്യരുടെ ഭക്ഷണത്തോടുള്ള സമീപനം. എങ്കിൽ മൃഗങ്ങളെപ്പോലെ തന്നെ ശാരീരിക സൗഖ്യമുള്ളവരായി, ക്ഷയരഹിത ശരീരങ്ങളായി ജീവിച്ചു മരിക്കാനൊക്കും.
ചെടികൾ അവയ്ക്ക് ആവശ്യമില്ലാത്ത ഗ്ളൂകോസ് ഫലങ്ങളായി നമുക്ക് തരുന്നു. മനുഷ്യേതര ജീവജാലങ്ങൾക്ക് അവയുടെ ഉപാപചയ പ്രവർത്തനങ്ങൾ ജീനിൽ നേരത്തെ എഴുതപ്പെട്ടതാണ്. അതാണവയുടെ പ്രകൃതം. വസന്തത്തിൽ ചില പക്ഷികൾ ആഫ്രിക്കൻ വരാന്തരങ്ങളിലാണെങ്കിൽ ഗ്രീഷ്മകാലത്തിൽ കേരളത്തിലെത്തുന്നു. സൈബീരിയയിലെ പക്ഷികൾക്ക് കേരളത്തിലേക്ക് ദിഗ്ദർശനം നൽകപ്പെടുന്നത് അവരുടെ ജിനോമിൽ രേഖപ്പെടുത്തപ്പെട്ടതിനനുസരിച്ചാണ്.
മനുഷ്യരുടെ മിക്ക പ്രവൃത്തികളും ജീൻവഴി കൈമാറപ്പെടുന്നില്ല, വിശേഷിച്ചും നൈപുണി. മിക്കവാറും സ്വയമാർജിതമാണ് മനുഷ്യ പ്രവർത്തനങ്ങൾ. നമുക്കുള്ളത് ദൈവം നൽകിയ സ്വകീയമായ സ്വാതന്ത്ര്യമാണ്. അതിൽ ചയാപചയ പ്രക്രിയയും ഉൾപ്പെടും. നമുക്ക് നിശ്ചയിക്കാം എന്ത് കഴിക്കണമെന്ന്. അതിന് പല കാരണങ്ങളുമുണ്ട്. മനുഷ്യ ഉത്ഥാനത്തിന് പരിധികൾ നിശ്ചയിച്ചിട്ടില്ല. അത് മഹത്തരമാണ്. ഒരുപാട് കാര്യങ്ങൾ നമ്മെക്കൊണ്ട് ചെയ്യിക്കാനുണ്ട് ദൈവത്തിന്. അതിന് നമ്മെ പ്രാപ്തരാക്കുന്ന അച്ചടക്കത്തിൽ പെട്ടതാണ് കഴിക്കലും കഴിക്കാതിരിക്കലും. അത് തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യൻ യുക്തമായ നിലപാടെടുക്കണം. അതിനുള്ള അടക്കങ്ങളുടെ ഭാഗം കൂടിയാണ് ഉപവാസമടക്കമുള്ള പഥ്യങ്ങൾ.
വൈറസുകൾ പുറം ജോലിക്കാരാണ്. അവയുടെ സേവനം പ്രകൃതിക്ക് അനിവാര്യവുമാണ്. ചില പ്രതികൂല സാഹചര്യങ്ങളിൽ അവ മനുഷ്യ ശരീരത്തിനുള്ളിലേക്ക് കയറാം. അതിനെ കൈകാര്യം ചെയ്യാൻ ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാക്കാൻ ഒരു വലിയ സേനയെ ശരീരത്തിൽ തയാറാക്കിയിട്ടുണ്ട്. അതാണ് പ്രതിരോധ സംവിധാനം. കോടിക്കണക്കിന് കോശങ്ങളാണ് ഈ സംവിധാനത്തിനകത്തുള്ളത്. അവ വൈറസുകളെ കൈകാര്യം ചെയ്യാൻ പ്രാപ്തരാണ്. അവരുടെ പ്രാപ്തി നഷ്ടപ്പെടുത്തുന്നത് മനുഷ്യരുടെ തെറ്റായ ജീവിത രീതിയാണ്. ഭക്ഷണം, വിശ്രമം, വ്യായാമം, ശ്വസനം മുതലായവയിൽ നമ്മൾ കാണിക്കുന്ന അലംഭാവം. അതുപോലെ തന്നെ, മനുഷ്യന്റെ അത്യാർത്തി കാരണം പ്രകൃതിയെ നശിപ്പിക്കുന്ന മുറക്കും ശരീരത്തിന്റെ സംവിധാനങ്ങൾ അപകടത്തിലാകും. ഇതൊക്കെ നേരത്തെ പറഞ്ഞ മാലിന്യാവസ്ഥ മനുഷ്യ ശരീരത്തിനകത്ത് സംജാതമാക്കും.
മനുഷ്യന്റെ ജീവിത നിലവാരം മെച്ചപ്പെട്ടാൽ വൈറസുകൾ ഉപദ്രവിക്കില്ല. അവ പ്രകൃതിയെ ശുദ്ധിയാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. പക്ഷേ, വളരുക എന്നതും വിഘടിക്കുക എന്നതും ജീവൽ പ്രക്രിയയായതിനാൽ മനുഷ്യ ശരീരത്തിനകത്ത് അവ എത്തിയാൽ നമ്മുടെ കോശങ്ങളിൽ കയറിപ്പറ്റി, പ്രോട്ടീൻ ഉണ്ടാക്കി പിന്നീടവ സ്വതന്ത്രമായി പെറ്റുപെരുകി നമ്മുടെ കോശങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കും. ഇതൊഴിവാക്കാൻ പ്രതിരോധ ശേഷി നിലനിർത്തുകയെന്നതാണ് നമ്മൾ ചെയ്യേണ്ടത്. ജീവൻ നിലനിർത്തുന്നതും വളർച്ച സാധ്യമാക്കുന്നതും ഭക്ഷണമാണ്. ഇത് മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും വൈറസുകളിലും ഒരേപോലെയാണ്.
മാലിന്യ സംസ്കരണമാണ് പാഠം രണ്ട്. അക്കാര്യത്തിൽ നാം മലയാളികൾ മഹാദുരന്തമാണ്. ദൈവത്തിന്റെ സ്വന്തം നാടാണ് അകലെനിന്ന് നോക്കിയാൽ, എന്നാൽ നമ്മുടെ ആവാസ വ്യവസ്ഥ നേരിൽ കാണുന്നവർ സ്തബ്ധരായിപ്പോവും. മാലിന്യം അതിന്റെ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന സംസ്കാരം നാമുടനെ പരിശീലിച്ചെടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ വളരെ പെട്ടെന്ന് വിരകളും വൈറസുകളും നമ്മെ കീഴ്പ്പെടുത്തും. ലക്ഷങ്ങൾ വീടിനായി മുടക്കുന്നവർക്കും മാലിന്യ സംസ്കരണത്തിന് ഒരു പദ്ധതിയില്ല. മാലിന്യം കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന് ആപ്തവാക്യമുണ്ട്. എന്നാൽ അതിന്റെ പ്രായോഗിക വശം നമുക്കജ്ഞാതവുമാണ്. ഫലപ്രദമായി ഉപയോഗിച്ചാൽ ബയോഗ്യാസ് പ്ളാന്റുകൾ ഓരോ വീട്ടിലും ഉണ്ടാക്കുകയും പാചകത്തിനാവശ്യമായ ഇന്ധനം ലഭിക്കുകയും ചെയ്യും. അന്തരീക്ഷത്തിലെ ഓക്സിജന്റെ ഭാഗിക മർദം മൊത്തം ബാരോമെട്രിക് മർദത്തിന്റെ 20.9% ആണ്. ആ അളവിൽ ശുദ്ധവായു ലഭിക്കുന്നത് ഗ്രാമങ്ങളിൽ മാത്രമാണ്. അന്തരീക്ഷം മലിനമാവുക വഴി കേരളത്തിന്റെ ഗ്രാമങ്ങളിലും ചുടുകാറ്റും പൊടികളും നിറഞ്ഞിരിക്കുകയാണ്.
ശരീര കോശങ്ങളെ മാലിന്യമുക്തമാക്കുന്നതിനായി ശരിയായ വ്യായാമവും നല്ലയുറക്കവും ശ്വസനവും ശീലിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ശരീരങ്ങളുടെ മേളനമാണ് ക്ഷേമസമൂഹം. അതുണ്ടായിട്ട് മാത്രമേ മറ്റ് അളവുകോലുകൾ മുന്നോട്ടു വെക്കുന്നതിൽ പ്രസക്തിയുള്ളൂ. ആരോഗ്യമാണ് സർവധനാൽ പ്രധാനമെന്നത് ആപേക്ഷിക ആപ്തവാക്യമല്ല, അടിസ്ഥാന വിശ്വാസ പ്രമാണമായി നാമതിനെ കണക്കാക്കുക.






