കെവിന്റെ ഭാര്യയായി ജീവിക്കും; നീനു മാതാപിതാക്കള്‍ക്കെതിരെ

കോട്ടയം-കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കണമെന്നും അതുമാത്രമാണ് ഇനി തന്റെ ആഗ്രഹമെന്നും നീനു. പ്രണയ വിവാഹത്തെ തുടര്‍ന്ന് വീട്ടുകാര്‍ അയച്ച ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ വിധവ നീനു വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
 
കെവിനെ കൊലപ്പെടുത്തിയത്  തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നും നീനു ആരോപിച്ചു.കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പ്രണയബന്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് അച്ഛനും അമ്മയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു.
കെവിനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് നീനു ആരോപിച്ചു.

അതിനിടെ, കൊലക്കേസില്‍ പിടിയിലായ നിയാസ് നിരപരാധിയെന്ന് മാതാവ് ലൈലാബീവി പറഞ്ഞു. മകനെ മനപ്പൂര്‍വം കേസില്‍ കുടുക്കിയിരിക്കയാണ്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയാണ് ഡ്രൈവറെ വേണമെന്നു പറഞ്ഞു നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയതെന്നും അവര്‍ പറഞ്ഞു.

Latest News