ദമാം- ജാം ക്രിയേഷൻസിന്റെ ബാനറിലെ ആദ്യ ഹ്രസ്വ ചിത്രം 'ഒറ്റ' പ്രദർശനത്തിനൊരുങ്ങിയതായി അണിയറ പ്രവർത്തകർ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കല നന്മക്ക് എന്ന ലക്ഷ്യത്തോടെ ദമാമിലെ ഒരു കൂട്ടം കലാകാരന്മാർ രൂപവത്കരിച്ച കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയാണ് ജാം ക്രിയേഷൻസ്.
ജസ്റ്റ് എ മിനുട്ട് അഥവാ ജാം എന്നതാണ് ഈ കൂട്ടായ്മയുടെ തലവാചകം. പ്രവാസികളെന്ന നിലയിൽ അനന്തം, അലക്ഷ്യമിങ്ങനെ ജീവിച്ചു പോകുന്നതിനിടെ ഒട്ടേറെ ചോദ്യങ്ങളുടെ നടുവിൽ, ഒരു നിമിഷമെങ്കിലും പരസ്പരം ഉത്തരമായി എഴുന്നേറ്റു നിൽക്കാൻ, ജീവിതത്തിന്റെ പൊരുളറിയാൻ, വീണു പോയവരെ ചേർത്തു പിടിക്കാൻ, സ്വപ്നങ്ങൾക്ക് നിറം പകരാൻ പ്രചോദനമാവേണ്ട ഒരു നിമിഷം, അതാണ് ഈ കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്നും ഇവർ അറിയിച്ചു. ജാമിന്റെ ഔദ്യോഗിക പ്രഖ്യാപനവും ജാമിന്റെ ബാനറിലുള്ള ഷോർട്ട് ഫിലിം 'ഒറ്റ'യുടെ റിലീസിംഗും ഫെബ്രുവരി 11 ന് റോസ് ഗാർഡനിൽ നടക്കും. കല വെറും കേവലാർഥത്തിലുള്ള കലയ്ക്ക് വേണ്ടിയല്ല. കലാ സൃഷ്ടികൾ മനുഷ്യ മനസ്സിനെ വിമലീകരിക്കാനുതകുന്ന മൂർച്ചയുള്ള ഉപകരണങ്ങളാണ്. ക്രിയാത്മകമായി സമൂഹ മനസ്സിനെ സ്വാധീനിക്കാനാവുന്ന മെഗാ ഫോണുകളാണ് കലാവിഷ്‌കാരങ്ങൾ. ആഭാസങ്ങൾ നിറഞ്ഞ വിഭിന്ന ആസ്വാദന തലങ്ങൾ സമകാലിക കലാ രംഗത്ത് തിരുത്തലുകളായി മിഴി തുറക്കുന്ന മൂല്യബോധമുള്ള കലാവിഷ്‌കാരങ്ങളാണ് പിറക്കേണ്ടതെന്നും അതിനായുള്ള ചെറിയ ഇടപെടലുകളാണ് തങ്ങളുടെ ഈ ശ്രമമെന്നും പ്രവാസ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും ഇവർ അഭ്യർഥിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് സുബൈർ പുല്ലാളൂർ, അസിസ്റ്റന്റുമാരായ സഈദ് ഹമദാനി, ജോഷി ബാഷ, എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളായ റിനു അബൂബക്കർ, ശരീഫ് കൊച്ചി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






