ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം ; ചിന്ത ജെറോമിനെതിരെ അധിക്ഷേപ പ്രസംഗവുമായി കെ.സുരേന്ദ്രന്‍

കോഴിക്കോട് : സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് അവള്‍ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍ കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു.
കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന ബി.ജെ.പി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. അതേ സമയം താന്‍ നടത്തിയ   പരാമര്‍ശം മോശമായതല്ലെന്നും ചിന്ത ജെറോമാണ് മോശമായ കാര്യങ്ങള്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന  ചെയ്യുന്നുണ്ട്. എന്നാല്‍  പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയും ചെയ്യുന്ന സര്‍ക്കാര്‍ വന്‍കിടക്കാരെ തൊടുന്നില്ല. മാഫിയ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്.

സി എ ജി റിപ്പോര്‍ട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നതാണ്.  ഒരുപാട് തുക കേന്ദ്രം കേരളത്തിനു നല്‍കുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടിയാണ് നല്‍കുന്നത്. ജനവികാരം മനസിലാക്കി നികുതി വര്‍ദ്ധനവ് പിന്‍വലിക്കണം. അല്ലാത്തപക്ഷം ഹര്‍ത്താല്‍ അടക്കം കേരള സ്തംഭിപ്പിക്കുന്ന സമരവുമായി ബി ജെ പി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News