പലയിടങ്ങളിലും വെടിക്കെട്ട് നടത്തുന്നതിനുള്ള സ്ഥലസൗകര്യമില്ല. മുൻകാലങ്ങളിൽ വമ്പൻ വെടിക്കെട്ടുകൾ നടന്നിരുന്ന ഉൽസവ പറമ്പുകളിലെല്ലാം ഇപ്പോൾ വീടുകളാണ്. സുരക്ഷിതമായി വെടിക്കോപ്പുകൾ വെക്കാനുള്ള സ്ഥലം പലയിടത്തുമില്ല. എന്നിട്ടും വാശിയോടെ വെടിക്കെട്ട് നടത്തുന്നവരാണ് പല ഉൽസവ കമ്മിറ്റികളും. ഇതിനായി സ്വാധീനമുപയോഗിച്ച് അനുമതി വാങ്ങുകയും ചെയ്യും. മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ അപകടകരമായ വെടിക്കെട്ടുകൾക്ക് അനുമതിക്കായി ശുപാർശ ചെയ്യുന്നു.
മലബാറിന്റെ ഗ്രാമങ്ങൾ ഉൽസവത്തിന്റെ നാളുകളിലേക്ക് കടന്നിരിക്കുന്നു. ക്ഷേത്രോൽസവങ്ങളും പള്ളിനേർച്ചകളും ആരവങ്ങളുയർത്തുന്നു. കൊട്ടും മേളവുമായി ജനങ്ങൾ ആഘോഷത്തിമിർപ്പിലാണ്. കോവിഡ് മൂലം ഏതാനും വർഷങ്ങളായി മുടങ്ങിക്കിടന്ന ആഘോഷങ്ങൾ വീണ്ടും തുടങ്ങിയതോടെ ഇത്തവണ ഉൽസവങ്ങൾക്കും നേർച്ചകൾക്കുമെല്ലാം പൊലിമ കൂടിയിട്ടുണ്ട്. പലപ്പോഴും അതിരു വിടുന്ന ആഘോഷങ്ങളായി അവ മാറുന്നു.
ഡിസംബറിന്റെ അവസാനത്തോടെ ആരംഭിക്കുന്ന ഉൽസവാഘോഷങ്ങൾ മെയ് മാസം വരെ നീണ്ടുനിൽക്കും. പള്ളികളിലെയും ക്ഷേത്രങ്ങളിലെയും മതപരമായ ആചാരങ്ങൾ പരിമിതമായും ലളിതമായുമാണ് നടത്തുന്നത്. എന്നാൽ പൊതുജനങ്ങളുടെ ആഘോഷം വിപുലമാണ്. ആനകളുടെ എഴുന്നള്ളിപ്പും വെടിക്കെട്ടും വാദ്യമേളങ്ങളും ഗാനമേളകളുമൊക്കെയായി പകലും രാത്രിയും നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണെവിടെയും. ആഘോഷപ്പറമ്പുകൾ വലിയ വിപണിയാണ് തുറക്കുന്നതെന്നതിനാൽ കച്ചവടക്കാരും കൂട്ടമായി എത്തുന്നു.
ഉൽസവ കാലം അപകടങ്ങളുടെ കാലം കൂടിയാണ്. ആനകൾ ഇടഞ്ഞ് അക്രമകാരികളാകുന്നതും വെടിക്കെട്ട് അപകടങ്ങൾ നടക്കുന്നതും ഇക്കാലത്താണ്. ആഘോഷങ്ങൾ അതിരുവിട്ട് അപകടങ്ങളിൽ കലാശിക്കുമ്പോൾ നഷ്ടം പറ്റുന്നത് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രമാകും. അപകടകരമായ ഉൽസവാഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും ആഘോഷ നാളുകളെത്തുമ്പോൾ ജനങ്ങൾ സൗകര്യപൂർവം അതെല്ലാം മറക്കുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ കൂട്ടമായെത്തുന്ന ഇടങ്ങളിൽ യാതൊരു സുരക്ഷ ക്രമീകരണങ്ങളുമില്ലാതെയാണ് ഇപ്പോഴും ആഘോഷങ്ങൾ നടക്കുന്നത്.
ആനകളുമായുള്ള ഘോഷയാത്ര ഉൽസവ നാളുകളിലെ അപകടകരമായ ആഘോഷമാണ്. പലയിടങ്ങളിലും അമ്പതിലേറെ ആനകളാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. ജനത്തിരക്കിനിടയിലൂടെ ആനകൾ നടന്നു നീങ്ങുന്നതു തന്നെ ഭയപ്പെടുത്തുന്ന കാഴ്ചയാണ്. ഇത്തരം എഴുന്നള്ളിപ്പുകളിൽ വനം വകുപ്പ് നിശ്ചയിച്ച സുരക്ഷ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറക്കുകയും ചെയ്യുന്നു. ഉൽസവപ്പറമ്പുകളിൽ ആനകൾ ഇടഞ്ഞ് ജനങ്ങളെ വകവരുത്തുന്നത് വർധിച്ചതോടെയാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പ് കർശന സുരക്ഷ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. മദപ്പാടുള്ള ആനകളെ എഴുന്നള്ളിക്കരുത്, ആനകളെ ഏറെ ദൂരം നടത്തരുത്, തുടർച്ചയായ ദിവസങ്ങളിൽ എഴുന്നള്ളിക്കരുത് തുടങ്ങിയ നിബന്ധനകളാണ് ഇതിൽ പ്രധാനമായും ഉള്ളത്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എലഫന്റ് സ്‌ക്വാഡിനും വനം വകുപ്പ് രൂപം നൽകിയിട്ടുണ്ട്. എന്നാൽ ഇത്തവണയും സുരക്ഷയൊന്നും പാലിക്കാതെ തന്നെയാണ് എഴുന്നള്ളിപ്പുകൾ നടക്കുന്നത്.
ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ആചാര പ്രകാരം ആഘോഷങ്ങൾക്ക് ഒരു ആന മതി. എന്നാൽ വിവിധ ആഘോഷ കമ്മിറ്റികളാണ് കൂടുതൽ ആനകളെ എത്തിക്കുന്നത്. ഇക്കാര്യത്തിൽ ഉൽസവ കമ്മിറ്റികൾ തമ്മിൽ മൽസരം മുറുകുന്നതോടെ സുരക്ഷ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറക്കും. ആഘോഷങ്ങളെല്ലാം ഏതാണ്ട് ഒരേ സമയങ്ങളിൽ നടക്കുന്നതിനാൽ ആനകൾക്കും വലിയ ഡിമാന്റാണ്. സാധാരണ നിലയിൽ ഒരു ലക്ഷം രൂപ മുതലാണ് ഉൽസവ സീസണുകളിൽ ഒരാനക്ക് ഒരു ദിവസത്തെ റേറ്റ്. ആനകളുടെ പ്രശസ്തിക്കും തലയെടുപ്പിനുമനുസരിച്ച് ഇത് ആറു ലക്ഷം വരെ പോകാം. ഇത്തരത്തിൽ അമ്പതിലേറെ ആനകളെ അണിനിരത്തുന്ന നിരവധി ആഘോഷങ്ങൾ മലബാറിലുണ്ട്. എഴുന്നള്ളിപ്പിന് ആനകളെ കിട്ടാതാകുന്നതോടെ മദപ്പാടുള്ള ആനകളെ പോലും എത്തിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ പണം വാരാമെന്ന മോഹവുമായി ആനയുടമകളും മദപ്പാടുള്ള കാര്യം പുറത്തു പറയില്ല. ഇത്തരത്തിൽ എഴുന്നള്ളിപ്പിന് വിലക്കുള്ള ആനകൾ പോലും എത്തുന്നതോടെയാണ് പല ഉൽസവപ്പറമ്പുകളും ചോരക്കളമാകുന്നത്. ഒരിടത്തെ ഉൽസവം കഴിഞ്ഞ അന്നു തന്നെ ആനകളെ മറ്റൊരിടത്തെത്തിച്ച് എഴുന്നള്ളിക്കുന്നതും പതിവാണ്. മാത്രമല്ല, ഉരുകുന്ന ചൂടിലാണ് പലയിടത്തും എഴുന്നള്ളിപ്പ് നടക്കുന്നത്. ആനകൾ അക്രമാസക്തരാകാൻ വേറെ കാരണമൊന്നും തെരയേണ്ടതില്ല. ജനങ്ങളുടെ സുരക്ഷക്ക് യാതൊരു പരിഗണനയും നൽകാതെ നടത്തുന്ന ഇത്തരം എഴുന്നള്ളിപ്പുകൾക്ക് നേരെ വനം വകുപ്പും കണ്ണടക്കുന്നു. ചിലയിടങ്ങളിൽ ആനകളെ ഉപയോഗിക്കാൻ അനുമതി നിഷേധിക്കപ്പെടുമ്പോൾ രാഷ്ട്രീയ സമ്മർദം ഉപയോഗിച്ചും ആഘോഷ കമ്മിറ്റിക്കാർ അനുമതി വാങ്ങും .വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കാര്യം നേടുന്ന കമ്മിറ്റിക്കാരുണ്ട്.
വെടിക്കെട്ടിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടങ്ങളിലും വെടിക്കെട്ട് നടത്തുന്നതിനുള്ള സ്ഥലസൗകര്യമില്ല. മുൻകാലങ്ങളിൽ വമ്പൻ വെടിക്കെട്ടുകൾ നടന്നിരുന്ന ഉൽസവ പറമ്പുകളിലെല്ലാം ഇപ്പോൾ വീടുകളാണ്. സുരക്ഷിതമായി വെടിക്കോപ്പുകൾ വെക്കാനുള്ള സ്ഥലം പലയിടത്തുമില്ല. എന്നിട്ടും വാശിയോടെ വെടിക്കെട്ട് നടത്തുന്നവരാണ് പല ഉൽസവ കമ്മിറ്റികളും. ഇതിനായി സ്വാധീനമുപയോഗിച്ച് അനുമതി വാങ്ങുകയും ചെയ്യും. മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ അപകടകരമായ വെടിക്കെട്ടുകൾക്ക് അനുമതിക്കായി ശുപാർശ ചെയ്യുകയും ചെയ്യും. ഉൽസവ കമ്മിറ്റിക്കാരെ പിണക്കിയാൽ നഷ്ടപ്പെടുന്ന വോട്ടുകളെ കുറിച്ചുള്ള ചിന്തയാണ് രാഷ്ട്രീയക്കാരുടെ ഈ തീക്കളിക്ക് പിന്നിൽ. വെടിക്കോപ്പുകൾ തയാറാക്കുന്നതിലും സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാറില്ല. പലയിടത്തും താൽക്കാലിക വെടിമരുന്നു നിർമാണ ശാലകൾ തന്നെ അപ്പാടെ പൊട്ടിത്തെറിക്കുന്നു.
ആഘോഷങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് മാറ്റുന്നത് ആശാസ്യമല്ല. ഓരോ ഉൽസവങ്ങൾക്കും കോടിക്കണക്കിന് രൂപ പാഴാക്കുന്നുവെന്ന തെറ്റിന് പിന്നാലെയാണ് മനുഷ്യ ജീവന് വില കൽപിക്കാതെയുള്ള ഇത്തരം പരീക്ഷണങ്ങൾ. ഓരോ ദേശത്തും ആഘോഷങ്ങൾ ആരംഭിച്ചത് സാമൂഹ്യമായ ചില ലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടായിരുന്നു. ആ ദേശത്തെ കുടുംബാംഗങ്ങളുടെ ഒത്തു കൂടൽ ഇതിൽ പ്രധാനമായിരുന്നു. ബന്ധുക്കളെയെല്ലാം ക്ഷണിച്ച് വീട്ടിൽ ഉൽസവ നാളിൽ ഒത്തുകൂടുന്നത് ആഹ്ലാദം പകരുന്ന അനുഭവമാണ്. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള അവസരങ്ങളാണിത്. ഭക്ഷ്യവസ്തുക്കളുൾപ്പടെയുള്ള ഉൽപന്നങ്ങൾ ലഭിക്കുന്ന ചന്തകളുടെ സമയം കൂടിയാണ് ഇത്തരം ഉൽസവ നാളുകൾ. അന്യനാടുകളിലെ ഉൽപന്നങ്ങൾ വാങ്ങാനുള്ള അപൂർവമായ അവസരം. എന്നാൽ ഇന്ന് ഏത് ഗ്രാമത്തിലും ഏത് ഉൽപന്നവും ലഭിക്കുമെന്നായതോടെയും ബന്ധുക്കളെ കാണാൻ ഇന്റർനെറ്റും വാഹന സൗകര്യവും വർധിക്കുകയും ചെയ്തതോടെ ഇത്തരം ആഘോഷങ്ങളും ലക്ഷ്യങ്ങളിൽ മാറ്റം വന്നു. പുതിയ കാലം പണമെറിഞ്ഞ് ആഘോഷിക്കാനുള്ളതായി മാറിയിരിക്കുന്നു. ഇതിനിടയിൽ മനുഷ്യന്റെ സുരക്ഷയെ കുറിച്ചുള്ള ചിന്തകൾ മാഞ്ഞുപോകുന്നു. ഉൽസവങ്ങൾ ജനങ്ങളുടെ സുരക്ഷയെ കൂടി മുൻനിർത്തിയുള്ളതാകണം. സുരക്ഷ മാനദണ്ഡങ്ങളിൽ വെള്ളം ചേർത്ത് ആഘോഷങ്ങൾക്ക് അനുമതി നൽകുന്നത് മനുഷ്യ ജീവൻ പണയം വെച്ചുള്ള ആഘോഷമായി മാറും.






