യാമ്പു- സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) യാമ്പു സെൻട്രൽ കമ്മിറ്റി 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു. സമസ്ത ഇസ്ലാമിക് സെന്റർ ഹാളിൽ നടന്ന പരിപാടി എസ്.ഐ.സി മദീന പ്രോവിൻസ് പ്രസിഡന്റ് ഡോ. ഷഫീഖ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ മഹത്തായ പരമ്പര്യത്തെ തകർത്തുകൊണ്ടിരിക്കുന്ന പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ മാനവ സൗഹാർദം കെടാതെ സൂക്ഷിക്കാനും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനും കഴിയേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.സി യാമ്പു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കരീം താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഹനീഫ ഒഴുകൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അഷ്റഫ് ഉസ്താദ് കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടന പ്രതിനിധികളായ നാസർ നടുവിൽ, മുസ്തഫ മൊറയൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി, അനീസുദ്ദീൻ ചെറുകുളമ്പ് സംസാരിച്ചു. റഫീഖ് ഉസ്താദ് പ്രാർഥന നടത്തി. ശറഫുദ്ദീൻ ഒഴുകൂർ സ്വാഗതവും മൂസാൻ കണ്ണൂർ നന്ദിയും പറഞ്ഞു.






