ദമാം - ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് ലോജിസ്റ്റിക് കേന്ദ്രം സ്ഥാപിക്കാൻ സൗദി പോർട്‌സ് അതോറിറ്റിയും എക്‌സ്ട്ര കമ്പനിയും കരാർ ഒപ്പുവെച്ചു. സൗദി പോർട്‌സ് അതോറിറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ സൗദി പോർട്‌സ് അതോറിറ്റി പ്രസിഡന്റ് ഉമർ ബിൻ ത്വലാൽ ഹരീരിയും എക്‌സ്ട്ര കമ്പനി ചെയർമാൻ അബ്ദുൽജബ്ബാർ ബിൻ അബ്ദുറഹ്മാൻ അൽഅബ്ദുൽജബ്ബാറുമാണ് കരാറിൽ ഒപ്പുവെച്ചത്. രാജ്യത്തെ തുറമുഖങ്ങളിൽ സമഗ്ര ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കാൻ സ്വകാര്യ മേഖലക്ക് അവസരമൊരുക്കാനും പങ്കാളികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സുസ്ഥിര ശേഷികളും പരിഹാരങ്ങളും നടപ്പാക്കാനുമുള്ള സൗദി പോർട്‌സ് അതോറിറ്റി തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.
സാമ്പത്തികമായും സാമൂഹികമായും അധിക മൂല്യം സൃഷ്ടിക്കാൻ സഹായിക്കുന്ന തരത്തിൽ ഗതാഗതം, വിതരണം, സംഭരണം എന്നിവയുടെ നിലവാരം ഉയർത്താനാണ് ശ്രമം. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമായി സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ഇതിലൂടെ സാധിക്കും.
കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഉപകാരപ്പെടുന്ന വെയർഹൗസുകളും മറ്റു അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കാൻ ദമാം തുറമുഖത്തിനു സമീപം എക്‌സ്ട്ര കമ്പനിക്ക് സൗദി പോർട്‌സ് അതോറിറ്റി 32,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്. ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് കണ്ടെയ്‌നറുകൾ സ്വീകരിച്ച് കമ്പനിക്കു കീഴിലെ മറ്റു വെയർഹൗസുകളിലേക്ക് നീക്കം ചെയ്യുന്ന കേന്ദ്രമായാണ് പുതിയ ലോജിസ്റ്റിക് സോൺ പ്രവർത്തിക്കുക.
സേവനങ്ങളും സജ്ജീകരണങ്ങളും പൂർണമായ 43 വാർഫുകൾ ദമാം തുറമുഖത്തുണ്ട്. ജംബോ കപ്പലുകൾ സ്വീകരിക്കാൻ ദമാം തുറമുഖത്തിന് ശേഷിയുണ്ട്. ഏതാനും കണ്ടെയ്‌നർ ടെർമിനലുകളും നൂതന സജ്ജീകരണങ്ങളും ഒരു ലക്ഷം ചതുരക്ര മീറ്റർ വിസ്തൃതിയുള്ള സമഗ്ര ലോജിസ്റ്റിക് സോണും ദമാം തുറമുഖത്തുണ്ട്.






