ജിദ്ദ- മലർവാടി ബാലസംഘം ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ബാലോത്സവം 2023 ഫെബ്രുവരി 10 ന് വെള്ളിയാഴ്ച നടക്കും. ഇതിന്റെ വിശദാംശങ്ങൾ കുട്ടികൾ തന്നെ വാർത്ത സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഇത്തരമൊരു വാർത്ത സമ്മേളനം ജിദ്ദയിൽ ഇതാദ്യമായിരുന്നു. അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങൾക്ക് അവരുടെ കലാ കായിക സർഗാത്മക കഴിവുകൾ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് മലർവാടി അംഗങ്ങളായ കുട്ടികൾ അറിയിച്ചു.
'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന പേരിൽ ഉച്ചക്ക് രണ്ട് മുതൽ ജിദ്ദ അശുരൂഖിലെ ദുർറ വില്ലയിലാണ് ബാലോത്സവം. കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന 40 ഓളം ഇനങ്ങളിലുള്ള മത്സരങ്ങൾ ബാലോത്സവ ഭാഗമായി ഉണ്ടാകും. 300 ഓളം കുട്ടികൾ പങ്കെടുക്കും. കെ.ജി മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പരിപാടികളിൽ പങ്കെടുക്കുക്കാൻ അവസരം നൽകുക. രണ്ടര മണിക്കൂർ സമയപരിധിയിൽ പരമാവധി മത്സരങ്ങളിൽ ഭാഗഭാക്കാവുകയും പരമാവധി സ്കോർ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. ഓരോ ഇനങ്ങളിലും കൂടുതൽ സ്കോർ നേടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക സമ്മാനവും മത്സരത്തിൽ പങ്കെടുത്ത് സ്കോർ ചെയ്യുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകും. കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് പ്രത്യേക പാരന്റിംഗ് സെഷനും ഒരുക്കിയിട്ടുണ്ട്. മലർവാടി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ബാലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0559368442 (ഹസീബ്) നമ്പറിൽ ബന്ധപ്പെടാം.
വാർത്ത സമ്മേളനത്തിൽ മലർവാടി അംഗങ്ങളായ റൂഹി നജ്മുദ്ദീൻ, അദീന തൗഫീഖ്, റംസി ഷഫീഖ്, അമീൻ അഹമ്മദ്, അയാൻ അബ്ദുൽ മജീദ്, മലർവാടി ഉപ രക്ഷാധികാരി കെ.എം. അനീസ്, പ്രോഗ്രാം കൺവീനർ നൗഷാദ് നിഡോളി എന്നിവർ പങ്കെടുത്തു.






