Sorry, you need to enable JavaScript to visit this website.

കാമുകന് ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ അടിച്ചു  വീഴ്ത്തി കൊള്ള നടത്തിയ  ബാലിക  പിടിയില്‍

കൊച്ചി- പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി കടന്നു. വീട്ടമ്മയും സമീപവാസിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പോലീസ് തന്ത്രപരമായി പിടികൂടി. ആദ്യം കുറ്റം നിഷേധിച്ച പെണ്‍കുട്ടി പോലീസ് ചോദിച്ചതോടെ സമ്മതിച്ചു. ആണ്‍ സുഹൃത്തിനു സ്മാര്‍ട് ഫോണ്‍ വാങ്ങാനുള്ള പണത്തിനായാണ് ഇവര്‍ ആക്രമണവും മോഷണവും നടത്തിയതത്രേ.
മൂവാറ്റുപുഴ പായിപ്ര 12ാം വാര്‍ഡില്‍ സൗത്ത് പായിപ്ര കോളനി ഭാഗത്ത് ജ്യോതിസ് വീട്ടില്‍ ജലജ (60) യെയാണ് പെണ്‍കുട്ടി മാലയും കമ്മലും മോതിരവും അടക്കമുള്ള ആഭരണങ്ങള്‍ കൈക്കലാക്കി, തലയ്ക്കു പുറകില്‍ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. സഹോദരനോടൊപ്പമാണ് ജലജ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചോര വാര്‍ന്നൊഴുകിക്കൊണ്ടിരിക്കേ ജലജ പുറത്തിറങ്ങി കരഞ്ഞുവിളിച്ച് നാട്ടുകാരെ കൂട്ടി. ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെക്കൊണ്ടുതന്നെ ഫോണില്‍ വിളിപ്പിച്ചു. അപ്പോള്‍ ടൗണിലായിരുന്ന പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. പെരുമറ്റത്തേക്കെന്നു പറഞ്ഞ് പോസ്റ്റ് ഓഫീസ് കവലയില്‍നിന്ന് ഓട്ടോ വിളിച്ച പെണ്‍കുട്ടി ഫോണ്‍ വന്നതോടെ പായിപ്രയിലേക്ക് പോയി. അതിനിടെ ഓട്ടോയിലുണ്ടായിരുന്ന ആണ്‍കുട്ടി വാഴപ്പിള്ളി കവലയില്‍ ഇറങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തില്‍ പെണ്‍കുട്ടിയല്ലാതെ മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അതിവേഗം നടത്തിയ അന്വേഷണത്തില്‍ ആഭരണങ്ങളില്‍ ചിലത് കണ്ടെടുത്തു. പെണ്‍കുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന ഗ്ലൗസില്‍ പൊതിഞ്ഞ് എറിഞ്ഞുകളഞ്ഞ നിലയില്‍ വഴിയരികില്‍നിന്നാണ് മോതിരവും കമ്മലും പോലീസ് കണ്ടെടുത്തത്.
കുറ്റകൃത്യത്തിനുപയോഗിച്ച ചുറ്റികയും മുളകുപൊടിയടക്കമുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നത് എന്നതിനാല്‍ പെണ്‍കുട്ടി മുന്‍പ് ഏതെങ്കിലും കേസില്‍ പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ജുവനൈല്‍ അധികാരികളുടെ പക്കല്‍ പെണ്‍കുട്ടിയെ ഹാജരാക്കി വിശദമായി മൊഴിയെടുക്കാനുള്ള നടപടിയിലാണ് പോലീസ്.

Latest News