ജയ്സൺ ആന്റണിക്ക് ദമാം എസാസ്‌ക്കയുടെ യാത്രയയപ്പ്

നാട്ടിലേക്കു മടങ്ങുന്ന ജയ്സൺ ആന്റണിക്ക് എസാസ്‌ക്കയുടെ മെമന്റോ തമ്പി പത്തിശ്ശേരി കൈമാറുന്നു.

ദമാം- കാൽ നൂറ്റാണ്ട് പ്രവാസം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ജയ്സൺ ആന്റണിക്ക് എടത്വാ സെന്റ് അലോഷ്യസ് സ്‌കൂൾ, കോളേജ് അലുംനി അസോസിയേഷൻ (എസാസ്‌ക്ക) യാത്രയയപ്പ് നൽകി. ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ റവ്വാബി ഗ്രൂപ്പ് ഓഫ് കമ്പനിയിൽ പ്രോജക്ട് മാനേജരായി ഇരുപത്തിയഞ്ച് വർഷം സ്തുത്യർഹമായ രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചാണ് ജയ്സൺ ആന്റണി കണ്ടത്തിൽ സ്വമേധയാ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങുന്നത്. 
ഭാര്യ മറിയാമ്മ ജയ്സൺ പതിനാലു വർഷക്കാലം ദഹ്‌റാനിലുള്ള പ്രിൻസ് സുൽത്താൻ മിലിട്ടറി കോളേജ് ഓഫ് ഹെൽത്ത് സയൻസിൽ (ദഹ്‌റാൻ മിലിട്ടറി ഹോസ്പിറ്റൽ) നഴ്‌സിംഗ് ട്യൂട്ടർ ആയിരുന്നു. ദീർഘകാലമായി എസാസ്‌ക്കയുടെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചാണ് ജയ്‌സൺ ആന്റണിയും ഭാര്യ മറിയാമ്മ ജയ്സണും ഏക മകൻ ഇമ്മാനുവൽ ജയ്സണും ഒപ്പം നാട്ടിലേക്ക് മടങ്ങുന്നത്. എസാസ്‌ക്ക ഹൃദ്യമായ യാത്രയയപ്പാണ് ഒരുക്കിയത്. 
സീന ജസ്റ്റിൻ, ജോർജ് സഖറിയ, ജസ്റ്റിൻ തോമസ്, ജോണി പുതിയാറ, ഷിബു എം.പി, ബിജു പാലക്കളം, ജിനോച്ചൻ, വർഗീസ് പുന്നപ്ര എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. തമ്പി പത്തിശ്ശേരി എസാസ്‌ക്കയുടെ മെമന്റോ കൈമാറി. ഈപ്പൻ വർഗീസ് എടത്തിൽ സ്വാഗതവും ഡിജോ പഴയമഠം നന്ദിയും പറഞ്ഞു. യാത്രയയപ്പിന് രണ്ടു പേരും നന്ദി അറിയിക്കുകയും എസാസ്‌ക്ക നാട്ടിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും അറിയിച്ചു.

Tags

Latest News