Sorry, you need to enable JavaScript to visit this website.

മുടി നേരെയാക്കാന്‍ മരുന്ന് ഉപയോഗിച്ച്  കാന്‍സര്‍, കമ്പനിക്കെതിരെ കേസുകള്‍ 

ഷിക്കാഗോ-ലോറിയല്‍ കമ്പനിയുടെ കേശ അലങ്കാരത്തിനുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ പിടിപെടുന്നു എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറുപത്  പേര്‍ ഷിക്കാഗോയിലുടനീളമുള്ള കോടതികളില്‍ കേസ് ഫയല്‍ ചെയ്തു. ലോറിയലിനും അവരുടെ അനുബന്ധ കമ്പനികള്‍ക്കും എതിരെയാണ് നിയമനടപടികള്‍ക്ക് ഉപഭോക്താക്കള്‍ ഒരുങ്ങുന്നത്. മുടി ടെക്‌സ്ചര്‍ ചെയ്ത് നേരെയാക്കുന്നതിനായി ഉത്പന്നങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നും, കമ്പനിക്ക് അപകടകരമായ രാസവസ്തുക്കളെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ഇത് മറച്ച് വച്ച് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുകയായിരുന്നുവെന്നും കേസ് നല്‍കിയവര്‍ ആരോപിക്കുന്നു. വിവിധ കോടതികളില്‍ നല്‍കിയിട്ടുള്ള കേസുകള്‍ ഒരിടത്തേക്ക് കേന്ദ്രീകരിക്കും.
കെമിക്കല്‍ ഹെയര്‍ സ്ട്രഗ്തനിംഗ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഗര്‍ഭാശയ അര്‍ബുദത്തിന് ഇടയാക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് പരാതികള്‍ ഉയര്‍ന്നത്. ജെന്നി മിച്ചല്‍ എന്ന യുവതിയാണ് ആദ്യം പരാതി നല്‍കിയത്. കഴിഞ്ഞ ഇരുപത് കൊല്ലമായി ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും അര്‍ബുദത്തെ തുടര്‍ന്ന് ഗര്‍ഭാശയം എടുത്തുമാറ്റേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ അര്‍ബുദം ഗണ്യമായി വര്‍ദ്ധിക്കുന്നതാണ് പഠനത്തിലേക്ക് നയിച്ചത്. ചുരുണ്ട മുടിക്കാരായ ഇവര്‍ കേശ സംരക്ഷണത്തിനായി സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫ്രഞ്ച് കോസ്മെറ്റിക് കമ്പനിയാണ് ലോറിയല്‍. എന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെതിരെ പരാതി ഉയരുമ്പോഴും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും, തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയില്‍ ആത്മവിശ്വാസമുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

Latest News