ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ വാരാന്ത്യ ക്ലാസ് സംഘടിപ്പിച്ചു

ജിദ്ദ- ഇന്ത്യൻ ഇസ് ലാഹി സെന്റർ ജിദ്ദയിൽ വാരാന്ത്യ ക്ലാസ് സംഘടിപ്പിച്ചു. 'എന്റെ ഈമാനിന് എന്തുപറ്റി' എന്ന വിഷയത്തിൽ അബ്ദുസ്സലാം മൗലവി മോങ്ങം ക്ലാസെടുത്തു. മനുഷ്യ ശരീരം വല്ലാത്തൊരു അത്ഭുത സൃഷ്ടിയാണെന്നുള്ള തിരിച്ചറിവിലൂടെ മനുഷ്യൻ അവന്റെ സ്രഷ്ടാവിനെ കണ്ടെത്തേണ്ടതുണ്ടെന്ന് അബ്ദുസ്സലാം മൗലവി അഭിപ്രായപ്പെട്ടു. 
പിതാവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞത് പോലെ സ്രഷ്ടാവിന്റെ സ്‌നേഹവും അനുഭവിക്കുമ്പോഴാണ് സ്രഷ്ടാവിനെ അടുത്തറിയാൻ സാധിക്കുന്നത്. ഏത് പ്രതിസന്ധിയിലും, രോഗാവസ്ഥയിലും തന്റെ സംരക്ഷണത്തിനായി ഒരു അദൃശ്യ ശക്തിയുണ്ടെന്നുള്ള വിശ്വാസം മനുഷ്യർക്ക് നിർഭയത്വം നൽകുന്നു. കലുഷിതമായ ഇന്നിന്റെ സാഹചര്യങ്ങളിൽ സമാധാനമായി ജീവിക്കാൻ എകദൈവ വിശ്വാസം കൂടുതൽ കരുത്ത് നൽകുന്നു. 
അല്ലാഹുവിന്റെ സംരക്ഷണം എപ്പോഴും കൂടെയുണ്ടെന്നുള്ള ചിന്തയാണ് ഏകദൈവ വിശ്വാസം. ഹൃദയം എന്നത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഒരു അവയവം മാത്രമല്ല. മറിച്ച് അതിൽ സ്‌നേഹം കരുണ, അനുകമ്പ  അതുപോലെയുള്ള മറ്റു കാര്യങ്ങൾ നിക്ഷേപിച്ചത് സ്രഷ്ടാവാണ്. അതുപോലെ തന്നെയാണ് മനസ്സും. മനസ്സ് എന്നത് ശാസ്ത്രം കണ്ടുപിടിക്കാത്ത അത്ഭുത പ്രതിഭാസമാണ്. അത് മനുഷ്യനിൽ സൃഷ്ടിച്ചത് സ്രഷ്ടാവിന്റെ മാത്രം കഴിവിൽ പെട്ടതുമാണ്.ഇസ് ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് നന്ദി പറഞ്ഞു.

Tags

Latest News