വിദ്യാഭ്യാസ രംഗവും മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റും

ഉന്നത വേതനം ലഭിക്കുമ്പോഴും ഔട്ട്പുട്ട് പരിശോധിക്കാനോ അതിന്റെയടിസ്ഥാനത്തിൽ മാത്രം പ്രൊമോഷനും വേതന വർധനയും നൽകാനോ ഉള്ള സംവിധാനമില്ലാത്തതും എന്തു സംഭവിച്ചാലും ജോലിസ്ഥിരതയുള്ളതും എന്തിനെയും എതിർത്തു തോൽപിക്കാനുള്ള സംഘടന ശേഷിയുള്ളതും സർക്കാർ ജീവനക്കാരെ എങ്ങനെ അലസരും പൊതുജനങ്ങളുടെ ശത്രുത സമ്പാദിക്കുന്നവരുമാക്കുന്നു എന്നതിനു മികച്ച ഉദാഹരണം തന്നെയാണ് കേരളം.

 

കേരളത്തിലെ വിദ്യാഭ്യാസ രംഗം എപ്പോഴും ചർച്ചാവിഷയമാണ്, വിവാദ വിഷയവുമാണ്. തന്റെ മകൾ നേടിയ ഉന്നത വിജയത്തെ കുറിച്ചുള്ള മന്ത്രി പി. രാജീവിന്റെ  പോസ്റ്റാണ് ഇപ്പോൾ വീണ്ടും വിഷയത്തെ സജീവ ചർച്ചയാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയെ കുറിച്ച് ഇടതുപക്ഷക്കാർ വാതോരാതെ പ്രസംഗിക്കുമ്പോൾ അൺ എയ്ഡഡ് വിദ്യാലയത്തിൽ പഠിക്കുന്ന മകളുടെ വിജയത്തിൽ അഭിമാനം കൊള്ളുന്ന മന്ത്രി ശരാശരി മലയാളിയുടെ കാപട്യത്തിന്റെ ഉദാഹരണം തന്നെയാണെന്ന് ഖേദത്തോടെയാണെങ്കിലും പറയേണ്ടി വരുന്നു. അതേസമയം നമ്മുടെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിയെ തന്നെയാണ് ഈ വൈരുധ്യം പുറത്തു കൊണ്ടുവരുന്നത്. 

സത്യത്തിൽ എല്ലാവർക്കുമറിയാവുന്ന, എന്നാൽ പലരും പറയാൻ മടിക്കുന്ന വസ്തുത, കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ രംഗം മാത്രമാണ് മിക്ക സംസ്ഥാനങ്ങളേക്കാൾ മുന്നിലെന്നതും ഉന്നത വിദ്യാഭ്യാസ രംഗം മിക്ക സംസ്ഥാനങ്ങളേക്കാൾ പിറകിലുമാണെന്നതുമാണ്. മറ്റൊരുപാടു വിഷയങ്ങളിലെന്ന പോലെ കേരളം നമ്പർ വൺ എന്നഹങ്കരിക്കുമ്പോൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഏതു കണക്കെടുത്താലും നാം വളരെ പിറകിലാണെന്നതു പകൽ പോലെ വ്യക്തമാണ്. ചരിത്രപരമായ നിരവധി കാരണങ്ങളാൽ പ്രാഥമിക വിദ്യാഭ്യാസത്തിൽ താരതമ്യേന മെച്ചമാണെങ്കിലും നിരവധി പ്രശ്‌നങ്ങളാണ് അവിടെയുമുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വീണ്ടും ഉയർന്നുവരുന്നത്. അതാകട്ടെ പൊതു - സ്വകാര്യ മേഖലകൾ തമ്മിലുള്ള താരതമ്യമാണ്. 

ഉന്നത വേതനം ലഭിക്കുമ്പോഴും ഔട്ട്പുട്ട് പരിശോധിക്കാനോ അതിന്റെയടിസ്ഥാനത്തിൽ മാത്രം പ്രൊമോഷനും വേതന വർധനയും നൽകാനോ ഉള്ള സംവിധാനമില്ലാത്തതും എന്തു സംഭവിച്ചാലും ജോലിസ്ഥിരതയുള്ളതും എന്തിനെയും എതിർത്തു തോൽപിക്കാനുള്ള സംഘടന ശേഷിയുള്ളതും സർക്കാർ ജീവനക്കാരെ എങ്ങനെ അലസരും പൊതുജനങ്ങളുടെ ശത്രുത സമ്പാദിക്കുന്നവരുമാക്കുന്നു എന്നതിന് മികച്ച ഉദാഹരണം തന്നെയാണ് കേരളം. കോവിഡ് കാലത്തു പോലും വേതന - പെൻഷൻ വർധന നേടിയെടുത്തവരാണവർ എന്നതിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. പൊതുഖജനാവിലെ പണത്തിന്റെ ഏറ്റവും കൂടിയ ഭാഗം നൽകുന്നതാകട്ടെ ഇവർക്കു തന്നെ. ഈ സർക്കാർ ജീവനക്കാരിൽ ഒരു വലിയ വിഭാഗം അധ്യാപകരാണ്.  അവരിൽ സർക്കാർ വിദ്യാലയങ്ങളിലെയും എയ്ഡഡ് മേഖലയിലെയും അധ്യാപകർ ഉൾപ്പെടും. സംവരണമടക്കമുള്ള ഭരണഘടന ബാധ്യത പോലും പാലിക്കാതെയാണ് മാനേജ്‌മെന്റുകൾ അധ്യാപകരെ നിയമിക്കുന്നതും അവർക്ക് സർക്കാർ വേതനം നൽകുന്നതും. എന്നാൽ എന്താണ് ഈ അധ്യാപകരിൽ ഭൂരിഭാഗവും  കാലങ്ങളായി ചെയ്തുകൊണ്ടിരുന്നത്? അതിനുള്ള മറുപടി ഒരു കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം സജീവമായിരുന്ന പാരലൽ കോളേജുകളും ട്യൂഷൻ ക്ലാസുകളും പിന്നീട് കൂണു പോലെ പൊന്തിവന്ന അൺഎയ്ഡഡ് സ്ഥാപനങ്ങളും  നൽകും. 

ആദ്യകാലത്ത് എല്ലാവർക്കുമറിയാവുന്ന പോലെ ഉന്നത വിജയം നേടണമെങ്കിൽ ട്യൂഷനു പോകണമെന്ന അവസ്ഥയായിരുന്നു. ബിരുദം കഴിഞ്ഞാൽ വലിയൊരു വിഭാഗം ചെറുപ്പക്കാർ ഇന്ത്യയിലെ വൻനഗരങ്ങളിലേക്കും ഗൾഫിലേക്കും മറ്റും തൊഴിൽ തേടിപോയിരുന്ന കാലത്ത്, ഇവിടെ തന്നെ  ജോലിക്ക് ശ്രമം നടത്തുന്നവരുടെ ഇടത്താവളമായിരുന്നു പാരലൽ കോളേജുകൾ. വിദ്യാർത്ഥികൾ നൽകുന്ന തുഛമായ ഫീസിൽ നിന്നു ലഭിക്കുന്ന തുഛമായ വരുമാനത്തിനായിരുന്നു അവർ ജോലി ചെയ്തിരുന്നത്. കുറെ പേരിൽ നിന്നു ഫീസ് പോലും ലഭിക്കില്ല. മറുവശത്ത് വർഷാവർഷം വേതന വർധനക്കായി സമരം ചെയ്തിരുന്ന അധ്യാപകരുടെ  നിലവാരമില്ലായ്മയായിരുന്നു ഈ പാരലൽ കോളേജുകളുടെ നിലനിൽപിനടിസ്ഥാനം. എയ്ഡഡ് സ്ഥാപനങ്ങളിൽ ഒരു മാനേജ്‌മെന്റൊക്കെ ഉള്ളതിനാൽ സ്ഥിതി അൽപം ഭേദമായിരുന്നു. സർക്കാർ സ്‌കൂളുകളുടെ അവസ്ഥയായിരുന്നു മഹാകഷ്ടം. അത്തരം സാഹചര്യത്തിൽ ഇപ്പോൾ പോലും മന്ത്രി സ്വന്തം മകളെ പഠിക്കാൻ വിടുന്ന പ്രൈവറ്റ് സ്‌കൂളുകൾ ഉയർന്നു വരാതിരിക്കുകയില്ലല്ലോ.

പിന്നീട് കേരളം കാണുന്നത് പ്രൈവറ്റ് സ്‌കൂളുകളിലേക്കുള്ള വിദ്യാർതഥി പ്രവാഹമായിരുന്നു. ഉയർന്ന ഫീസ് കൊടുത്ത് കുട്ടികളെ അങ്ങോട്ടു വിടാൻ സമ്പന്നർ മാത്രമല്ല, പാവപ്പെട്ടവരും തയാറായി. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെയുള്ളവരിൽ ഭൂരിഭാഗവും മക്കളെ അങ്ങോട്ടു വിടുകയായിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സർക്കാർ ജീവനക്കാർ നടത്തിയ സുദീർഘ സമര കാലത്ത് ജനങ്ങൾ തന്നെ ഈ കണക്കുകൾ ശേഖരിച്ച് സ്‌കൂളുകൾക്കു മുന്നിൽ ബോർഡുകൾ വെക്കുകയുണ്ടായി. ഏറ്റവും പാവപ്പെട്ടവരുടെ കുട്ടികൾ മാത്രം പഠിക്കുന്ന ഇടങ്ങളായി പതുക്കെ പതുക്കെ പൊതുവിദ്യാലയങ്ങൾ മാറി. കൂടാതെ ഇംഗ്ലീഷ് മീഡിയം - മലയാളം മീഡിയം എന്ന വിഭജനവും ശക്തമായി. ഇടക്കാലത്ത് നടപ്പിലായ സിലബസ് പരിഷ്‌കാരങ്ങൾ പ്രശ്‌നത്തെ രൂക്ഷമാക്കി. മറുവശത്ത്  സ്വകാര്യ വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് കിട്ടിയിരുന്നത് തുഛ വേതനം. ജോലി സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. എന്നാലും വൻവേതനം വാങ്ങുന്ന സർക്കാർ അധ്യാപകരടക്കം കുട്ടികളെ അങ്ങോട്ടു വിടുകയാണുണ്ടായത്. 

പിന്നീട് അനിവാര്യമായത് സംഭവിക്കുകയായിരുന്നു. കുട്ടികളില്ലാതെ സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. അപ്പോഴാണ് ഉറക്കം നടിച്ചു കിടന്നിരുന്ന പൊതുസമൂഹം അൽപം ഉണർന്നത്. അങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക എന്ന യജ്ഞത്തിനു തുടക്കമായത്. ജോലി പോകുമെന്ന ആശങ്ക വ്യാപകമായതോടെ അധ്യാപകരും തൊഴിലിൽ ശ്രദ്ധിക്കാൻ തുടങ്ങി. നാട്ടുകാരും സജീവമായി രംഗത്തിറങ്ങി പി.ടി.എകൾ സജീവമാക്കി. എല്ലാറ്റിലുമുപരി മലയാളത്തെ കുറിച്ചുള്ള അമിതമായ വാചാടോപങ്ങൾ മാറ്റിവെച്ച് മിക്ക പൊതുവിദ്യാലയങ്ങളിലും ആധുനിക കാലത്തിന് അനിവാര്യമായ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. അങ്ങനെ വർഷങ്ങൾക്കു ശേഷം പ്രൈവറ്റ് വിദ്യാലയങ്ങളേക്കാൾ പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥി പ്രവാഹം ആരംഭിച്ചു - പലരും കൊട്ടിഘോഷിക്കുന്ന തോതിലൊന്നും ഇല്ലെങ്കിലും. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ യുവമന്ത്രി സ്വന്തം മകളെ സ്വകാര്യ വിദ്യാലയത്തിൽ പഠിപ്പിക്കുന്നതും അത് അഭിമാനപൂർവം വിളിച്ചുപറയുന്നതും. ആരോഗ്യ രംഗത്ത് ലോക നിലവാരമെന്നൊക്കെ കൊട്ടിഘോഷിച്ച് നിസ്സാര ചികിത്സക്കു പോലും വിദേശത്തു പോകുന്നതിന്റെ മറ്റൊരു രൂപം തന്നെ. 

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചു പറഞ്ഞാൽ കാണാൻ കഴിയുന്നത് മറ്റൊരു കാഴ്ചയാണ്. പ്ലസ്2 കഴിയുമ്പോഴേക്കും ഉന്നതവിദ്യാഭ്യാസത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ പ്രവാഹം. സമ്പന്നർ മാത്രമല്ല, പാവപ്പെട്ടവരിലും ഒരു വിഭാഗവും അതേ വഴിയിൽ തന്നെയാണ്.  അതിനായി കിടപ്പാടം പോലും പണയം വെക്കുന്നവരാണ് ഭൂരിഭാഗവും. കുട്ടികൾ മാത്രമല്ല, വൻതോതിൽ പണവും പുറത്തേക്കൊഴുകുന്നു എന്നർത്ഥം. ഈ കുട്ടികൾ വലിയൊരു ഭാഗവും തിരിച്ചുവരാൻ പോകുന്നില്ല. അവരവിടെ തന്നെ സെറ്റിൽ ചെയ്യാനാണ് സാധ്യത. മാത്രമല്ല, ഗൾഫിലും മറ്റും പോയിരുന്ന പ്രവാസികൾ അയച്ചിരുന്ന പോലെ നാട്ടിലേക്ക് പണമയക്കാനും സാധ്യത കുറവാണ്. അന്തിമ വിശകലനത്തിൽ ഈ പ്രവാസം കേരളീയ സമൂഹത്തിന് കനത്ത നഷ്ടമായിരിക്കും സൃഷ്ടിക്കുക. 
മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കേണ്ടതുണ്ട്. ഈ സാധ്യതകളൊക്കെ ചർച്ച ചെയ്യുമ്പോൾ ഏതൊക്കെ ജനവിഭാഗങ്ങൾക്ക് അതു സാധ്യമാകുന്നു എന്നതാണത്. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്ത ലക്ഷങ്ങളുടെ നാടാണ് കേരളം. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഉദാഹരണം. പെൺകുട്ടികളിലും വലിയൊരു വിഭാഗത്തിന് ഈയവസരം ലഭിക്കുന്നില്ല. സാമൂഹ്യ നീതി ഉറപ്പു വരുത്താതെയാണ് ഇതെല്ലാം നടക്കുന്നതെന്നു സാരം.

 

Latest News