പോലീസ് വേട്ട കാരണം ആശുപത്രിയില്‍ പോയില്ല, അസമില്‍ ഗര്‍ഭിണി മരിച്ചു

അസമിലെ മോറിഗാവ് ജില്ലയില്‍ ശൈശവ വിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനു പുറത്ത് വിലപിക്കുന്ന സ്ത്രീകള്‍.

ഗുവാഹത്തി- അസമില്‍ പോലീസിനെ പേടിച്ച് യഥാസമയം ആശുപത്രിയില്‍ പോകാതിരുന്ന ഗര്‍ഭിണിയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബൊംഗൈഗാവ് ജില്ലയിലാണ്  16 വയസ്സായ ഗര്‍ഭിണി ഒടുവില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. ശൈശവ വിവാഹത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പോലീസ് വേട്ടയാണ് വിവാഹിതയായ പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ചതെന്ന്  കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു.
 നിരപരാധിയായ പെണ്‍കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പി  മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കാണ്. അദ്ദേഹത്തിന്റെ വിഡ്ഢിത്തം ഗര്‍ഭിണികളായ കൗമാരക്കാര്‍ പ്രസവത്തിനായി ആശുപത്രികളിലേക്ക് പോകുന്നത് ഇല്ലാതാക്കി.  ഇപ്പോള്‍ മരിച്ച കുട്ടിക്ക് അമ്മയില്ല, അച്ഛന്‍ ജയിലിലാണ്- ഗൊഗോയ് ട്വീറ്റ് ചെയ്തു.
പോലീസിന്റെ ശൈശവ വിവാഹ വിരുദ്ധ നടപടികളെ  പ്രശംസിച്ച സംസ്ഥാന മന്ത്രിസഭ നടപടി തുടരാന്‍ വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.
18 വയസ്സിന് താഴെയുള്ള ഗര്‍ഭിണികള്‍ ആശുപത്രിയില്‍ പ്രസവിക്കുന്നതിന് പകരം വീടാണ് തിരഞ്ഞെടുക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി പറഞ്ഞു. തങ്ങളുടെ പിതാക്കന്മാരെയും ഭര്‍ത്താക്കന്മാരേയും ജയിലിലടക്കുമെന്ന ഭയമാണ് ഇതിന് കാരണം. സംസ്ഥാനത്ത് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍ അസം പോലീസ് ഇതുവരെ 2,763 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News