Sorry, you need to enable JavaScript to visit this website.

പ്രഭാകരന്റെ വീട്ടിലെ നോമ്പുതുറ: സ്‌നേഹം പങ്കിട്ട അനുഭവം വിവരിച്ച് മുനവ്വറലി തങ്ങൾ

മലപ്പുറം- വ്യത്യസ്തമായൊരു നോമ്പുതുറയുടെ അനുഭവം വിവരിക്കുകയാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മുപ്പത് വർഷമായി നോമ്പ് അനുഷ്ടിക്കുന്ന വളാഞ്ചേരി പ്രഭാകരന്റെ വീട്ടിലെ നോമ്പുതുറയെ പറ്റിയാണ് മുനവ്വറലി തങ്ങൾ പറയുന്നത്. മന്ത്രി കെ.ടി ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സംവിധായകൻ ലാൽ ജോസ്, ഇഖ്ബാൽ കുറ്റിപ്പുറം, ഹുസൈൻ രണ്ടത്താണി, ഡോക്ടർ മുജീബ്(എംഇഎസ് ) തുടങ്ങി നിരവധി പേർ പങ്കെടുത്തു.എന്നിവരടക്കമുള്ളവരും പ്രഭാകരന്റെ നോമ്പ് തുറ സൽക്കാരത്തിനെത്തിയിരുന്നു.

മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ വളാഞ്ചേരി ശ്രീ പ്രഭാകരന്റെ വീട്ടിലെ നോമ്പ് തുറയായിരുന്നു.അദ്ദേഹം വ്രതമെടുക്കുന്നതിന്റെ മുപ്പതാം വാർഷികം കൂടിയായിരുന്നു ഇന്നലെ.
ചക്കയടക്കമുള്ള നാടൻ വിഭവങ്ങളോടെ തികച്ചും പ്രകൃതി സൗഹൃദപരമായിട്ടായിരുന്നു നോമ്പ് തുറ. സന്ധ്യാ സമയത്തോടെ അവർ വീട്ടിലെ നിലവിളക്ക് കത്തിച്ചു.നോമ്പ് തുറക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടിനുള്ളിൽ നമസ്‌കാരത്തിന് സൗകര്യം ചെയ്തിരുന്നു.മുനീർ ഹുദവി ബാങ്കും ഇഖാമത്തും കൊടുക്കുകയും ഞാൻ ഇമാം നിൽക്കുകയും ചെയ്തു. നമസ്‌ക്കാരാനന്തരം ദോശയും ബിരിയാണിയും പത്തിരിയുമൊക്കെയടങ്ങുന്ന വിഭവസമൃദ്ധമായ ഭക്ഷണം.
മന്ത്രി കെ ടി ജലീൽ, ആബിദ് ഹുസൈൻ എം എൽ എ, സംവിധായകൻ ലാൽ ജോസ്, ഇഖ്ബാൽ കുറ്റിപ്പുറം, ഹുസൈൻ രണ്ടത്താണി, മുനീർ ഹുദവി, ഡോക്ടർ മുജീബ്(എംഇഎസ്സ് ) തുടങ്ങി നിരവധി പേർ പങ്കെടുത്തു.
സ്‌നേഹ ബന്ധങ്ങളിൽ നെയ്‌തെടുത്ത ഈയൊരു കൂട്ടായ്മ കണ്ടപ്പോൾ നമ്മുടെയൊക്കെ സ്‌നേഹം ഇന്നെവിടെയെന്ന് ഓർത്തു പോയി. സ്‌നേഹിക്കാനുള്ള അവകാശം പോലും പലപ്പോഴും നിഷിദ്ധമായി നിഷേധിക്കപ്പെടുന്ന ഒരു ജനതയായി നാം മാറുന്നുവോ എന്ന ആശങ്കയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹസ്തദാനവും ആലിംഗനവും പ്രത്യഭിവാദനം പോലും പാതകമായി മാറുന്ന കാലം! അത് രാഷ്ട്രീയത്തിന്റെ പേരിലാകാം.സംഘടനയുടെ പേരിലാകാം, ജാതിയുടെ, മതത്തിന്റെ ഒക്കെ പേരിലാകാം..ഇങ്ങനെ പല കെട്ടുകളിലും നാം കുരുങ്ങി കിടക്കുകയാണ്.
മനുഷ്യജീവിതത്തിലെ ഏറ്റവും ജീവൽ പ്രധാനമായ ഒന്നാണ് സ്‌നേഹിക്കാനുള്ള സാഹചര്യം. ഉപാധികളില്ലാതെ സഹജീവിയെ സ്‌നേഹിക്കാൻ കഴിയണം. ജാതി, മത, സംഘടന, രാഷ്ട്രീയമൊന്നും സ്‌നേഹത്തിന് മുമ്പിൽ തടസ്സമാകരുത് എന്ന പാഠം പ്രധാനമാണ്. ഇത്തരത്തിലുള്ള ഒരു സാമൂഹിക നിർമ്മിതിയാണാവശ്യം.പുതിയ തലമുറയെ നാം ബോധവത്കരിക്കേണ്ടത് ഇതിനു വേണ്ടിയാണ്.
വെറുപ്പ് ഉത്പാദിപ്പിക്കുന്ന സോഷ്യൽ മീഡിയയിൽ നിന്നും മനസ്സിന്റെ ഫാഷിസത്തിൽ നിന്നും ഇങ്ങനെയുള്ള കൂട്ടായ്മകൾ നമുക്ക് നന്മയുടെ തണുപ്പേകുന്നു.നല്ല മനസ്സുള്ളവർക്കാണ് വിജയം സാധ്യമാകുന്നത്.നല്ല മനസ്സിനുടമകളായി മാറുക എന്നതാണ് നമുക്ക് സ്വയം നിർവഹിക്കാനുള്ള ദൗത്യം.
 

Latest News