പാർലമെന്റിൽ രാഹുലും മോഡിയും നടത്തിയ ആക്രമണോത്സുകമായ പ്രസംഗങ്ങൾ, 2024 ലെ തെരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചുകഴിഞ്ഞെന്ന് വ്യക്തമാക്കുന്നു. തനിക്കെതിരായ ആരോപണങ്ങൾക്കെല്ലാം മൗനത്തിന്റെ മൂടുപടമിട്ട് ഒഴിഞ്ഞുമാറിയ മോഡി, കോൺഗ്രസിന്റെ സുദീർഘ ഭരണ ചരിത്രം തന്നെയാണ് ആയുധമാക്കുന്നത്. മാധ്യമങ്ങൾ സഹായിക്കാനില്ലാത്ത, പാറപോലെ ഉറച്ച പാർട്ടി സംവിധാനമില്ലാത്ത, പണമില്ലാത്ത രാഹുൽ ഗാന്ധി ഈ പോരാട്ടത്തിൽ നേരിടുന്ന വെല്ലുവിളികളേറെയാണ്.
ചൊവ്വ:
അക്കമിട്ട് നിരത്തിയ ആരോപണങ്ങൾ, അസുഖകരമായ ചോദ്യങ്ങൾ, മൂർച്ചയുള്ള വാക്കുകൾ, പരിഹാസം.... ലോക്‌സഭയിൽ നടത്തിയ 54 മിനിറ്റ് പ്രസംഗത്തിൽ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ. പതിവുപോലെ അസ്ത്രങ്ങളെല്ലാം മോഡിക്ക് നേരെ തിരിച്ചുവെച്ച്, ശാന്തമെങ്കിലും ഗംഭീരമായ ഭാവത്തിൽ രാഹുലിന്റെ ആക്രമണം ബി.ജെ.പി ബെഞ്ചുകളെ പ്രകോപിതരാക്കി പലപ്പോഴും. അദാനി-മോഡി ബന്ധത്തിന്റെ തെളിവുകളിലേക്ക് തന്റെ വാക്ശരങ്ങൾ കൊണ്ട് ദിശ തീർത്തു രാഹുൽ. കോൺഗ്രസിന് നവോന്മേഷമെന്ന് പലരും പറഞ്ഞു.
ബുധൻ:
പതിവുശൈലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആക്രമണോത്സുകമായ വാഗ്മിത്വം. രാഹുലിനെ പരിഹാസ ശരങ്ങളാൽ കുത്തിമുറിവേൽപിച്ചു. രാഹുലിന്റെ ആക്രമണം മോഡിയെ കേന്ദ്രീകരിച്ചതായിരുന്നുവെങ്കിൽ മോഡിയുടേത് അങ്ങനെയായിരുന്നില്ല. കോൺഗ്രസിന്റെ അഴിമതി ചരിത്രത്തിലൂടെ അദ്ദേഹം ഊളിയിട്ടു. ഒന്നും ചെയ്യാത്ത പത്ത് വർഷത്തെ യു.പി.എ ഭരണത്തെ വിമർശിച്ചു. ഒമ്പത് വർഷത്തെ തന്റെ ഭരണത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞു. ഒടുവിൽ അഹങ്കാരത്തോളമെത്തുന്ന സ്വരത്തിൽ വെല്ലുവിളി. നിങ്ങൾക്കെന്നെ തോൽപിക്കാനാവില്ല. എന്റെ സുരക്ഷ ജനങ്ങളാണ്. ഞങ്ങൾ അവരുടെ അയൽവാസിയാണ്. 140 കോടി ജനങ്ങൾക്കൊപ്പമാണ് നിങ്ങൾ. കഴിഞ്ഞ എത്രയോ വർഷങ്ങളായി നിങ്ങൾ എന്നെ അപഹസിക്കുന്നു. പക്ഷേ എന്തെങ്കിലും നടന്നോ. ഇനിയും ഒന്നും നടക്കില്ല. മോഡിയെ പരാജയപ്പെടുത്താൻ നിങ്ങൾക്കാവില്ല.

ഇത്രയും വാചാലനായിട്ടും പക്ഷേ മൗനത്തിന്റെ മഹാമേരു മോഡിയെ ചൂഴ്ന്നുനിന്നു. കോൺഗ്രസ് ആവശ്യപ്പെട്ട, രാജ്യം പ്രതീക്ഷിച്ച ആ മൂന്നു വാക്കുകൾ മോഡിയുടെ നാവിൽനിന്ന് ഉതിർന്നില്ല. അദാനി.... മൗനത്തിന്റെ 54 ഇഞ്ച് നീളമുള്ള മൂടുപടത്തിൽ ആ വാക്കിനെ മോഡി ഒളിപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ല. പ്രതിസന്ധിയെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല.
ഈ രണ്ടു ദിവസങ്ങൾ പുതിയ യുദ്ധത്തിന്റെ ശംഖൊലിയായിരുന്നു. 2024 ന്റെ കേളികൊട്ട്. 400 ദിവസത്തിന് ശേഷം വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെ തന്റെ തന്ത്രം മോഡി ഉറക്കെ പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്രയോടെ ഉന്മേഷത്തോടെ തിരിച്ചെത്തിയ രാഹുലിനെയും കോൺഗ്രസിനെയും തന്നെ എതിരാളിയായി കിട്ടിയ സന്തോഷം മോഡിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. മമതയോ കെജ്‌രിവാളോ നിതീഷ് കുമാറോ ആകുന്നതിനേക്കാൾ മോഡിക്ക് എളുപ്പം എതിരാളി രാഹുൽ തന്നെ ആകുന്നതാണ്. കാരണം, മോഡിക്ക് എടുത്തുവീശാൻ കോൺഗ്രസിന്റെ സുദീർഘ ഭരണ ചരിത്രമുണ്ട്. എല്ലാ ആരോപണങ്ങളെയും അഴിമതിയെയും ജനാധിപത്യ ധ്വംസനത്തെയും ഭരണഘടന ലംഘനങ്ങളെയും ജുഡീഷ്യൽ അപ്രമാദിത്തത്തെയും മറച്ചുവെക്കാനും നീതീകരിക്കാനും കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽനിന്നുള്ള ഏടുകൾ സുലഭമായുണ്ട്.
ഇന്നലെ രാജ്യസഭയിലെ പ്രസംഗത്തിൽ അത് വീണ്ടും മോഡി തെളിയിച്ചു. കുടുംബാധിപത്യത്തെ വലിച്ചുകീറി, നെഹ്‌റുവിനെ പൊക്കിപ്പിടിക്കുന്നവർ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേര് സ്വന്തം പേരിനോട് കൂട്ടുന്നില്ല, പകരം ഗാന്ധിയെന്ന വാക്ക് കടമെടുത്തതെന്തിന് എന്ന് കൈയടി കിട്ടുന്ന, അതേസമയം അർഥരഹിതമായ ചോദ്യങ്ങൾ ഉന്നയിച്ചു. നാമം ജപിക്കുന്ന പോലെ മോഡി... മോഡി എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന എം.പിമാർക്കിടയിൽ, മോഡി അപ്രതിരോധ്യനായി നിലകൊണ്ടു.
മോഡി എന്ന ബിംബമാണ് ബി.ജെ.പിയുടെ തുറുപ്പുശീട്ട് എന്നറിയാവുന്നതുകൊണ്ടാണ് കോൺഗ്രസും രാഹുലും അത് തകർക്കാൻ ശ്രമിക്കുന്നത്. അതേ തിരിച്ചറിവ് തന്നെയാണ് മോഡിയുടെ പ്രതിരോധത്തിലും. 2019 ൽ കോൺഗ്രസിന്റെ പരാജയപ്പെട്ട തന്ത്രമാണത്. മോഡിയെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട് ജയം സാധ്യമല്ലെന്നും രാഹുലിന്റെ ഈ തന്ത്രമാണ് വലിയ പരാജയത്തിനിടയാക്കിയതെന്നും കോൺഗ്രസിൽ തന്നെ വിമർശമുയർന്നു. വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിച്ചെടുത്ത മോഡിയോടും സംഘ് പരിവാറിനോടും ഏറ്റുമുട്ടുക കോൺഗ്രസിന് അസാധ്യമായി മാറി. വല്ലാത്തൊരു നിസ്സഹായാവസ്ഥയിൽ എത്തിപ്പെട്ടു ആ പാർട്ടി.
നേതാക്കളുടെ കൊഴിഞ്ഞുപോക്കും ആഭ്യന്തര പ്രശ്‌നങ്ങളും കാരണം ദുർബലമായ കോൺഗ്രസിന് ഉണർത്തുപാട്ടായിരുന്നു ജോഡോ യാത്ര. അത് ഗ്രാമങ്ങളിലും നഗരങ്ങളും വലിയ ആവേശമുണർത്തി. രാഹുലിനൊപ്പം നടക്കാൻ, ആലിംഗനം ചെയ്യാൻ ഒക്കെ ധാരാളമാളുകൾ മുന്നോട്ടു വന്നു. യാത്രയുടെ ദൈർഘ്യം കൊണ്ടു മാത്രമല്ല, ഡിസംബറിലെയും ജനുവരിയിലെയും ഉത്തരേന്ത്യയിലെ കൊടും ശൈത്യത്തെ നേരിട്ടും അത് സഫലമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തെ രാഷ്ട്രീയ നേതാക്കളിൽ സവിശേഷമായൊരു സ്ഥാനം അദ്ദേഹത്തിന് ഈ യാത്ര നേടിക്കൊടുത്തു. കടുത്ത തണുപ്പിലും തൂവെള്ള ടീ ഷർട്ട് മാത്രമണിഞ്ഞ് രാഹുൽ നടത്തിയ യാത്രയെ പലരും പ്രശംസിച്ചു. സോഷ്യൽ മീഡിയയിൽ വൈറൽ തരംഗങ്ങൾ സൃഷ്ടിച്ചു. സന്ന്യാസിയെപ്പോലെ പരിത്യാഗിയായ രാഷ്ട്രീയക്കാരന് എന്നും ഇന്ത്യൻ രാഷ്ട്രീയം പവിത്രത കൽപിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും സമൂർത്തമായ ഉദാഹരണം മഹാത്മാഗാന്ധി തന്നെ. ഇതേ പ്രതിഛായ തന്നിലേക്ക് ആവാഹിക്കാനുള്ള ശ്രമം രാഹുൽ നടത്തിയിട്ടുണ്ട്. അത് കുറേയൊക്കെ ഫലം കാണുകയും ചെയ്തു.
അസാധാരണമായ നേട്ടങ്ങളാർജിക്കുമ്പോഴാണ് ഒരു നേതാവിന്റെ കരിഷ്മ ഉയരുന്നത്. നേട്ടങ്ങൾ ശരിയോ തെറ്റോ ആകാം. മറ്റാരും മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുന്ന നേതാക്കൾ ജനങ്ങളിൽ മാസ്മരികത സൃഷ്ടിക്കുന്നു. ഇന്ദിരാഗാന്ധിയെ എടുക്കൂ... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അസമിലും പഞ്ചാബിലും കശ്മീരിലും സ്ഥിതിഗതികൾ വഷളാക്കിയിട്ടും 1971 ലെ പാക്കിസ്ഥാൻ യുദ്ധവും 1974 ലെ ആണവപരീക്ഷണവും ഇന്ദിരയെ നിലനിർത്താൻ പര്യാപ്തമായിരുന്നു. എ.ബി. വാജ്‌പേയി പോലും അവരെ ദുർഗ എന്ന് വിളിച്ചു. മോഡിയും അസാധാരണ പ്രവൃത്തികളാൽ കരിഷ്മ തെളിയിച്ചു. 2002 ലെ ഗുജറാത്ത് കലാപം, ബാലകോട്ടിലെ മിന്നലാക്രമണം, 2016 ലെ നോട്ട് നിരോധം. ഈ കരിഷ്മയുമായി നിൽക്കുന്ന നേതാവിനെ ജോഡോ യാത്രയിലൂടെ പ്രാപ്തി തെളിയിച്ച രാഹുലിന് 2024 ൽ തെരഞ്ഞെടുപ്പ് ഗോദയിൽ നേരിടാനാകുമോ എന്നതാണ് ചോദ്യം.
മോഡിയുടെ ശക്തി തിരിച്ചറിയുന്നിടത്താണ് ഈ ചോദ്യത്തിന്റെ യഥാർഥ ഉത്തരം. അതിൽ ഏറ്റവും പ്രധാനം രാജ്യത്തെ മുഖ്യധാര മാധ്യമങ്ങൾ മോഡിയുടെ പ്രതിഛായയെ പൊലിപ്പിക്കുന്നതിൽ മത്സരിക്കുന്ന ദൃശ്യമാണ്. ഇന്ത്യയിൽ നടക്കാൻ പോകുന്ന ജി20 ഉച്ചകോടി തന്നെ ഉദാഹരണമായി എടുക്കുക. റൊട്ടേഷൻ ക്രമത്തിൽ ഇന്ത്യക്ക് ലഭിച്ചതാണ് ജി20 അധ്യക്ഷ പദവിയെന്ന യാഥാർഥ്യം മറച്ചുവെച്ച് ഇന്ത്യയുടെ ശക്തിയും മികവും കണ്ട് താലത്തിൽ വെച്ചുകൊടുത്ത പദവിയാണതെന്നും അതിന് പിന്നിൽ മോഡിയുടെ കരിഷ്മയാണെന്നും വാഴ്ത്തുന്ന ദേശീയ മാധ്യമങ്ങൾ അസാധാരണമായ ഒരു രാഷ്ട്രീയ പ്രകടനമായിട്ടു കൂടി ഭാരത് ജോഡോ യാത്രയെ നിഷ്‌കരുണം അവഗണിക്കുകയാണ് ചെയ്തത്. മോഡിയുടെ രണ്ടാമത്തെ ശക്തി, എല്ലാം കണ്ടും കേട്ടും നിയന്ത്രിച്ചും സംഘ്പരിവാർ എന്ന ബൃഹത്തായ രാഷ്ട്രീയ ഘടന അദ്ദേഹത്തിന് പിന്നിൽ പാറ പോലെ ഉറച്ചു നിലനിൽക്കുന്നു എന്നതാണ്. കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ രാഹുലിന് നഷ്ടമാകുന്നതും ഈ സ്തംഭമാണ്. മൂന്നു ചോദ്യങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ്. ഈയിടെ നടന്ന പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ ചലിപ്പിക്കാൻ സഹായിച്ചിട്ടുണ്ടോ, പാർട്ടി അണികളെ ഉത്തേജിപ്പിക്കാൻ ജോഡോ യാത്രയിലൂടെ രാഹുലിന് സാധിച്ചിട്ടുണ്ടോ, സംസ്ഥാന തലങ്ങളിൽ ഗ്രൂപ്പിസത്തെ അതിജീവിക്കാൻ പാർട്ടി പ്രാപ്തമാണോ.. കർണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ഈ ചോദ്യത്തിന് ഉത്തരം പറയും.
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ 2024 ൽ പാർട്ടി രക്ഷപ്പെടുമോ? കോൺഗ്രസിന് നേരത്തെ തന്നെ ഒരു പദ്ധതിയുണ്ട്, 2019 ൽ അത് അവർ മുന്നോട്ടു വെച്ചതാണ്. പക്ഷേ പിടിച്ചുനിൽക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ അനിവാര്യമാണ്.
ഒന്നാമതായി, പൊതുജനങ്ങളിലേക്കെത്തുന്ന വളച്ചൊടിച്ച വിവരങ്ങൾ തടയപ്പെടണം, ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള സ്‌പേസ് ചുരുങ്ങിവരികയാണ്, അതില്ലാതാവണം. തെരഞ്ഞെടുപ്പ് നേരിടാനുള്ള സാമ്പത്തിക കരുത്ത് ഉണ്ടാകണം. 2019 ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും കൂടി ചെലവഴിച്ചതിനേക്കാൾ കൂടുതൽ പണം ഒറ്റക്ക് ഇറക്കിയ പാർട്ടിയാണ് ബി.ജെ.പി. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം പ്രതിപക്ഷ പാർട്ടികളുടെ കോർട്ടിലാണ്. ജോഡോ യാത്രയിൽനിന്ന് ആർജിച്ച കരുത്ത് യു.പി.എയെ പുനസ്സംഘടിപ്പിക്കാൻ കോൺഗ്രസിനെ സഹായിക്കുമോ എന്ന ചോദ്യമാണത്. മൻമോഹൻ സിംഗിനെ രണ്ടാമതും അധികാരത്തിലേറ്റിയ കൂട്ടായ്മയാണത് എന്ന് മറക്കരുത്.ഭാരത് ജോഡോ യാത്ര, സമീപഭാവിയിലൊന്നും തെരഞ്ഞെടുപ്പ് നേട്ടമായി മാറില്ലെന്ന് കരുതിയാലും വേരുകളിലേക്ക് മടങ്ങിപ്പോകുന്ന ഒരു ജനകീയ പ്രസ്ഥാനമായി, പുതിയൊരു പോരാട്ട വേദി കോൺഗ്രസിനായി തുറന്നുവെക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ നിദർശനമാണ് പാർലമെന്റിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടതെന്ന് നിസ്സംശയം പറയാം.






