മൊഴിയെടുക്കാന്‍ വിളിപ്പിച്ചയാളുടെ ആത്മഹത്യ: ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കുന്നു

സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുന്നു.

സുല്‍ത്താന്‍ബത്തേരി- വയനാട് പൊന്‍മുടിക്കോട്ടയ്ക്കു സമീപം സ്വകാര്യ തോട്ടത്തില്‍ കടുവയെ  കഴുത്തില്‍ കുരുക്കുമുറുകി ചത്ത നിലയില്‍ കണ്ട കേസില്‍ മൊഴിയെടുക്കുന്നതിന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജനകീയ പ്രതിഷേധം.  ഹരിയെ ആത്മഹത്യയിലേക്കു നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റി അസംപ്ഷന്‍ ജംഗ്ഷനില്‍ ദേശീയപാത ഉപരോധം തുടങ്ങി. രാവിലെ പത്തോടെ ആരംഭിച്ച സമരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകളാണ് പങ്കെടുക്കുന്നത്.  ഉപരോധം ബത്തേരിയില്‍നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതത്തെ ബാധിച്ചു.
അമ്പുകുത്തി  പാടിപറമ്പ് നാല് സെന്റ് കോളനിയിലെ ഹരിയെയാണ്(56)ഇന്നു പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഒന്നര വയസുള്ള കടുവ സ്വകാര്യതോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത് ഹരിയാണ്. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഹരിയെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കടുവ വിഷയത്തില്‍ മുനവെച്ച ചോദ്യങ്ങളുമായി ഹരിയെ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നതായാണ്  ഭാര്യ ഉഷയുടെ വെളിപ്പെടുത്തല്‍.  അതേസമയം, ഹരിയെ മൊഴിയെടുന്നുന്നതിനു റേഞ്ച്  ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ഒരു തവണ വീടിനു സമീപത്തുവച്ച് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Latest News