Sorry, you need to enable JavaScript to visit this website.

ഒട്ടകമോ, ബീഫോ എന്തും തട്ടിക്കോ സുലൈമാനിയെ മറക്കാതിരുന്നാല്‍ മതി 

തലശ്ശേരി- സുലൈമാനിയുടെ ആരോഗ്യ ഗുണങ്ങളറിയുന്നവര്‍ അതൊഴിവാക്കാറില്ല. ഒട്ടകമോ, ബീഫോ എന്തും ധൈര്യമായി കഴിക്കാം ഒപ്പം സുലൈമാനി ഉണ്ടെങ്കില്‍.  ബിരിയാണി പോലുള്ള കനത്ത ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം സുലൈമാനി കുടിക്കുന്നത് പലരും ശീലമാക്കാറുണ്ട്. ഭക്ഷണശേഷം ദാഹമകറ്റാന്‍ ഒരു പാനീയം എന്നതിലുപരി നിരവധി ആരോഗ്യഗുണങ്ങള്‍ ഇത് വഴിയുണ്ടാകുന്നു എന്ന് അറിഞ്ഞും അറിയാതെയും ഇങ്ങനെ ചെയ്യുന്നവരുണ്ട്. ദഹന സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് കൃത്യമായ രീതിയില്‍ തയ്യാറാക്കിയെടുത്ത സുലൈമാനി കൊണ്ടുള്ള ഗുണം. 
സുലൈമാനിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ് വയറിന്റെ ആരോഗ്യത്തിന് ഗുണകരമായി മാറുന്നത്. ദഹനത്തോടൊപ്പം ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ക്കും ആശ്വാസം ലഭിക്കും. നാരങ്ങാ നീര്, തേന്, കറുവാപ്പട്ട, പുതിന, ഗ്രാമ്പൂ, ഇഞ്ചി, ഏലയ്ക്ക എന്നിങ്ങനെയുള്ള കൂട്ടുകളാണ് സുലൈമാനിയ്ക്കായി ഉപയോഗിക്കേണ്ടത്. ഇതില്‍ നാരങ്ങാ നീരാണ് സുലൈമാനിയുടെ പ്രധാന ചേരുവ. പ്രമേഹരോഗികള്‍ മധുരം ഒഴിവാക്കി കറുവാപ്പട്ട ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
പാല്‍ അടങ്ങിയിട്ടില്ല എന്നതും സുലൈമാനിയെ വയറിന് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ദഹനത്തെ സ്വാധീനിക്കുന്നതോടൊപ്പം തടി കുറയ്ക്കാനും സഹായകരമാണ്.കൂടാതെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഉണര്‍വ് നല്‍കാനും സുലൈമാനിയ്ക്ക് കഴിയും.സുലൈമാനിയിലെ തിയോഫിലിന്‍, കഫീന്‍ എന്നീ ഘടകങ്ങളാണ് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇവ കൂടാതെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തമാക്കാനും സുലൈമാനിയ്ക്ക് കഴിയും.

Latest News