കോബാറിൽ ഡബ്ല്യു.എം.സി വനിതാ വേദിയുടെ റെഡ് കാർപെറ്റ് നാളെ

ഡബ്ല്യു.എം.സി അൽകോബാർ പ്രൊവിൻസ് വനിതാ വേദി ഭാരവാഹികൾ ദമാമിൽ വാർത്താ സമ്മേളനത്തിൽ.

ദമാം- ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അൽകോബാർ ഘടകം വനിതാ വേദി വനിതകൾക്കായി റെഡ് കാർപെറ്റ് പരിപാടി സംഘടിപ്പിക്കുന്നു.
ഫെബ്രുവരി പത്ത് വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ സൈഹത്തിലെ ഡെൽമൻ റിസോർട്ടിൽ വ്യത്യസ്തങ്ങളായ മത്സരങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന റെഡ് കാർപെറ്റിൽ നടിയും മോഡലുമായ സാധിക വേണുഗോപാൽ മുഖ്യാതിഥിയായി സംബന്ധിക്കും -സംഘാടകർ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സൗന്ദര്യ മത്സരം ഉൾപ്പെടെ നടക്കുന്ന വൈകിട്ട് 5 മണി വരെയുള്ള പരിപാടിയിലേക്കുള്ള പ്രവേശനം വനിതകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേക്ക് മേക്കിംഗ്, ഈറ്റിംഗ് ചലഞ്ച്, മെഹന്തി മത്സരം എന്നീ ഇനങ്ങളും, കുട്ടികളുടെ പ്രഛന്ന വേഷ മത്സരവും വനിതകൾക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. 
പ്രവശ്യയിലെ വനിതകളുടെ കരവിരുതുകൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി റെഡ് കാർപെറ്റിൽ വനിതകൾ തയാറാക്കിയ ചിത്ര കരകൗശല പ്രദർശനവും ഉണ്ടാകും. വൈകിട്ട് 5 മണി മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന സമാപന ചടങ്ങിൽ വൈവിധ്യമാർന്ന കലാ വിരുന്നുകളും സംസ്‌കാരിക സദസ്സും സംഘടിപ്പിക്കുമെന്നും ഇവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ഡബ്ല്യു.എം.സി അൽകോബാർ പ്രൊവിൻസ് വനിതാ വേദി ഭാരവാഹികളായ അർച്ചന അഭിഷേക്, ഹുസ്ന ആസിഫ്, ഷംല നജീബ്, സോഫിയ താജു, പ്രജിത അനിൽകുമാർ, അനു ദിലീപ്, രതിനാഗ, അഫീജ സിറാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Tags

Latest News