ജിദ്ദ- ഇന്ത്യൻ രാഷ്ട്ര നിർമിതിയുടെ അടിത്തറയായ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് റെസ് പബ്ലിക്ക ആവശ്യപ്പെട്ടു. മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും നീതിയും സമത്വവും സാഹോദര്യവും ഉറപ്പാക്കണമെന്ന് വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്‌കാരിക വേദി റെസ് പബ്ലിക്ക സംഘടിപ്പിച്ചത്. ശറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സാമൂഹ്യ പ്രവർത്തകൻ നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ജാബിർ നഈമി അധ്യക്ഷത വഹിച്ചു.
റിപ്പബ്ലിക്ക് പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ റഫീഖ് കൂട്ടായിയും, ഭരണഘടന നിർമിതിയും നിർവഹണവും' എന്ന വിഷയത്തിൽ ഷൗക്കത്ത് മാസ്റ്ററും വിഷയവതരണം നടത്തി.
ഗ്ലോബൽ തലത്തിൽ 55 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വിചാര സദസ്സിന്റെ ഭാഗമായാണ് 'റെസ് പബ്ലിക്ക' സംഗമങ്ങൾ നടത്തിയത്. സൗദി വെസ്റ്റ് നാഷണൽ മീഡിയ സെക്രട്ടറി ജംഷീർ വയനാട് ഉപസംഹരിച്ചു. സാദിഖ് ചാലിയാർ, ഇർഷാദ്, സൽമാനുൽ ഫാരിസി, ആഷിഖ് മാട്ടിൽ ഇടപെടൽ നടത്തി. കലാലയം സെക്രട്ടറി ഖാജാ മുഈനുദ്ദീൻ സഖാഫി സ്വഗതവും ഓർഗനൈസിംഗ് സെക്രട്ടറി ശമീർ നന്ദിയും പറഞ്ഞു.






