ജിദ്ദ- മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിടുന്ന കൊമേഴ്‌സ് കോൺസലും ഹെഡ് ഓഫ് ചാൻസറിയുമായ ഹംന മറിയത്തിന് ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റീവ് (ജി.ജി.ഐ) യാത്രയയപ്പ് നൽകി. ജി.ജി.ഐയുടെ ഉപഹാരം പ്രസിഡന്റ് ഹസൻ ചെറൂപ്പ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറർ ഇബ്രാഹിം ശംനാട്, സെക്രട്ടറി കബീർ കൊണ്ടോട്ടി എന്നിവർ ചേർന്ന് സമ്മാനിച്ചു.
പത്തു ലക്ഷത്തോളം ഇന്ത്യക്കാരുള്ള സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ സേവന കാലം ഏറെ അനുഭൂതിദായകവും ആഹ്ലാദകരവുമായിരുന്നുവെന്ന് ഹംന പറഞ്ഞു. ജിദ്ദയിലെ പ്രവാസി സമൂഹവുമായും വിശിഷ്യാ ഇളംതലമുറയുമായും അടുത്തിടപഴകാൻ സാധിച്ചത് ഏറെ അനുഭവങ്ങൾ പകർന്നു തന്നതായി ഇന്ത്യൻ സ്‌കൂൾ ഒബ്‌സർവർ കൂടിയായിരുന്ന ഹംന അനുസ്മരിച്ചു.
വ്യാഴാഴ്ച പുലർച്ചെ ജിദ്ദ വിടുന്ന ഹംന ന്യൂദൽഹിയിൽ വിദേശ മന്ത്രാലയ ആസ്ഥാനത്ത് ചുമതലയേൽക്കും. പാരീസ് ഇന്ത്യൻ എംബസിയിൽ പ്രവർത്തിച്ച ശേഷം, 2019 ഡിസംബർ പത്തിനാണ് ജിദ്ദയിൽ കമ്യൂണിറ്റി വെൽഫെയർ കോൺസലായി ഹംന ചുമതലയേറ്റത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രഥമ വനിതാ ഐ.എഫ്.എസ് ഓഫീസറായ ഹംന, ഫാറൂഖ് കോളേജിൽ അസി. പ്രൊഫസറായിരിക്കേയാണ് അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്കുമായി ഐ.എഫ്.എസ് നേടിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ടി.പി അഷ്‌റഫിന്റെയും മെഡിക്കൽ കോളേജ് ഫിസിയോളജിസ്റ്റ് ഡോ. പി.വി ജൗഹറയുടെയും മകളായ ഹംനയുടെ ഭർത്താവ് ഹൈദരാബാദ് സ്വദേശിയായ ഐ.എ.എസ് ഓഫീസർ അബ്ദുൽ മുസമ്മിൽ ഖാനാണ്.






