ഹർത്താൽ ഉപേക്ഷിക്കാനുള്ള തീരുമാനം ചരിത്രപരം -ദമാം ഒ.ഐ.സി.സി

ദമാം- പൊതുജനത്തിന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഹർത്താലുകൾ കോൺഗ്രസ് ഇനി പ്രഖ്യാപിക്കില്ലെന്ന കെ.പി.സി.സിയുടെ തീരുമാനം ചരിത്രപരമാണെന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സ്വാഗതം ചെയ്യുന്ന തീരുമാനം പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അഭിനന്ദിക്കുന്നതായി ഒ.ഐ.സി.സി പ്രസിഡന്റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ സലീമും പറഞ്ഞു.
കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും സംഘടനകളും കോൺഗ്രസെടുത്ത ചരിത്രപരമായ ഈ തീരുമാനത്തോടൊപ്പം ചേർന്നുനിന്നുകൊണ്ട് കേരളത്തെ ഹർത്താൽ വിമുക്ത സംസ്ഥാനമായി മാറ്റിയെടുക്കുവാനുള്ള പക്വമായ തീരുമാനം കൈക്കൊള്ളണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു. ഹർത്താലിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കുന്നതും പ്രാകൃതമായ നടപടിയാണ്. 
വൈകിയാണെങ്കിലും കെ.പി.സി.സിയെടുത്ത തീരുമാനത്തെ സി.പി.എം അടക്കമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളും അനുകരിക്കണം. ഹർത്താൽ നടത്തില്ലെന്ന കെ.പി.സി.സിയെടുത്ത തീരുമാനത്തെ നമ്മളെന്തിന് മാതൃകയാക്കണമെന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്നും ഈ വിഷയത്തെ വിശാലമായ കാഴ്ചപ്പാടോടെ മറ്റ് രാഷ്ട്രീയ പാർട്ടികൾ കാണണമെന്നും ദമാം ഒ.ഐ.സി.സി അഭ്യർഥിച്ചു.
പ്രതിഷേധങ്ങൾ അക്രമത്തിനും അരാജകത്വത്തിനുമുള്ള അവസരമായാണ് പലരും കാണുന്നത്. ഹർത്താൽ ദിനങ്ങളിൽ നടക്കുന്ന അക്രമങ്ങളിലൂടെയും പൊതുമുതൽ നശിപ്പിക്കലിലൂടെയും സാക്ഷര കേരളം മറ്റ് സംസ്ഥനങ്ങളുടെയും വിദേശികളുടെയും മുന്നിൽ പരിഹാസ്യരാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് മാറ്റിയെടുക്കുവാൻ കോൺഗ്രസ്സിനെപ്പോലെ മറ്റ് രാഷ്ട്രീയ പാർട്ടികളും ഹർത്താൽ വിരുദ്ധ നിലപാട് സ്വീകരിക്കണമെന്ന് ബിജു കല്ലുമലയും ഇ.കെ സലീമും ആവശ്യപ്പെട്ടു. പൊതുജനവും വ്യവസായ സംരംഭകരും ഇരു കൈയും നീട്ടിയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തീരുമാനത്തെ സ്വീകരിച്ചതെന്നും ഇരുവരും അവകാശപ്പെട്ടു.

Tags

Latest News