അൽഹസ- രണ്ടു മാസം മുമ്പ് കാണാതായ മലയാളി ഫഹസുദ്ദൗരി ഇൻസ്‌പെക്ടറെ മാനസികാരോഗ്യ ആശുപത്രിയിൽ കണ്ടെത്തി.
ഹസ മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക് ഷൻ സെന്ററിൽ (ഫഹസുദ്ദൗരി) ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി വിജീഷ് ചെമ്മലയെ (31) യാണ് അൽഹസ ആശുപത്രിയിൽ കണ്ടെത്തിയത്.
യുവാവിനെക്കുറിച്ച് ഡിസംബർ മുതൽ ഒരു വിവരവുമില്ലാതെ വിഷമിച്ചു നിൽക്കുകയായിരുന്നു ബന്ധുക്കൾ. അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുവാൻ ദമാം ഒ.ഐ.സി.സി പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്യാം പ്രകാശുമായി ബന്ധപ്പെടുകയും ആ വിവരം ഒ.ഐ.സി.സി ദമാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടനെ അറിയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹസയിലെ ഒ.ഐ.സി.സി പ്രവർത്തകരായ ഉമർ കോട്ടയിൽ, ശാഫി കുദിർ, അൽഹസ ഇസ് ലാമിക് സെന്റർ മലയാള വിഭാഗം മേധാവി നാസർ മദനി, പ്രിൻസ് സുൽത്താൻ ഹോസ്പിറ്റലിലെ ജീവനക്കാരൻ ഷിജോമോൻ വർഗീസ് എന്നിവരുടെ അന്വേഷണത്തിൽ, വിജീഷ് അൽഹസ മാനസികാരോഗ്യ ആശുപത്രിയിൽ ഉണ്ടെന്ന് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറും അൽഹസ യു.ഡി.എഫ് ചെയർമാനുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ഉമർ കോട്ടയിൽ, ഷാഫി കുദിർ, അഷ്‌റഫ് സിൽക്ക് സിറ്റി തുടങ്ങിയ ഒ.ഐ.സി.സി നേതാക്കൾ ഹോസ്പിറ്റലിൽ ചെന്ന് വിജീഷ് ചെമ്മലയെ കാണുകയും സൈക്യാട്രിക് മേധാവി ഡോ.സാദിഖിന്റെ നേതൃത്വത്തിലുളള മെഡിക്കൽ ടീമിനെ കണ്ട് സംസാരിക്കുകയും ചെയ്തു.
തുടർന്ന് പ്രസാദ് കരുനാഗപ്പള്ളിയുടെ പ്രത്യേക ഇടപെടൽ മൂലം വിജീഷിന്റെ ബന്ധുക്കളുമായി ലൈവ് വീഡിയോയിൽ സംസാരിക്കുവാനും വിജീഷിനെ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കുവാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജ്‌മെന്റുമായി സംസാരിച്ച് കമ്പനി നടപടികൾ പൂർത്തീകരിക്കുവാനും തീരുമാനിച്ചു.
ഇതോടെ വിജീഷിനെ ഉടൻ നാട്ടിലെത്തിക്കുവാനുള്ള വഴി തെളിഞ്ഞു. ഡിസംബർ മുതൽ കാണാതായ
മുപ്പത്തൊന്ന് വയസ്സ് മാത്രമുള്ള വിജീഷിനെ ഉടൻ കണ്ടെത്താനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആശ്വാസം നൽകുവാനും കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് അൽഹസ ഒ.ഐ.സി.സി പ്രവർത്തകർ.






