ഡിജിറ്റല്‍ യുഗത്തിന് പിന്തുണയുമായി അറാംകോയും സൂമും കൈകോര്‍ക്കുന്നു

റിയാദ്- ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ ആദ്യത്തെ ആഗോള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് സൂം ഗ്ലോബലുമായി സഹകരിക്കുമെന്ന് സൗദി അരാംകോ പ്രഖ്യാപിച്ചു.
സൂമുമായുള്ള അരാംകോയുടെ തന്ത്രപരമായ പങ്കാളിത്തം ഊര്‍ജ മേഖലക്കുള്ള നൂതന സാങ്കേതിക പരിഹാരങ്ങളുടെ വികസനം വേഗത്തിലാക്കാനും ഊര്‍ജം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിവിധ വിപണി മേഖലകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സംഭാവന നല്‍കാനും സഹായകമാവുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
'പങ്കാളികളുടെ വൈവിധ്യമാര്‍ന്ന ശൃംഖല സ്ഥാപിക്കുന്നത് വിശ്വാസ്യതയുടെ ചരിത്രം നിലനിര്‍ത്താന്‍ ഞങ്ങളെ സഹായിച്ചു. സൂമുമായുള്ള ഞങ്ങളുടെ പുതിയ തന്ത്രപരമായ പങ്കാളിത്തം ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതനമായ പരിഹാരങ്ങള്‍ കൂടുതല്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു- അരാംകോ പ്രസിഡന്റും സിഇഒയുമായ അമിന്‍ എച്ച് നാസര്‍ പറഞ്ഞു.
രാജ്യത്തു വര്‍ഷംതോറും നടക്കുന്ന പ്രധാന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ലീപിന്റെ രണ്ടാം പതിപ്പിലാണ് പ്രഖ്യാപനം ഉണ്ടായത്.

 

Latest News