കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായി മനുഷ്യ - വന്യജീവി സംഘർഷങ്ങൾ മാറിയിരിക്കുന്നു. ഈ പംക്തിയിൽ പലവട്ടം എഴുതിയ വിഷയമാണിത്. എന്നാൽ അനുദിനം വിഷയം കൂടുതൽ കൂടുതൽ രൂക്ഷമാകുകയാണ്. ഒരു കാലത്ത് കാടുകയറുന്ന മനുഷ്യരായിരുന്നു വന്യമൃഗങ്ങൾക്ക് ഭീഷണിയെങ്കിൽ ഇപ്പോൾ കാടിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്ക് ഭീഷണിയായിരിക്കുന്നു. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ 637 പേർ കൊല്ലപ്പെട്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. നശിപ്പിക്കപ്പെട്ട കൃഷിക്കും കൊല്ലപ്പെട്ട വളർത്തുമൃഗങ്ങൾക്കും കണക്കൊന്നുമില്ല. ഇക്കാര്യത്തിൽ കേന്ദ്രം സജീവമായി ഇടപെടണമെന്നും പാർലമെന്റ് പാസാക്കിയ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അവതരിപ്പിക്കാൻ പോകുന്ന സംസ്ഥാന ബജറ്റിലേക്കായി വന്യജീവി അക്രമണം തടയാനുള്ള പദ്ധതികൾക്ക് 400 കോടിയുടെ പദ്ധതി വനം വകുപ്പ് സമർപ്പിച്ചിട്ടുണ്ട്. നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്താൻ ദ്രുതകർമ സേനയുടെ 25 യൂനിറ്റുകൾ രൂപീകരിക്കാനും വനാതിർത്തിയിൽ 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സജ്ജമാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. സൗരോർജ വേലി, കിടങ്ങുകൾ, ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ്, ജൈവവേലി, ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ തുടങ്ങി പല നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതിനിടെ വളരെ ശ്രദ്ധേയമായ പ്രസ്താവനയാണ് സാക്ഷാൽ മാധവ് ഗാഡ്ഗിലിൽ നിന്നുണ്ടായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടന വിരുദ്ധമാണെന്നും കോടതിയെ സമീപിച്ചാൽ അതിൽ ഭേദഗതി സാധ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ആശയത്തിനു വിഘാതമാണ് ഈ നിയമമെന്നാണ് അദ്ദേഹം പറഞ്ഞത്. കാട്ടുപന്നികള കൊല്ലാൻ മാത്രമല്ല, തിന്നാനും അനുമതി നൽകണമെന്നും അദ്ദേഹം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇതോടെ ഗാഡ്ഗിലിനോട് സംസ്ഥാനത്തെ ഒരു വലിയ വിഭാഗത്തിനുണ്ടായിരുന്ന വിദ്വേഷം കുറഞ്ഞിട്ടുണ്ട്. അതേസമയം ഈ വിഷയമടക്കം നാം നേരിടുന്ന പല പാരിസ്ഥിതിക പ്രശ്‌നങ്ങളെയും നേരിടാൻ ഗാഡ്ഗിൽ റിപ്പോർട്ട് സഹായിക്കുമെന്നതിൽ സംശയമില്ല. അതിനെതിരെ നടന്ന അക്രമാസക്തമായ സമരങ്ങളെ ഇതുമൂലം ന്യായീകരിക്കാനുമാകില്ല.
വനസംരക്ഷണ നിയമങ്ങൾ മുമ്പത്തേക്കാൾ കർക്കശമായി നടപ്പാക്കാനാരംഭിച്ചതോടെ വനങ്ങളുടെ നാശം കുറക്കാനും വന്യജീവികളെ വേട്ടയാടലുകൾ കുറക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല. അപ്പോഴും സ്വാഭാവിക വനങ്ങളിൽ ഉള്ള മരങ്ങൾ വെട്ടിമാറ്റി പകരം ഏകവിള തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുമുണ്ട്. 1950-1982 കാലയളവിൽ ഇത്തരത്തിൽ 41% വനം വയനാട് ജില്ലയിൽ മാത്രം നഷ്ടമാെയന്ന കണക്കുകളുണ്ട്. ഏകവിള തോട്ടങ്ങൾ വികസിപ്പിച്ചതു വഴി വനത്തിന്റെ വൈവിധ്യം നഷ്ടപ്പെടും. വന്യജീവികൾക്ക് ആവാസയോഗ്യമല്ലാതെ, തീറ്റയും കുടിവെള്ളവും കിട്ടാത്ത അവസ്ഥയിൽ വനം മാറും. ഭക്ഷണ ദൗർലഭ്യം, ജലക്ഷാമം, സഞ്ചാരപാത ശോഷണം, ഇണ ചേരാനുള്ള അവസരങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രതിസന്ധികളെ വന്യജീവികൾക്ക് നേരിടേണ്ടതായിവരും. അതും മറ്റു പല കാരണങ്ങൾക്കൊപ്പം മൃഗങ്ങൾ കാടിറങ്ങാൻ കാരണമാണ്. ഇക്കാര്യം കേരള വനം വകുപ്പ് വിലയിരുത്തി. വനത്തിനകത്ത് തേക്ക്, അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ ഇനം മരങ്ങൾ ഭാവിയിൽ നടേണ്ടതില്ല എന്ന തീരുമാനം എടുത്തതായി വാർത്തയും കണ്ടു. ആവർത്തിക്കുന്ന കാട്ടുതീയും മറ്റൊരു കാരണമാണ്.
വന്യജീവി വേട്ടകൾക്ക് കുറവു വന്നതോടെ വനങ്ങളിൽ മൃഗങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഉദാഹരണം, വയനാട്ടിലെ കടുവകളുടെ എണ്ണം തന്നെ. അവിടെ വന്യമൃഗ സങ്കേതം 340 സ്‌ക്വയർ കിലോ മീറ്ററിൽ നൂറ്റമ്പതോളം കടുവകളുള്ളതായാണ് കണക്ക്. 20 സ്‌ക്വയർ കിലോ മീറ്റർ സ്ഥലം ഒരു കടുവക്ക് ആവാസ സ്ഥലമായി ആവശ്യമുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാലും മൃഗങ്ങളുടെ എണ്ണം വർധിച്ചതിനാലും അവക്ക് വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യം അതിരൂക്ഷമായിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അരുവികളിലൊന്നും പഴയ പോലെ വെള്ളമില്ല. മാത്രമല്ല, വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് വളരെ ഇഷ്ടമുള്ള വിഭവങ്ങൾ കൃഷി ചെയ്യപ്പെടുന്നു. സ്വാഭാവികമായും അവ കാടിറങ്ങി വരാതിരിക്കുമോ? വാസ്തവത്തിൽ വന്യമൃഗങ്ങൾക്ക് ഭക്ഷ്യലഭ്യത ഉറപ്പു വരുത്താൻ പറ്റുന്ന പ്ലാവ്, മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ കാട്ടിൽ നട്ടുപിടിപ്പിക്കാനുള്ള ആസൂത്രണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വൈദ്യുത വേലികൾ സ്ഥാപിച്ച് വന്യജീവികളെ പൂർണമായും തടയാമെങ്കിലും അത് സുരക്ഷിതമായ ദീർഘകാല പദ്ധതിയാണെന്നു പറയാനാകില്ല. കാടിന്റെ തൊട്ടടുത്ത് ഇപ്പോഴുള്ളതു പോലുള്ള രീതിയിൽ കൃഷി ചെയ്യാതിരിക്കുക, ഭക്ഷ്യയോഗ്യമല്ലാത്ത വിളകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കാവുന്നതാണ്. എന്നാൽ കർഷകരുടെ ജീവിത മാർഗമായതിനാൽ അവർക്ക് മറ്റു മാർഗഗ്ഗങ്ങൾ ഒരുക്കാതെ ഇതെങ്ങനെ സാധ്യമാകും? മാത്രമല്ല, മാംസഭോജികളായ മൃഗങ്ങളുടെ വിഷയത്തിൽ ഇത് പ്രായോഗികവുമല്ലല്ലോ. ഈ ദുരിതം നേരിടുന്നവരിൽ ഭൂരിപക്ഷവും ആദിവാസികളും കർഷകത്തൊഴിലാളികളും ദരിദ്ര കർഷകരുമാണെന്നതും മറക്കാനാകില്ല.
കർഷകർക്കും ആദിവാസികൾക്കും വനത്തിനടുത്ത് ജീവിക്കുന്നവർക്കും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നിലവിലുണ്ട്. പദ്ധതി പ്രകാരം ആളുകൾക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസ പദ്ധതികൾ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തു ലക്ഷം രൂപ കൈപ്പറ്റി താമസിക്കുന്നയിടത്തുനിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കിൽ പത്തു ലക്ഷം രൂപ സ്വീകരിക്കാതെ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ വനങ്ങളോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവർക്ക് അതിനു സാധ്യമാകുമോ, പുതിയ സ്ഥലങ്ങളിൽ അവരുടെ ജീവിതം എങ്ങനെയായിരിക്കും, ആദിവാസികളെ സംബന്ധിച്ചിടത്തോളം വനാവകാശ നിയമത്തിന്റെ ലംഘനമല്ലേ എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
എന്തായാലും വളരെ ഗുരുതരമായ ഒന്നായി ഈ വിഷയം വരുംകാലത്ത് മാറുമെന്നുറപ്പ്. ഇപ്പോൾ തന്നെ മാറിയിരിക്കുന്നു. തീർച്ചയായും മനുഷ്യ ജീവൻ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിനു ചിലപ്പോൾ വന്യമൃഗങ്ങളെ വകവരുത്തുന്നതടക്കമുളള തീരുമാനങ്ങൾ എടുക്കേണ്ടിവരാം. ഇതിനെതിരെ മൗലികവാദപരമായി പരിസ്ഥിതി സ്നേഹം പറഞ്ഞിട്ടു കാര്യമല്ല. അതേസമയം മനുഷ്യരെ പോലെ തന്നെ മൃഗങ്ങളെയും കൊന്നൊടുക്കാനുള്ള അവകാശം ആത്യന്തികമായി മനുഷ്യനില്ല എന്നതും തിരിച്ചറിയണം. ധാർമികമായും രാഷ്ട്രീയമായും മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ മൃഗാവകാശ പ്രഖ്യാപനമനുസരിച്ചും അതു ശരിയല്ല. വന്യമൃഗങ്ങൾക്ക് അവയുടെ സ്വന്തം നൈസർഗിക പരിസ്ഥിതിയിൽ ജീവിക്കാനും സ്വന്തമായി പ്രത്യുൽപാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സർക്കാർ തലത്തിലുള്ള സംഘടനകൾ ഏറ്റെടുക്കുകയും ഉറപ്പു വരുത്തുകയും വേണമെന്നും യു.എന്നിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്. അതംഗീകരിച്ചാവണം ദീർഘകാല പദ്ധതികൾ നടപ്പാക്കേണ്ടത്.






