ജിദ്ദ- ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ ലീഗിൽ എ ഡിവിഷൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. അൽമാസ് പ്ലാസ്റ്റിക്‌സ് ആൻഡ് ക്ലീനിംഗ്, എൻകൺഫോർട്‌സ്, ബാഹി ഗ്രൂപ്പ് എന്നിവർ പ്രായോജകരാകുന്ന ടൂർണമെന്റിൽ സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിൽ രജിസ്റ്റർ ചെയ്ത 19 ടീമുകൾ പങ്കെടുക്കും.
വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ബി ഡിവിഷൻ മത്സരത്തിൽ ജിദ്ദ എഫ്.സി, സ്‌കൈലോൺ ഐ.ടി സോക്കറിനെ നേരിടും. 9 മണിക്കാണ് ടൂർണമെന്റിന്റെ ഉദ്ഘാടനം. ടൂർണമെന്റ് പ്രതിനിധികൾ, സൗദി ഇന്ത്യൻ ഫുട്‌ബോൾ ഭാരവാഹികൾ, മറ്റു സ്‌പോൺസർമാർ എന്നിവർ പങ്കെടുക്കും. 9.30 ന് നടക്കുന്ന ആദ്യ എ ഡിവിഷൻ മത്സരത്തിൽ, ജിദ്ദയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബുകളിലൊന്നായ എ.സി.സിയും പുതുതായി കടന്നുവന്ന മഹ്ജർ എഫ്.സിയുമാണ് മത്സരിക്കുന്നത്.
10.30 ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സിഫിലെ ചാമ്പ്യൻമാരായ സബീൻ എഫ്.സിയും, ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുമാണ് സൂപ്പർ ലീഗിൽ ഏറ്റുമുട്ടുന്നത്. 2020 ലെ സിഫ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ജിദ്ദയിലെ കളിക്കാരോടൊപ്പം സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നാട്ടിൽ നിന്നും കളിക്കാർ അണിനിരക്കുന്നുണ്ട്.
കുട്ടികളുടെ മത്സരങ്ങൾ വ്യാഴം, ശനി ദിവസങ്ങളിലാണ് നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ടാലെന്റ് ടീൻസ്, സോക്കർ ഫ്രീക്‌സിനെ ഗ്രൂപ്പ് തല മത്സരത്തിൽ നേരിടും. ശനിയാഴ്ച രാവിലെ 7 മണിക്ക് ജെ.എസ്.സി സ്‌പോർട്‌സ് അക്കാദമി, സോക്കർ ഫ്രീക്‌സിനെ മറ്റൊരു ഗ്രൂപ്പ് തല മത്സരത്തിൽ നേരിടുമ്പോൾ, രാവിലെ 8 മണിക്ക്, സ്‌പോർട്ടിംഗ് യുണൈറ്റഡ്, സ്‌പോർട്ടിങ് യുണൈറ്റഡ്-ബിയെ നേരിടും.
കഴിഞ്ഞ ആഴ്ചയിൽ നടന്ന ബി ഡിവിഷൻ മത്സരത്തിൽ എൻകൺഫോർട്‌സ് എ.സി.സി, യൂത്ത് ഇന്ത്യ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ യൂത്ത് ഇന്ത്യ ഗോൾ കീപ്പർ ഹബീബ് റഹ്മാനെ മത്സരത്തിലെ കേമനായി തെരഞ്ഞെടുത്തു. ബി ഡിവിഷനിലെ മറ്റൊരു മത്സരത്തിൽ എൻകൺഫേർട്‌സ് റെഡ്‌സീ ബ്ലാസ്‌റ്റേഴ്‌സ്, ബ്ലൂസ്റ്റാർ ബിയെ സമനിലയിൽ കുരുക്കി. ഇരു ടീമുകളും ഗോൾ മുഖത്തേക്ക് നിരവധി ഷോട്ടുകൾ പായിച്ചെങ്കിലും രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ റെഡ്‌സീ സ്‌െ്രെടക്കർ മുനവ്വർ കുറ്റീരിയെ മത്സരത്തിലെ കേമനായി തെരഞ്ഞെടുത്തു. ജൂനിയർ വിഭാഗം മത്സരത്തിൽ ടാലെന്റ് ടീൻസ്, സ്‌പോർട്ടിംഗ് യുണൈറ്റഡ്-ബി യെ പരാജയപ്പെടുത്തി. മികച്ച പ്രകടനം നടത്തിയ ടോപ് സ്‌കോറർ ടാലെന്റ് ടീൻസിലെ ആസിഫ് മത്സരത്തിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റൊരു ജൂനിയർ വിഭാഗം മത്സരത്തിൽ സ്‌പോർട്ടിംഗ് യുണൈറ്റഡ്, ജെ.എസ്.സി സ്‌പോർട്ട്‌സ് ക്ലബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സ്‌പോർട്ടിങ് യുണൈറ്റഡിലെ അഫീഫ് അഹമ്മദിനെ മത്സരത്തിലെ കേമനായി തെരഞ്ഞെടുത്തു.
സിഫ് സെക്രട്ടറി അയ്യൂബ് മുസ്ലിയാരകത്ത്, നിസാം പാപ്പറ്റ, സമ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞിപ്പ എന്നിവരും, ക്ലബ് ഭാരവാഹികളും പങ്കെടുത്തു.






