ജിദ്ദ- വരാനിരിക്കുന്ന ഹജിൽ ഹാജിമാരുടെ, പ്രത്യേകിച്ച് വനിതാ ഹാജിമാരുടെ പരിചരണവും ക്ഷേമവും ഏറ്റവും മുൻഗണന നൽകുന്ന ഒന്നാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. അടുത്ത ഹജ് സീസണിൽ മക്കയിലും മദീനയിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വനിതാ പ്രവാസികൾ കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീറുമായി പ്രവാസി വിഷയങ്ങളിൽ ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികൾ അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കണം. പ്രൊഫഷണൽ ബിരുദമുള്ള ധാരാളം സ്ത്രീകൾ ആശ്രിത വിസയിലുണ്ട്. അവർക്ക് ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സി.ജി പറഞ്ഞു.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കെ.ടി.എ മുനീർ കോൺസൽ ജനറലുമായി ചർച്ച ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഹുറൂബ് ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട അയ്യായിരത്തിലധികം ഇന്ത്യക്കാർക്ക് തിരികെ പോകാൻ കഴിഞ്ഞു. 2022 ൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് വിവിധ സഹായങ്ങൾക്കായി ഇന്ത്യൻ കമൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഏകദേശം 8 ലക്ഷം റിയാൽ ഇതിനകം ചെലവഴിച്ചു.
ഹറമിലെ സ്ഥാപനങ്ങളുടെയോ ഉംറ, ഹജ് ഗ്രൂപ്പ് കമ്പനികളുടെയോ പ്ലക്കാർഡുകളുപയോഗിച്ച് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും, ഇത് മതാഫിലും ഹറമിലും നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്നും, അവിടങ്ങളിൽ നിന്നും വീണു കിട്ടുന്ന യാതൊന്നും എടുക്കരുതെന്നും കോൺസൽ ജനറൽ ആവർത്തിച്ച് അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം പ്ലക്കാർഡ് പ്രദർശിപ്പിച്ചതിന് ഒരു മധ്യപ്രദേശ് ഉംറ തീർഥാടകനെ പോലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് സി.ജി ഇക്കാര്യം സൂചിപ്പിച്ചത്.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽ നടന്ന യോഗത്തിൽ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലെ അനുഭവങ്ങളും മുനീർ പങ്കുവെച്ചു. ഈ അനുഭവങ്ങൾ മറ്റ് കമ്യൂണിറ്റി അംഗങ്ങളുമായി പങ്കിടാൻ കോൺസൽ ജനറൽ നിർദേശിച്ചു. അതുവഴി അടുത്ത പി.ബി.ഡിയിൽ സൗദിയിൽ നിന്നും കൂടുതൽ പ്രതിനിധികൾ ഉണ്ടാക്കുവാൻ ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരിമിതികൾക്കിടയിലും ഇന്ത്യൻ സമൂഹത്തിന് കോൺസൽ ജനറൽ നൽകുന്ന സേവനങ്ങളെ മുനീർ അഭിനന്ദിച്ചു.






