Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മശാഇർ മെട്രോ നിരക്കും വിമാന സർവീസ് നിരക്കും ഉയർത്തി

മക്ക- പ്രവർത്തന ചെലവ് ഉയർന്നത് കണക്കിലെടുത്ത് മശാഇർ മെട്രോ ടിക്കറ്റ് നിരക്ക് 250 റിയാലിൽ നിന്ന് 400 റിയാലാക്കി ഹജ്, ഉംറ മന്ത്രാലയം ഉയർത്തി. മശാഇർ മെട്രോ സർവീസ് ആരംഭിച്ച കാലം മുതൽ കഴിഞ്ഞ വർഷം വരെ 250 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. മശാഇർ മെട്രോ നിരക്ക് ഉയർത്തിയ കാര്യം കഴിഞ്ഞ ദിവസം ഹജ്, ഉംറ മന്ത്രാലയം സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചതായി ഹജ് സർവീസ് കമ്പനി ഏകോപന സമിതി അംഗവും സമിതി വക്താവുമായ മുഹമ്മദ് അൽ ഖുറശി പറഞ്ഞു. 
ടിക്കറ്റ് നിരക്ക് ഉയർത്തിയത് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയമാണ്. മശാഇർ മെട്രോ പ്രവർത്തിപ്പിക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ചൈനീസ് കമ്പനിയുമായി കരാർ ഒപ്പു വെച്ചിട്ടുണ്ട്. പുതിയ കരാർ തുക 120 കോടി റിയാലാണ്. സ്പാനിഷ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയാണ് ചൈനീസ് കമ്പനിക്ക് കരാർ നൽകിയത്. പുതിയ കരാറിൽ തുക വലിയ തോതിൽ ഉയർന്നതാണ് ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് പ്രേരകം. 
ആഭ്യന്തര ഹജ് തീർഥാടകരിൽ നിന്ന് ഹജ്, സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാവുന്ന വിമാന നിരക്കും മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. സൗദിയിലെ മറ്റു നഗരങ്ങളിൽ നിന്ന് വിമാന മാർഗം ജിദ്ദ വഴി മക്കയിലും തിരിച്ചും എത്തിക്കുന്നതിന് തീർഥാടകരിൽ നിന്ന് ഈടാക്കാവുന്ന നിരക്ക് 2,200 റിയാൽ മുതൽ 2,465 റിയാൽ വരെയായാണ് ഉയർത്തിയിരിക്കുന്നത്. 
ഹജ് തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും പുണ്യ സ്ഥലങ്ങളിൽ വാഹന തിരക്ക് കുറക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് മശാഇർ മെട്രോ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മശാഇർ മെട്രോ പാതയെ വിശുദ്ധ ഹറമുമായും മക്ക, ജിദ്ദ, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കുന്ന ഹറമൈൻ റെയിൽവേയുമായും ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. പുണ്യ സ്ഥലങ്ങളിലൂടെ കൂടുതൽ മെട്രോ പാതകൾ നിർമിക്കാനും ആലോചനയുണ്ട്. 
പുണ്യ സ്ഥലങ്ങളുടെ തെക്കു ഭാഗത്തു കൂടിയാണ് മെട്രോ പാത കടന്നു പോകുന്നത്. അഞ്ചു ലക്ഷം തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് ശ്രമിച്ച് മുൻ വർഷങ്ങളിൽ നാലു ലക്ഷത്തിൽ താഴെ തീർഥാടകർക്ക് മാത്രമാണ് മെട്രോയിൽ യാത്രാ സൗകര്യം ഒരുക്കിയത്. മിനായിലും അറഫയിലും മുസ്ദലിഫയിലുമായി ആകെ ഒമ്പതു സ്റ്റേഷനുകളാണ് മെട്രോയിലുള്ളത്. 
ഏഴു വർഷം മുമ്പാണ് മശാഇർ മെട്രോ പ്രവർത്തനം തുടങ്ങിയത്. 700 കോടിയോളം റിയാൽ ചെലവഴിച്ച് ചൈനീസ് കമ്പനിയാണ് മശാഇർ മെട്രോ പദ്ധതി നടപ്പാക്കിയത്. 1500 തൂണുകളിലാണ് പാത സ്ഥാപിച്ചിരിക്കുന്നത്. 12 ബോഗികൾ വീതം അടങ്ങിയ 20 ട്രെയിനുകൾ സർവീസിന് ഉപയോഗിക്കുന്നുണ്ട്. ഒരു സർവീസിൽ മൂവായിരം തീർഥാടകരെ ഉൾക്കൊള്ളാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. ഇരുപത് കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാതയിലൂടെയാണ് മെട്രോ സർവീസ് നടത്തുന്നത്. അറഫക്ക് കിഴക്ക് സ്റ്റോറേജ് ഏരിയ മുതൽ ജംറക്ക് തെക്ക് മിനാ സ്റ്റേഷൻ വരെയും തിരിച്ചുമാണ് മെട്രോ സർവീസുകൾ. 

 

Latest News