ദമാം- എറണാകുളം ജില്ലയിലെ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ആലുവ അസ്ഹറുൽ ഉലൂം വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് മാതൃകാപരമായ ദൗത്യമാണ് നിർവഹിക്കുന്നതെന്ന് അബൂബക്കർ ഫാറൂഖി. തണൽ എറണാകുളം ദമാം ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അസ്ഹർ ഉലൂം അക്കാദമിക് ചെയർമാനും ജമാഅത്തെ ഇസ് ലാമി എറണാകുളം ജില്ലാ പ്രസിഡന്റുമായ അദ്ദേഹം.
പ്രമുഖ പണ്ഡിതനായ ജമാൽ മുഹിയുദ്ധീന്റെ നേതൃത്വത്തിൽ സ്ഥാപിതമായ അസ്ഹറുൽ ഉലൂം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, നാടിന്റെ സാമൂഹ്യ പുരോഗതിയിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അസ്ഹർ ആലുംനി പ്രസിഡന്റ് ജമാൽ അസ്ഹരി പ്രവാസികളുടെ കുടുംബം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രവാസി സമൂഹം കേരളത്തിലെ വിദ്യാഭ്യാസ വൈജ്ഞാനിക സാമൂഹ്യ പുരോഗതിക്കായി വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.
തണൽ ദമാം ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് അധ്യക്ഷത വഹിച്ചു. തനിമ അഖില സൗദി പ്രസിഡന്റ് കെ.എം ബഷീർ സമാപനം നടത്തി. ജമാൽ മുപ്പത്തടം, അബ്ദുൽ റഹീം മുകളേൽ, സിദ്ദീഖ് ആലുവ, ഹാരിസ്, സലാം കലൂർ, സിയാദ് മുഹമ്മദ്, ജമാൽ ആലുവ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






